യുക്രെയ്നിലെ ആണവ നിലയങ്ങൾക്കെതിരായ ആക്രമണം ആഗോള ഭീഷണി -സെലൻസ്കി
text_fieldsകിയവ്: യുക്രെയ്ൻ വൈദ്യുതി വിതരണ സംവിധാനത്തിൽ തുടർച്ചയായുണ്ടായ റഷ്യൻ ഡ്രോണാക്രണം രാജ്യത്തെ ആണവ സംവിധാനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നതായി യുക്രെയ്ൻ.
റഷ്യൻ ഡ്രോണാക്രമണത്തെ തുടർന്ന് 1986ലെ ചെർണോബിൽ ആണവ ദുരന്ത മേഖലയിൽ മൂന്ന് മണിക്കൂറിലധികം വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ചെർണോബിലോ റഷ്യൻ അധീനതയിലുള്ള സപോരിഷിയ ആണവ നിലയമോ നിലവിൽ പ്രവർത്തിക്കുന്നില്ലെങ്കിലും ഇന്ധനക്കമ്പികൾ തണുപ്പിക്കാനും അണുവികിരണം തടയാനും ഇവിടേക്ക് സ്ഥിരമായ വൈദ്യുതി വിതരണം ആവശ്യമാണ്.
ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയുടെ വികിരണ നിരീക്ഷണ സംവിധാനങ്ങളെയും വൈദ്യുതി തടസ്സം ബാധിച്ചു.
റഷ്യ മനഃപൂർവം ആണവ സുരക്ഷയെ അപകടത്തിലാക്കുകയാണെന്നും യുക്രെയ്നിന്റെ ആണവ നിലയങ്ങൾക്കെതിരായ ഓരോ ആക്രമണവും ആഗോള ഭീഷണി ഉയർത്തുന്നതാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി മുന്നറിയിപ്പ് നൽകി.

