അഫ്ഗാനിലെ ഇന്റർനെറ്റ് മുടക്ക് സ്ഥിരീകരിച്ചും നിഷേധിച്ചും റിപ്പോർട്ട്
text_fieldsകാബൂൾ: ദിവസങ്ങൾക്കു മുമ്പ് അഫ്ഗാനിസ്താനിൽ ഇന്റർനെറ്റ് സേവനം മുടങ്ങിയതുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചും നിഷേധിച്ചും റിപ്പോർട്ടുകൾ. രാജ്യത്തെ പഴകിയ ഫൈബർ ഓപ്റ്റിക് കാബിളുകൾ മാറ്റുന്ന സാഹചര്യത്തിലാണ് ഇന്റർനെറ്റ് മുടക്കമെന്ന് താലിബാൻ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് വന്നിരുന്നു. ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ് വഴി പാകിസ്താനിലെ മാധ്യമപ്രവർത്തകർക്ക് താലിബാൻ വാർത്ത കൈമാറാറുണ്ട്. ഇതേ ഗ്രൂപ്പിനു സമാനമായ മറ്റൊന്നിലാണ് വാർത്ത വന്നതെന്നാണ് കണ്ടെത്തിയത്. കുറിപ്പിനു പിന്നാലെ സന്ദേശമയച്ചയാളെ സംബന്ധിച്ച് വിവരങ്ങളില്ലാതായത് വ്യാജമാണെന്ന് തെളിയിച്ചു. ഈ വ്യാജ സന്ദേശത്തിന് മണിക്കൂറുകൾ കഴിഞ്ഞ് താലിബാൻ നൽകിയ ഔദ്യോഗിക പ്രതികരണത്തിൽ മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിച്ചുവരുകയാണെന്ന് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ ഇന്റർനെറ്റ് സേവനം മുടങ്ങിയത് ബാങ്കിങ്, വാണിജ്യ, വ്യോമയാന മേഖലകളെ ബാധിച്ചിരുന്നു. ധാർമികത പറഞ്ഞ് താലിബാൻ ഭരണകൂടം അഫ്ഗാനിൽ ഇന്റർനെറ്റ് സേവനം മുടക്കിയെന്നാണ് സൂചന. മതിയായ വിശദീകരണമില്ലാതെ സേവനം നിർത്തിവെക്കുകയായിരുന്നുവെന്ന് യു.എൻ വക്താവ് സ്റ്റീഫൻ ദുജാരിച്ച് പറഞ്ഞു. രണ്ടുദിവസം പൂർണമായി മുടങ്ങിയ ഇന്റർനെറ്റ് സേവനം നിലവിൽ ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

