പവർ സ്റ്റേഷൻ
text_fields‘അവന്റെ തലയ്ക്കകത്ത് ഒന്നുമില്ല’, ‘നിന്റെ തലക്കകത്ത് തലച്ചോറോ അതോ ചകിരിച്ചോറോ?’ പലപ്പോഴും പലരും കേൾക്കേണ്ടി വരുന്ന കമന്റുകളാണ്. അതേ വാചകം ഹരിയേട്ടനിൽ നിന്ന് അനിക്കുട്ടനും കേൾക്കേണ്ടി വന്നു. എന്നാൽ ശാസ്ത്ര കുതുകിയായ അനിക്കുട്ടൻ അങ്ങനെ വിട്ടു കൊടുക്കാൻ തയാറായില്ല. അവൻ തലച്ചോറിനെക്കുറിച്ച് വിശദമായി തന്നെ ഏട്ടന് പറഞ്ഞു കൊടുത്തു.
നമ്മുടെയൊക്കെ നാഡീവ്യവസ്ഥയുടെ കേന്ദ്രമാണ് തലച്ചോർ അഥവാ മസ്തിഷ്കം. മസ്തിഷ്കവും സുഷുമ്ന നാഡിയും ചേർന്നാണ് കേന്ദ്ര നാഡീവ്യൂഹം നിർമ്മിക്കപ്പെടുന്നത്. നട്ടെല്ലുള്ള എല്ലാ ജീവജാലങ്ങൾക്കും ഭൂരിഭാഗം വരുന്ന നട്ടെല്ലില്ലാത്ത ജീവികൾക്കും മസ്തിഷ്കമുണ്ട്. എന്നാൽ ജെല്ലിഫിഷ്, നക്ഷത്ര മത്സ്യം പോലുള്ള ചില ജീവികളിൽ മസ്തിഷ്കമില്ലെന്നും കാണാനാകും.
മനുഷ്യ മസ്തിഷ്കം
ആകെ ശരീരഭാരത്തിന്റെ രണ്ട് ശതമാനം മാത്രമാണ് മസ്തിഷ്കത്തിന് ഭാരമെങ്കിലും മനുഷ്യന്റെ സകല പ്രവർത്തനങ്ങളുടെയും പവർ സ്റ്റേഷനായി പ്രവർത്തിക്കുന്ന അതി സങ്കീർണ ഘടനയാണിതിനുള്ളത്. പേശീചലനങ്ങളെ നിയന്ത്രിക്കുകയാണ് മസ്തിഷ്കത്തിന്റെ പ്രാഥമിക ചുമതല.
കട്ടിയുള്ള എല്ലുകളുടെ സംരക്ഷണ വലയത്തിലാണ് മസ്തിഷ്കം നിലകൊള്ളുന്നത്. ശരാശരി 1.5 കിലോഗ്രാം ഭാരമുള്ള മനുഷ്യ മസ്തിഷ്കത്തിൽ ഏകദേശം 10,000 കോടി നാഡീകോശങ്ങളാണുള്ളത്. ഓരോ നാഡീകോശവും 1,000 മുതല്‍ 10,000 വരെ സിനാപ്സ് ബന്ധങ്ങള്‍ വഴി മറ്റ് നാഡീകോശങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ‘ആക്ഷൻ പൊട്ടെൻഷ്യൽ’ എന്ന് വിളിക്കുന്ന സിഗ്നൽ തുടിപ്പുകളെ തലച്ചോറിന്റേയോ ശരീരത്തിന്റേയോ വിവിധ ഭാഗങ്ങളിലുള്ള കോശങ്ങളിലെത്തിക്കുന്നത് ഈ സിനാപ്സ് ബന്ധങ്ങളാണ്. ആക്സോണുകൾ എന്ന പ്രോട്ടോപ്ലാസ്മിക് നാരുകൾ വഴിയാണ് ഇത് സാധ്യമാക്കുന്നത്. ചുരുക്കത്തിൽ അത്യാധുനിക കമ്പ്യൂട്ടർ ശൃംഖലകളെ പോലും വെല്ലുന്ന തരത്തിലാണ് മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനമെന്ന് നിസംശയം പറയാം. നമ്മൾ ഉണർന്നിരിക്കുമ്പോൾ മാത്രമല്ല ഉറങ്ങുമ്പോഴും മസ്തിഷ്കം വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാനും കാര്യങ്ങൾ മനസിലാക്കാനും നമ്മളെ സഹായിക്കുന്നത് മസ്തിഷ്കമാണ്. തലച്ചോറിന്റെ വലത്തെ പകുതി ശരീരത്തിന്റെ ഇടതുഭാഗത്തെ പ്രവർത്തനങ്ങളേയും ഇടതു പകുതി ശരീരത്തിന്റെ വലതുഭാഗത്തെ പ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്നു. ശരീരത്തില്‍ മസ്തിഷ്കത്തെ പോലെ കൊഴുപ്പടങ്ങിയ മറ്റൊരു ഭാഗമില്ല. 60 % കൊഴുപ്പാണ് മസ്തിഷ്കത്തിലുള്ളത്.
സെറിബ്രവും സെറിബെല്ലവും
മസ്തിഷ്കത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ് സെറിബ്രവും സെറിബെല്ലവും. തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗമാണ് സെറിബ്രം. മനുഷ്യ മസ്തിഷ്കത്തിന്റെ ആകെ ഭാരത്തിന്റെ 80% സെറിബ്രത്തിന്റെതാണ്.
സെറിബ്രത്തെ രണ്ട് അർദ്ധഗോളങ്ങളായി തിരിച്ചിരിക്കുന്നു. സെറിബ്രത്തിൽ പുറംഭാഗത്ത് കാണപ്പെടുന്ന ചാരനിറത്തിലുള്ള ഭാഗത്തെ കോർട്ടക്സ് എന്നും വെളുത്ത നിറത്തിലുള്ള ഉൾഭാഗത്തെ മെഡുല്ല എന്നും വിളിക്കുന്നു. മനുഷ്യ മസ്തിഷ്കത്തിലെ പ്രധാന ഘടകമായ സെറിബെല്ലമാണ് കൃത്യത, ഏകോപനം എന്നിവയെ നിയന്ത്രിക്കുന്നത്.
സെറിബെല്ലം ന്യൂറോണുകളാൽ സമ്പുഷ്ടമാണ്. അതിന്റെ ഉപരിതല വിസ്തീർണ്ണം സെറിബ്രത്തിന്റെ ഉപരിതല വിസ്തീർണ്ണത്തിന്റെ 75 ശതമാനം ആണ്. സെറിബ്രത്തിലേക്കും തിരിച്ചുള്ള ആവേഗങ്ങളെ നിയന്ത്രിക്കുന്നത് തലാമസ് ആണ്. വിശപ്പ് ,ദാഹം എന്നിവയെ നിയന്ത്രിക്കുന്നതാകട്ടെ ഹൈപ്പോതലാമസും.
മസ്തിഷ്കത്തെ ബാധിക്കുന്ന രോഗങ്ങൾ
സ്ട്രോക്ക്
ഡിമൻഷ്യ
അപസ്മാരം
മസ്തിഷ്ക മുഴ
ക്രീറ്റ്സ്ഫെൽഡ്-ജാക്കോബ് രോഗം
മെമ്മറി വിടവുകൾ
തലച്ചോറിലെ രക്തസ്രാവം
മെനിഞ്ചൈറ്റിസ്
മൈഗ്രെയ്ൻ
നൈരാശം
ഫ്രിനോളജി
നാഡിവ്യവസ്ഥയുടെ കേന്ദ്രമായ മസ്തിഷ്കവുമായി ബന്ധപ്പെട്ട പഠന ശാഖയാണ് ഫ്രിനോളജി. 8 വയസ് ആകുമ്പോഴാണ് മസ്തിഷ്കവളർച്ച പൂർണതയിലെത്തുന്നത്. മസ്തിഷ്കത്തിനെ ആവരണം ചെയ്തിരിക്കുന്ന ഭാഗമാണ് മെനിഞ്ചസ്. മെനിഞ്ചസിനുണ്ടാകുന്ന രോഗത്തെയാണ് മെനിഞ്ചൈറ്റിസ് എന്ന് പറയുന്നത്. മസ്തിഷ്കത്തിലെ വെൻട്രിക്കിളുകളിൽ നിറഞ്ഞിരിക്കുന്ന ദ്രാവകത്തെ സെറിബ്രോ സ്പൈനൽ ദ്രവമെന്ന് വിളിക്കുന്നു.
സെറിബ്രോ സ്പൈനൽ ദ്രവത്തിന്റെ ധർമങ്ങൾ
കപാലത്തിനകത്തെ മർദം നിയന്ത്രിക്കുന്നു
മസ്തിഷ്കത്തിനെ ആഘാതങ്ങളിൽ നിന്നും സംരക്ഷിക്കുന്നു
മസ്തിഷ്ക കലകൾക്ക് വേണ്ട ഓക്സിജൻ പ്രദാനം ചെയ്യുന്നു

