വരുന്നു, ഗസ്സക്ക് പുതിയ വൈസ്രോയി
text_fieldsഗസ്സയുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതി നടപ്പായാൽ കോളനി വാഴ്ചയുടെ പുതിയ രൂപമാകും ഗസ്സയിൽ നടപ്പാവുക. ആത്യന്തികമായി വെസ്റ്റ്ബാങ്കിനെയും ഗസ്സയെയും രണ്ടു പ്രത്യേക ഭൂഭാഗമായി പരിഗണിച്ച്, ഏകീകൃത ഫലസ്തീൻ രാഷ്ട്രം അപ്രസക്തമാക്കുകയെന്ന ദീർഘകാല ഇസ്രായേലി ഗൂഢപദ്ധതിക്ക് വഴിവെട്ടുകയെന്നത് മാത്രമായിരിക്കില്ല, ഫലസ്തീനിയുടെ സ്വയം നിർണയാവകാശത്തെ നിഷേധിക്കുന്നതുമാകും അത്.
പ്രത്യക്ഷത്തിൽതന്നെ ഇസ്രായേലി പക്ഷപാതിയായ, യുദ്ധക്കുറ്റങ്ങളിൽ ആരോപണവിധേയനായി രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും നിന്നും നിഷ്ക്രമിച്ചുകൊണ്ടിരുന്ന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെ ഗസ്സയുടെ ‘വൈസ്രോയി’ ആയി നിയോഗിക്കാനുള്ള നീക്കം നിഷ്കളങ്കമല്ല.
ഒന്നാം ലോകയുദ്ധാനന്തരം 1920 ജൂലൈ ഒന്നിന് സർ ഹെർബർട്ട് സാമുവലിൽ തുടങ്ങി, ’48 മേയ് 14ന് ലെഫ്. ജനറൽ സർ അലൻ കണ്ണിങ്ഹാമിൽ അവസാനിച്ച ഫലസ്തീനിലെ ബ്രിട്ടീഷ് ഹൈകമീഷണർ വാഴ്ചയുടെ തുടർച്ചക്കാണ് അരങ്ങൊരുങ്ങുന്നത്. യു.എസിന്റെയും ഇസ്രായേലിന്റെയും കാർമികത്വത്തിൽ അവരുടെ അജണ്ട നടപ്പാക്കാനുള്ള ഒരു ഉപകരണമായി ബ്ലെയർ അവതരിപ്പിക്കപ്പെടുകയാണ്.എന്നും യു.എസിന്റെ ജൂനിയർ പങ്കാളിയായി മാത്രം നിന്നിരുന്ന ബ്ലെയറിന് പ്രസിഡന്റ് ജോർജ് ബുഷിനൊപ്പം അഫ്ഗാനിലും ഇറാഖിലും യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിരുന്നില്ല.
മുൻഗാമിയായിരുന്ന മാർഗരറ്റ് താച്ചറെപ്പോലെ പ്രത്യേകിച്ചൊരു ഭരണതത്ത്വമോ ന്യായചിന്തയോ ഉള്ളയാളായിരുന്നില്ല ബ്ലെയർ. എന്താണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള പ്രചോദനം എന്ന ചോദ്യത്തിനുള്ള പഴയൊരു ഉത്തരത്തിൽ ബ്ലെയറിന്റെ തത്ത്വദർശനം വ്യക്തമാകും:‘‘നിങ്ങളുടെ ചുറ്റുമുള്ള ലോകത്തെ നോക്കുക. എല്ലാം പിഴവിലാണെന്ന് ചിന്തിക്കുക. അതെല്ലാം ശരിപ്പെടുത്തണമെന്ന് കരുതുക’’. അതായത് പ്രത്യേകിച്ച് ഒരു ഗുണദോഷ വിചിന്തനവുമില്ലാതെ സ്വകേന്ദ്രീകൃതമായ ചിന്ത.
യു.എസിന് വഴങ്ങി ഇറാഖിലേക്ക് പട്ടാളത്തെ അയച്ചതാണ് ബ്ലെയറിന്റെ കരിയറിലെ ഏറ്റവും കറുത്ത അധ്യായമായി കണക്കാക്കപ്പെടുന്നത്. ബ്ലെയറിനെതിരെ ഭരണത്തിലും നിരത്തിലും വലിയ പ്രതിഷേധമുണ്ടായി. 50ലേറെ ബ്രിട്ടീഷ് നയതന്ത്രജ്ഞർ ബ്ലെയറിനെതിരെ പ്രസ്താവന ഇറക്കി. 2004 ഏപ്രിലിൽ പുറത്തുവിട്ട ആ തുറന്ന കത്തിൽ ഇറാഖിലെയും ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിലെയും യു.എസ് നയങ്ങളും അതിനുള്ള ബ്രിട്ടീഷ് പിന്തുണയും പരാജയപ്പെടുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. 21 വർഷം മുമ്പുള്ള ആ പ്രവചനം സത്യമായി പുലരുന്നതാണ് കഴിഞ്ഞ വർഷങ്ങളിൽ കണ്ടത്.
ഇറാഖി അധിനിവേശത്തിൽ ബ്ലെയറിന്റെ പിന്തുണ സംബന്ധിച്ച് പിന്നീട് സർക്കാർ തലത്തിൽ അന്വേഷണം ഉണ്ടായിരുന്നു. അതിൽ സദ്ദാമിന്റെ ആയുധങ്ങൾ, ഉയർത്തുന്ന ഭീഷണി എന്നിവ സംബന്ധിച്ച് അദ്ദേഹം ഉന്നയിച്ച വാദങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന് കണ്ടെത്തി. അങ്ങനെ ഒരു ആവശ്യവുമില്ലാതെ ഇറാഖിലെ ആയിരക്കണക്കിന് മനുഷ്യരെ കുരുതികൊടുക്കുന്നതിന് നേതൃത്വം നൽകിയ മനുഷ്യനെയാണ് ഗസ്സ ‘സമാധാന പദ്ധതി’യുടെ അമരത്തേക്ക് ആനയിച്ചുകൊണ്ടുവരുന്നത്.
പ്രധാനമന്ത്രി പദത്തിൽനിന്ന് വിരമിച്ച ശേഷം, 2007ൽ യു.എന്നിന്റെ നേതൃത്വത്തിൽ ഫലസ്തീൻ സമ്പദ്ഘടനയെയും സ്ഥാപനങ്ങളെയും നവീകരിക്കുന്നതിനുള്ള പ്രത്യേക ദൗത്യത്തിന്റെ മേധാവിയായി ബ്ലെയർ വന്നു. യു.എന്നിന് പുറമേ, യു.എസ്, യൂറോപ്യൻ യൂനിയൻ, റഷ്യ എന്നിവ ചേർന്ന ‘ക്വാർട്ടെറ്റ്’ ആയിരുന്നു ദൗത്യത്തിന് പിന്നിൽ. പ്രത്യക്ഷമായി തന്നെ ഇസ്രായേലി ലൈൻ സ്വീകരിച്ച ബ്ലെയറിനോട് ഫലസ്തീനികൾക്ക് കടുത്ത അതൃപ്തിയായിരുന്നു.
എട്ട് നിഷ്ഫലമായ വർഷങ്ങൾക്കൊടുവിൽ 2015ൽ അദ്ദേഹം ആ പദവി ഒഴിഞ്ഞു. ഇരുരാഷ്ട്ര പരിഹാരം എന്നത് കൂടുതൽ വിദൂരമായ സ്വപ്നമായി മാറ്റുന്നതിൽ ആ വർഷങ്ങളിൽ ബ്ലെയർ വഹിച്ച പങ്ക് ചെറുതല്ല. ഇസ്രായേലിനെ തൃപ്തിപ്പെടുത്തുകയെന്ന ഏക അജണ്ടയിൽ പ്രവർത്തിച്ചതിനാലാണ് ഒരുനേട്ടവും കൈവരിക്കാൻ ബ്ലെയറിന് കഴിയാത്തതെന്ന് ഫലസ്തീൻ അതോറിറ്റിയിലെ മുൻ നയതന്ത്രജ്ഞൻ നബീൽ ശാത് പറയുന്നു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച നിലവിലെ ബ്രിട്ടീഷ് ഗവൺമെന്റ് നടപടിയോടും ബ്ലെയർ യോജിക്കുന്നില്ല. വിയോജിപ്പ് പരസ്യമായി പറഞ്ഞിട്ടില്ല എന്നേയുള്ളു.
2015ൽ പശ്ചിമേഷ്യയിലെ ഔദ്യോഗിക പദവി ഒഴിഞ്ഞ ശേഷമാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രമായ ‘ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചേഞ്ച്’ (ടി.ബി.ഐ) എന്ന എൻ.ജി.ഒക്ക് രൂപം നൽകുന്നത്. ലണ്ടൻ ആസ്ഥാനമായ, 750 ലേറെ ജീവനക്കാരുള്ള വിപുലമായ സംവിധാനമാണ് ടി.ബി.ഐ. പശ്ചിമേഷ്യയാണ് സംഘടനയുടെ പ്രധാന താൽപര്യ മേഖല.
യു.എസിൽ ട്രംപ് രണ്ടാമതും അധികാരമേറ്റ ദിവസങ്ങൾ തൊട്ട് ഗസ്സ വിഷയത്തിൽ ടി.ബി.ഐ ഉപജാപങ്ങൾ സജീവമാക്കിയിരുന്നു. മാസങ്ങൾക്കുമുമ്പ് ഫിനാൻഷ്യൽ ടൈംസ് പത്രം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ടി.ബി.ഐയുടെ ജീവനക്കാർ ഗസ്സയുടെ പുനർനിർമാണത്തിനുള്ള പദ്ധതി എന്നേ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പ്രദേശം വിട്ടുപോകാൻ ഗസ്സക്കാർക്ക് പണം നൽകുന്നതുൾപ്പെടെയുള്ള നീക്കങ്ങളാണത്രെ ആലോചനയിലുള്ളത്.
‘സ്വാഗതം ചെയ്യപ്പെടാത്ത അതിഥി’യാണ് ബ്ലെയർ എന്നാണ് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗമായ ഹുസാം ബദ്റാൻ അൽജസീറക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത്. ‘‘ഈ മനുഷ്യനുമായി ബന്ധപ്പെട്ട ഏതു പദ്ധതിയും ഫലസ്തീൻ ജനതക്ക് ദുശ്ശകുനമേ ആകുള്ളു.’’ -ബദ്റാൻ കൂട്ടിച്ചേർത്തു.

