കൊടും കാട്, കൊടും വളവ്, കൊടൂര വൈബ്
text_fieldsമലയും പുഴയും കടന്ന് മഴനനഞ്ഞ് പച്ചക്കാട്ടിലൂടെ വെള്ളച്ചാട്ടങ്ങളും മഴമേഘങ്ങളും കണ്ടുള്ള യാത്ര. ഒരു വനയാത്രയിൽ പ്രതീക്ഷിക്കുന്ന കാഴ്ചകളും സാഹസികതയും ഓഫ്റോഡിങ്ങും അടിപൊളി ഫ്രെയിമുകളും മാത്രം നിറഞ്ഞ വഴി. ഓഫ് മൂഡിലാണ് നിങ്ങളെങ്കിൽ ഒന്നും നോക്കണ്ട, നേരെ വിട്ടോ, മാമലക്കണ്ടം നിങ്ങളെ ‘പൊളി മൂഡി’ലാക്കും.
കാഴ്ചകളുടെ കണ്ടാൽ തീരാത്ത കലവറയാണ് മാമലക്കണ്ടം. ഏതു കൊടും കയറ്റത്തിലും ഇടുങ്ങിയ റോഡിലും വാഹനം നിന്നുപോകാതെ, അഥവാ നിന്നാലും വീണ്ടും ചവിട്ടിയെടുക്കാനുമുള്ള കോൺഫിഡൻസ് ഉണ്ടെങ്കിലേ ഈ വഴി ഡ്രൈവിങ് സീറ്റിലിരുന്ന് കയറി വരാവൂ. അല്ലെങ്കിൽ വല്ലപ്പോഴുമുള്ള സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളെയോ ട്രിപ് സഫാരി ജീപ്പുകളെയോ ആശ്രയിക്കുന്നതാകും നല്ലത്.
മാമലകൾക്കപ്പുറത്ത് എന്തുണ്ട്?
പുഴകളും വെള്ളച്ചാട്ടങ്ങളും കണ്ണെത്താദൂരം മലനിരകളും ഒക്കെയായി നാല് ഭാഗവും വനത്താല്‍ ചുറ്റപ്പെട്ട ഗ്രാമമാണ് മാമലക്കണ്ടം. കേരളത്തിലെ വലിയ പഞ്ചായത്തുകളിലൊന്നായ കുട്ടമ്പുഴയുടെ നടുവിൽ പശ്ചിമ ഘട്ടമലനിരകളെ താങ്ങിനിൽക്കുന്ന സുന്ദര വനപ്രദേശം. കുട്ടമ്പുഴയില്‍നിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെയാണിത്.
മുമ്പ് ഇടുക്കി ജില്ലയിലായിരുന്ന കുട്ടമ്പുഴ എറണാകുളത്തേക്ക് ചേർത്തതോടെയാണ് മാമലക്കണ്ടം എറണാകുളം ജില്ലയുടെ സ്വന്തമായത്. കോതമംഗലത്തുനിന്ന് ഏകദേശം ഒരു മണിക്കൂർ ദൂരം തട്ടേക്കാട്, കുട്ടമ്പുഴ, ഉരുളന്തണ്ണി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് മറികടന്ന് യാത്ര ചെയ്താൽ മാമലക്കണ്ടം എത്താം. ഗൂഗിൾമാപ്പിൽ 36.1 കി.മീറ്ററാണ് ദൂരം കാണിക്കുന്നത്. ടൈം ടേബിൾ പ്രകാരം യാത്ര ചെയ്യുന്നവർ ഒരിക്കലും ചൂസ് ചെയ്യാൻ പാടില്ലാത്ത ഡെസ്റ്റിനേഷനാണ് മാമലക്കണ്ടം.
മറ്റൊന്ന് ആവശ്യത്തിലധികം ഇന്ധനം വാഹനത്തിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ പുറപ്പെടാവൂ. കൂടുതൽ സമയം ഫസ്റ്റ്, സെക്കൻഡ് ഗിയറുകളിൽ (മാന്വൽ കാറുകൾക്ക് ബാധകം) മാത്രമേ ഇതുവഴി യാത്ര സാധ്യമാകൂ.
റിവേഴ്സ് ഗിയർ ഈസി ടാസ്കല്ല
കോതമംഗലം വഴി പോകുമ്പോൾ മാമലക്കണ്ടത്തേക്ക് തിരിയുന്ന ആദ്യ ബോർഡ് കടന്ന് ഏതാനും കിലോമീറ്റർ ആയിട്ടും കാര്യമായ കാടും മരങ്ങളുമൊന്നും കാണാനായില്ല. വഴിയരികിൽ കണ്ട ചായക്കടയിൽ കയറി. മാമലക്കണ്ടം റൂട്ടിലെ അവസാന ചായക്കടയായിരുന്നു അതെന്ന് ചായ കുടിച്ച് കഴിഞ്ഞാണ് മനസ്സിലായത്.
അൽപസമയത്തെ യാത്രക്കൊടുവിൽ ഇടത്തേക്ക് ആരോമാർക്കിട്ട് മാമലക്കണ്ടം ബോർഡും കാനന പാതയും ദൃശ്യമായി. മുന്നോട്ടു പോകുന്തോറും വഴി നന്നേ ചുരുങ്ങിവരുന്നത് ഒരുൾക്കിടിലത്തോടെ ആസ്വദിച്ചാണ് ഡ്രൈവ് ചെയ്യുന്നത്. എതിരെ ഒരു ബൈക്ക് വന്നാൽപോലും സൈഡ് ഒതുക്കാൻ ഇടമില്ലാത്ത ഇരുവശവും കട്ടിങ് നിറഞ്ഞ കോൺക്രീറ്റ് റോഡിലേക്ക് കയറിയതോടെ ഭയം അരിച്ചിറങ്ങാൻ തുടങ്ങി. കുത്തനെയുള്ള കയറ്റം കയറുകയാണ്.
വണ്ടിയെങ്ങാനും നിന്നു പോയാൽ അനേകം മീറ്റർ റിവേഴ്സിൽ പോയാലേ ആ കയറ്റം പിന്നീട് എടുക്കാൻ പറ്റൂ. കുത്തനെയുള്ള കയറ്റം കയറവേ എതിരെ വാഹനം വന്നപ്പോൾ മുന്നിൽ പോയ ആളുടെ കാർ ഓഫായി. എത്ര ശ്രമിച്ചിട്ടും വാഹനം പുറകോട്ട് ഉരുളുന്നതല്ലാതെ ഒരിഞ്ച് മുന്നോട്ട് കയറുന്നതേയില്ല. ബാക്ക് ടയറിന് പിറകിൽ കല്ല് വെച്ച് നോക്കുന്നു, ഹാൻഡ് ബ്രേക്കിട്ട് ഒരു പിടി പിടിക്കുന്നു.
നോ രക്ഷ! ഡ്രൈവർ വിയർത്തുകുളിച്ച് സുല്ലിട്ടതോടെ ഇറക്കം ഇറങ്ങി വന്ന എതിർ വാഹനത്തിന്റെ ഡ്രൈവർ ഇറങ്ങി വന്ന് കൈ വെച്ചതോടെയാണ് വാഹനം എടുക്കാനായതും പുറകിൽ ഉണ്ടായിരുന്ന ഞങ്ങളുടെ ‘വാഹനത്തിന്റെ ശ്വാസം’ നേരെ വീണതുമെന്ന് പറയാം.
തോട്ടിലൂടെ കാറോടിക്കാം
ആദിവാസി കുടികൾ ഉൾപ്പെടുന്ന മാമലക്കണ്ടം മേഖലയിലുള്ളവർക്ക് പഞ്ചായത്ത് ആസ്ഥാനമായ കുട്ടമ്പുഴയിൽ എത്തിച്ചേരാനുള്ള ഏക വഴിയാണ് പന്തപ്ര-മാമലക്കണ്ടം റോഡ്. ഈ റോഡിലെ തകർന്ന കൂട്ടിക്കുളം പാലം പുനർനിർമിച്ചെങ്കിലും പാലത്തിലേക്ക് പ്രവേശിക്കുന്ന അപ്രോച് റോഡ് നിർമാണം പൂർത്തിയാകാത്തത് ദുരിതമായി തുടരുകയാണ്.
താഴെയുള്ള തോട് വഴിയാണ് വാഹനങ്ങൾ കയറിയിറങ്ങി പോകുന്നത്. ഈ റോഡില്ലാതായാൽ മാമലക്കണ്ടത്തുള്ളവർക്ക് കുട്ടമ്പുഴയിലെത്താൻ 12 കിലോമീറ്റർ സഞ്ചരിക്കേണ്ടിടത്ത് 65 കിലോമീറ്റർ സഞ്ചരിക്കേണ്ട അവസ്ഥയാകും. കനത്ത മഴക്കാലത്ത് തോട് കരകവിഞ്ഞൊഴുകുന്ന സന്ദർഭങ്ങളിൽ മേഖലയിലെ താമസക്കാർ ഒറ്റപ്പെടും. റിസ്കെടുക്കാതെ തോട് മറികടന്ന് മണ്ണിട്ട കുത്തനെയുള്ള കയറ്റം മറികടന്നാണ് ഞങ്ങൾ നേര്യമംഗലം ലക്ഷ്യമാക്കി നീങ്ങിയത്. സമയം വൈകീട്ട് അഞ്ചര കഴിഞ്ഞു.
കോടമഞ്ഞും ചാറ്റൽമഴയും കൊടൂര അന്തരീക്ഷവും കൊടും വനവും നിറഞ്ഞ ആ വഴിയിൽ ഒരിടത്തും നിർത്താൻ തോന്നിയില്ല. ഭയാനകതയും കുളിർമയും ഒരേ സമയം വേണ്ടുവോളം അനുഭവിപ്പിച്ച മനോഹര യാത്ര.
വൈറൽ സ്കൂൾ
മാമലക്കണ്ടം യാത്രയിലെ വൈറൽ ഹിറ്റ് കാഴ്ചയാണ് സ്വന്തമായി വെള്ളച്ചാട്ടമുള്ള നാലുവശവും മലകളാല്‍ ചുറ്റപ്പെട്ട അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂള്‍.
മാമലക്കണ്ടം പോയി എന്നതിന് തെളിവായി ആളുകൾ ഫോട്ടോക്ക് പോസ് ചെയ്യുന്ന ഇടം കൂടിയാണിത്. വിദ്യാലയ കമാനത്തിൽ നിന്ന് ഏകദേശം നൂറു മീറ്ററിനപ്പുറം കാണാം എളംബ്ലാശ്ശേരി പെരുവര മലയുടെ താഴ്വാരത്ത് മലയെ രണ്ടായി പിളർത്തിയൊഴുകുകയാണെന്ന് തോന്നിപ്പിക്കുന്ന എളംബ്ലാശ്ശേരി വെള്ളച്ചാട്ടം.
പുഴ നിറഞ്ഞൊഴുകുന്ന സമയമല്ലാത്തപ്പോൾ ഈ പുഴയിലൂടെ ജീപ്പ് യാത്ര സാധ്യമാകും. പുഴയിലൂടെ നടന്നും വെള്ളച്ചാട്ടത്തിന് അരികിലെത്താം. മഴക്കാലത്ത് പാറകളിൽ വഴുവഴുപ്പും പുഴയിൽ ഒഴുക്കുമാണെങ്കിൽ സാഹസത്തിന് മുതിരാതിരിക്കുക. സെല്‍ഫിയെടുക്കലും സിനിമ-സീരിയല്‍ ഷൂട്ടിങ്ങും വിശേഷങ്ങള്‍ ചോദിക്കലുമായി അവധി ദിവസങ്ങളിലുൾെപ്പടെ തിരക്കാണ് ഈ ‘ഗ്ലാമർ’ സ്കൂൾ പരിസരം.
അടുത്തുള്ള പ്രദേശങ്ങൾ
- ഭൂതത്താൻകെട്ട് ഡാം, റിസർവോയർ, ബോട്ടിങ്, കുട്ടികളുടെ പാർക്ക്
- തട്ടേക്കാട് പക്ഷി സങ്കേതം
- പിണ്ടിമേട് വെള്ളച്ചാട്ടം
- ചീയപ്പാറ വെള്ളച്ചാട്ടം
- വടാട്ടുപാറ വെള്ളച്ചാട്ടം
- ചാമപ്പാറ വെള്ളച്ചാട്ടം
- എളംബ്ലാശ്ശേരി വെള്ളച്ചാട്ടം
- പൂയംകുട്ടി
- കുട്ടമ്പുഴ
- മാമലക്കണ്ടം ഓഫ് റോഡ് ജീപ്പ് സഫാരി
- ഇഞ്ചത്തൊട്ടി തൂക്കുപാലം
- മുനിപ്പാറ
- ചാരുപ്പാറ
- മാങ്കുളം
എങ്ങനെ എത്തിപ്പെടാം
കുട്ടമ്പുഴയാണ് കോതമംഗലത്ത് നിന്ന് വരുമ്പോൾ മാമലക്കണ്ടം എത്താനുള്ള പ്രധാന ലാൻഡ് മാർക്ക്. കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ജനപ്രിയ ഡെസ്റ്റിനേഷനുകളിലൊന്നാണ് മാമലക്കണ്ടം. സുരക്ഷിതമായും ചെലവ് കുറഞ്ഞും മാമലക്കണ്ടത്ത് പോകാന്‍ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ് ഈ കെ.എസ്.ആര്.ടി.സി പാക്കേജ്.
ഏതു സീസണിലും വരാൻ പറ്റിയ സ്ഥലമാണിത്. കൊച്ചി-ധനുഷ്കോടി ദേശീയപാത വഴി നേര്യമംഗലത്തിനും വാളറക്കുമിടയിലെ ആറാം മൈലിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് പഴംപള്ളിച്ചാൽ (ഒമ്പത് കിലോമീറ്റർ) മറികടന്നും മാമലക്കണ്ടം എത്താം. കൂടാതെ കോതമംഗലം-ചേലാട്-തട്ടേക്കാട്-കുട്ടമ്പുഴ വഴിയും ഇവിടേക്ക് വരാം. ഏതു നിമിഷവും ആനകൾ കൂട്ടമായോ ഒറ്റക്കോ റോഡിൽ പ്രത്യക്ഷപ്പെടാം, കുത്തനെ കയറ്റം കയറവേ കൊടും വളവിൽ എതിർദിശയിൽനിന്ന് ബസുൾെപ്പടെ വലിയ വാഹനങ്ങൾ അപ്രതീക്ഷിതമായി നിങ്ങളുടെ വഴി തടസ്സപ്പെടുത്താമെന്നും സൈഡ് ഒതുക്കി നിർത്തേണ്ടി വരുമെന്നും എൻജിൻ ഓഫായിപ്പോകാതെ ചവിട്ടിയെടുക്കണ്ടി വരുമെന്നുമുള്ള കാര്യം ജാഗ്രതയോടെ മനസ്സാന്നിധ്യത്തോടെ എല്ലായ്പോഴും ഓർമിക്കുക.
കോതമംഗലം ടൗണിലെ ബസ് സ്റ്റാൻഡിൽനിന്ന്
- സ്വകാര്യ ബസ്: നേര്യമംഗലം വഴി-ദിനേന രാവിലെ 8.30, 10, ഉച്ചക്ക് ഒരുമണി, വൈകീട്ട് 4.40, അവസാന ബസ് 5.25ന്.
- വൈകീട്ട് 3.52നാണ് കുട്ടമ്പുഴ വഴിയുള്ള ഏക സർവിസ്. തിരിച്ചു പോകാൻ ബസ് പിറ്റേന്ന് മാത്രമേ ഉണ്ടാകൂ എന്നതിനാൽ ഒന്നുകിൽ ഇവിടെയുള്ള നിരവധി ഹോം സ്റ്റേകളിൽ താമസിക്കുകയോ അല്ലെങ്കിൽ ജീപ്പ്, ഓട്ടോ ടാക്സികളെ ആശ്രയിക്കുകയോ മാത്രമാണ് രക്ഷ.
- ഇനി കെ.എസ്.ആർ.ടി.സിയാണെങ്കിൽ വൈകീട്ട് 5.30ന് മാത്രമാണുള്ളത്. ഇവിടെ സ്റ്റേ ചെയ്ത ശേഷം പിറ്റേന്ന് രാവിലെ ആറുമണിക്കേ റിട്ടേൺ പുറപ്പെടൂ.

