ശരീരത്തിൽ ബോംബു ഘടിപ്പിച്ച് ജനക്കൂട്ടത്തിന് നേരെ കാർ ഇടിച്ചുകയറ്റി; മാഞ്ചസ്റ്ററിലെ ജൂത ദേവാലയത്തിന് സമീപമുണ്ടായത് ഭീകരാക്രമണമെന്ന് പൊലീസ്, അക്രമിയെ തിരിച്ചറിഞ്ഞു
text_fieldsലണ്ടൻ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് സമീപമുണ്ടായത് ഭീകരാക്രമണമെന്ന് പൊലീസ്. ആക്രമി സിറിയൻ വംശജനായ ബ്രിട്ടീഷ് പൗരൻ ജിഹാദ് അൽ-ഷാമിയാണെന്ന്(35) ബ്രിട്ടീഷ് ഭീകരവിരുദ്ധ പൊലീസ് സ്ഥിരീകരിക്കുന്നു. ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അക്രമിയെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. അക്രമത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ 60വയസുള്ള ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മാഞ്ചസ്റ്ററിലെ ക്രംപ്സാളിൽ ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രഗേഷൻ ദേവാലയത്തിനു മുന്നിൽ ശരീരത്തിൽ ബോംബു ഘടിപ്പിച്ച അക്രമി വ്യാഴാഴ്ച രാവിലെ 9.30ഓടെ കാൽനട യാത്രക്കാർക്കുനേരെ കാർ ഇടിച്ചുകയറ്റുകയായിരുന്നു.
ഇവിടെയുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ വെടിവെച്ചുകൊന്നു. ആക്രമണ സമയത്ത് നിരവധി പേർ ദേവാലയത്തിനുള്ളിൽ പ്രാർഥനയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ആക്രമണത്തിനു പിന്നാലെ വിശ്വാസികളെ ഒഴിപ്പിച്ചു. ബ്രിട്ടനിൽ ജൂതവിരുദ്ധ ആക്രമണങ്ങൾ സമീപകാലത്തായി വർധിച്ചുവരുകയാണ്.
ജൂത പാപപരിഹാര ദിനമായ യോം കിപ്പൂരിലാണ് ആക്രമണം നടന്നത്. സിനഗോഗുകളിൽ പതിവായി പോകാത്തവർ ഉൾപ്പെടെ നിരവധി ജൂതർ പ്രാർഥിക്കാനായി സിനഗോഗിലെത്തുന്ന ദിവസമാണിത്.
മാഞ്ചസ്റ്റർ സിറ്റി കൗൺസിലിന്റെ കണക്കനുസരിച്ച്, ഏകദേശം 18,000 ആളുകൾ താമസിക്കുന്ന ഒരു പ്രാന്തപ്രദേശമാണ് ക്രംപ്സാൽ. 1967 മുതൽ ക്രംപ്സാലിൽ പ്രവർത്തിക്കുന്ന ദേവാലയത്തിലാണ് ആക്രമണം ഉണ്ടായത്.

