കപ്പിൽ മുത്തമിട്ടവർക്ക് നാട്ടിൽ സ്വീകരണം
text_fieldsകോഴിക്കോട്: ആറര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ സുബ്രതോ കപ്പ് കോഴിക്കോട്ടെത്തി. 19 അംഗ ടീം ശനിയാഴ്ച രാത്രി 9.30ഓടെയാണ് കപ്പുമായി കരിപ്പൂർ വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. ടീമിനെ വരവേൽക്കാൻ ആഹ്ലാദപ്പടതന്നെ എത്തിയിരുന്നു. ഗോകുലം കേരള പരിശീലിപ്പിക്കുന്ന ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിലെ എണ്ണംപറഞ്ഞ താരങ്ങളാണ് 2012ലെയും 2014ലെയും നഷ്ടബോധത്തിന് കണക്കുതീർത്ത് കേരളത്തിന്റെ മാനംകാത്ത് ഫൈനലിൽ ചാമ്പ്യന്മാരായത്. രണ്ടു വർഷവും മലപ്പുറം എം.എസ്.പി സ്കൂൾ ൈഫനലിൽ എത്തിയെങ്കിലും കളിയവസാനത്തിൽ അടിയറവ് പറഞ്ഞ് മടങ്ങുകയായിരുന്നു. ഗോകുലം കേരള എഫ്.സിയുടെ അണ്ടർ 17 ടീമാണ് ഫാറൂഖ് ഹയർ സെക്കൻഡറി ടീം. പരിശീലനവും ഭക്ഷണവും സ്പോൺസർഷിപ്പും എല്ലാം ഗോകുലമാണ് ഏറ്റെടുത്തത്.
ഗോകുലത്തിന്റെ പിന്തുണയോടെ സംസ്ഥാന സ്കൂൾ ഫുട്ബാൾ ചരിത്രത്തിൽ പുതിയ അധ്യായംകൂടി നെയ്തെടുക്കുകയായിരുന്നു താരങ്ങൾ. ടീമിൽ നാലുപേർ ഒഴികെ എല്ലാവരും മലയാളി താരങ്ങളാണ്. 20ാം മിനിറ്റിൽ ജോൺസനെയും 60ാം മിനിറ്റിൽ ആദി കൃഷ്ണയുമാണ് ഗോകുലത്തിന്റെ ഗോളുകൾ നേടി ചരിത്രവിജയം സമ്മാനിച്ചത്. ടൂർണമെന്റിലുടനീളം 10 ഗോളുകൾ നേടിയ കേരള ടീം വഴങ്ങിയത് രണ്ടു ഗോളുകൾ മാത്രമായിരുന്നു. ഗോകുലം കേരള സീനിയർ ടീമിന്റെ മുന്നേറ്റക്കാരനായ വി.പി. സുഹൈറിന്റെ സഹോദരൻ വി.പി. സുനീറിന്റെ കീഴിലാണ് ടീം പരിശീലനം നേടിയത്. മുഹമ്മദ് ജസീം അലി നയിച്ച ടീമിന്റെ ആക്രമണങ്ങൾക്കു മുന്നിൽ ഫൈനലിലെത്തിയ ഉത്തരാഖണ്ഡിലെ അമിനെറ്റി പബ്ലിക് സ്കൂളിനുപോലും പിടിച്ചുനിൽക്കാനായില്ല.

