ഇസ്രായേലിന്റെ ഖത്തർ ആക്രമണം: വിശ്വാസ്യത നഷ്ടപ്പെട്ട യു.എസ്
text_fieldsകാമ്പ് ഡേവിസ് കരാർ ഒപ്പിട്ട ഈജിപ്തിനുശേഷം ഇസ്രായേലുമായി സമ്പർക്കം സ്ഥാപിച്ച ആദ്യ അറബ് രാജ്യമാണ് ഖത്തർ. എംബസി തലത്തിൽ വികസിക്കുകയുണ്ടായില്ലെങ്കിലും 1996ൽ ഒപ്പിട്ട ഒരു കരാർ പ്രകാരം ഖത്തറിൽ ആദ്യമായി ഇസ്രായേൽ ഒരു ട്രേഡ് സെന്റർ തുറക്കുകയുണ്ടായി. മറ്റുള്ളവർ മേശക്കടിയിലൂടെ നടത്തുന്നത് ഞങ്ങൾ മേശക്ക് മുകളിലൂടെ ചെയ്യുന്നെന്നായിരുന്നു വിമർശകർക്ക് അന്നത്തെ വിദേശകാര്യമന്ത്രി ഹമദ് ബിൻ ജാസിം ജബർ മറുപടി നൽകിയത്.
ട്രേഡ് സെന്ററിനായി വാടകക്ക് ഒരു കെട്ടിടം സംഘടിപ്പിക്കാനാവാതെ ഉഴന്ന ഇസ്രായേൽ ഷെറാട്ടൺ ഹോട്ടലിലെ ഒരു മുറിയിലാണ് അത് ഓപറേറ്റ് ചെയ്തുപോന്നത്. ഒടുവിൽ മേൽവാടകക്ക് കെട്ടിടം ഒപ്പിച്ചപ്പോൾ കെട്ടിടമുടമ ഇസ്രായേലിനെ ഒഴിപ്പിക്കാനായി കോടതിയിൽ കേസ് ഫയൽ ചെയ്തു. കെട്ടിടത്തിന്റെ ഉടമക്ക് അനുകൂലമായി കോടതി വിധി വന്നത് ഖത്തർ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും നിഷ്പക്ഷതക്കുമുള്ള തെളിവായി മാറി.
ആ ഖത്തറിനെയാണ് സെപ്റ്റംബർ ഒമ്പതിന് ഇസ്രായേൽ കടന്നാക്രമിച്ചത്; അതും അവരുടെ ബന്ദികളെ മോചിപ്പിക്കുന്നതിനുവേണ്ടി ഹമാസുമായി ചർച്ച നടക്കുമ്പോൾ. അൽ ഉദൈദിലുള്ള അമേരിക്കൻ സൈനിക താവളവും തങ്ങൾ ആക്രമിക്കപ്പെടുന്നത് തടയാൻ ഒന്നും ചെയ്തില്ല. ഈ താവളം അനുവദിച്ച കാലത്തും ഖത്തർ ഏറെ വിമർശനങ്ങൾക്കിരയാവേണ്ടി വന്നിരുന്നു. അന്ന് അൽജസീറക്ക് വിശദമായ അഭിമുഖം നൽകിയ വിദേശകാര്യ മന്ത്രി ഹമദ് ബിൻ ജാസിം ജബർ പ്രതികരിച്ചത് താവളം അനുവദിച്ചത് യു.എസ് താൽപര്യങ്ങളെക്കാളുപരി ഖത്തറിന്റെ താൽപര്യത്തിനുവേണ്ടിയാണെന്നും അതിന്റെ ചെലവ് വഹിക്കുന്നത് തങ്ങളാണെന്നുമായിരുന്നു. എന്നാൽ, ഖത്തർ ചില ഭീഷണികൾ നേരിട്ട ഘട്ടങ്ങളിൽ ഉപകാരപ്പെട്ടത് യു.എസ് സേനയായിരുന്നില്ല. ഖത്തറിലിറങ്ങിയ ഉർദുഗാന്റെ തുർക്കിയപ്പടയായിരുന്നു.
യു.എസ് സ്ട്രാറ്റജിയുടെ പതനത്തുടക്കം
ഇസ്രായേലിന്റെ വിഫലമായ ദോഹ ആക്രമണം ഒരു തെമ്മാടിച്ചെറുക്കന്റെ കേവലമൊരു വികൃതിയായി മാത്രം തള്ളാവുന്ന സംഭവമല്ല. സ്വയം ഒരു വൻശക്തിയായി കരുതുന്ന അമേരിക്കയുടെ പശ്ചിമേഷ്യൻ സാന്നിധ്യത്തിനേറ്റ ആഘാതവും രാഷ്ട്രാന്തരീയ തലത്തിലെ അമേരിക്കൻ സ്ട്രാറ്റജിയുടെ പതനത്തിന്റെ ആരംഭവുമായാണ് നയതന്ത്ര നിരീക്ഷകർ അതിനെക്കാണുന്നത്. സഖ്യകക്ഷികളെ സംരക്ഷിക്കാൻ കഴിവുള്ളവരാണ് തങ്ങളെന്ന അമേരിക്കൻ അവകാശവാദമാണ് ദോഹയിൽ പൊളിഞ്ഞുവീണത്.
അമേരിക്കൻ ആയുധ സംഭരണിയുടെ ഏറ്റവും മാരകമായ ആയുധമെന്ന് വിശേഷിപ്പിക്കാവുന്ന അതിന്റെ വിശ്വാസ്യതക്ക് പശ്ചിമേഷ്യൻ രാഷ്ട്രീയ കമ്പോളത്തിൽ ഇതോടെ, വിലയിടിഞ്ഞിരിക്കുകയാണ്. യു.എൻ രക്ഷാസമിതിയിൽ ഇസ്രായേലിനെ അപലപിക്കുന്ന (ശിക്ഷിക്കുന്നതല്ല) പ്രമേയത്തെ ചരിത്രത്തിലാദ്യമായി വീറ്റോ ചെയ്യാതിരിക്കാൻ അമേരിക്ക നിർബന്ധിതമായതും അതിന്റെ തെളിവാണ്. അക്കാര്യത്തിൽ ഗൾഫിലെ കൊച്ചുരാജ്യമായ ഖത്തറിന് ഉള്ളാലെ ചിരിക്കാം. അൽപം സമയം വിലകൊടുത്ത് വാങ്ങാൻ സാധിച്ചേക്കാമെങ്കിലും ഏറ്റവും വിലപിടിച്ച നയതന്ത്ര സ്വാധീനവും രാഷ്ട്രങ്ങളുടെ വിശ്വാസ്യതയും വീണ്ടെടുക്കാൻ ട്രംപിന്റെ അമേരിക്കക്ക് നന്നായി വിയർക്കേണ്ടിവരും.
മദീന മുതൽ യൂഫ്രട്ടീസ് വരെയുള്ള ‘വിശാല ഇസ്രായേൽ’ പദ്ധതിയെക്കുറിച്ച് ഇപ്പോഴും ഇസ്രായേലിന്റെ അകത്തുനിന്ന് ഉദീരണങ്ങൾ പുറത്തുവരുമ്പോൾ എബ്രഹാം അക്കോഡിന്റെ ശിൽപികളും ഒരു പുനർവിചിന്തനത്തിന് നിർബന്ധിതരാകുമെന്നു വേണം കരുതാൻ.
നാറ്റോവിന്റെ ഭാവി
അമേരിക്കൻ നയതന്ത്രത്തിന്റെ ഈ വേലിയിറക്കം പശ്ചിമേഷ്യൻ തീരത്ത് പരിമിതമായിക്കൊള്ളണമെന്നില്ല. രണ്ടാം ലോകയുദ്ധം മുതൽ യു.എസുമായി ഏറ്റവുമധികം ഒട്ടിപ്പിടിച്ചുനിൽക്കുന്ന സഖ്യകക്ഷികളാണ് യൂറോപ്യൻ രാജ്യങ്ങൾ. അതിന്റെ വേദിയാണ് നാറ്റോ സഖ്യം. ഇടക്കാലത്ത് ഈ സഖ്യത്തിനകത്ത് വിള്ളലുകളുണ്ടാക്കുന്ന സംഭവങ്ങൾ അരങ്ങേറുകയുണ്ടായി. യുക്രെയ്ൻ യുദ്ധം, റഷ്യയുമായുള്ള സമീപന രീതിയെച്ചൊല്ലിയും യൂറോപ്യൻ സുരക്ഷയുടെ ഭാവിയെച്ചൊല്ലിയുമുള്ള ആശങ്കകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇസ്രായേലിന്റെ ദോഹ ആക്രമണത്തിലെ യു.എസ് ‘നിസ്സഹായത’ യൂറോപ്യൻ സംശയത്തിന് ബലം വർധിപ്പിക്കും. ഗൾഫിലെ ഉറ്റ സഖ്യരാഷ്ട്രങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട വാഷിങ്ടൺ താവളങ്ങളെ എങ്ങനെ കണ്ണടച്ചുവിശ്വസിക്കുമെന്ന ചോദ്യം ഈ രാജ്യങ്ങളിലും ഉയരും. യു.എസ് ഹെജിമണിയിൽ നിന്നകന്ന് സ്വതന്ത്ര സ്ട്രാറ്റജിയിലേക്ക് വഴിമാറാൻ പുതിയ സംഭവവികാസങ്ങൾ യൂറോപ്യൻമാരെ പ്രേരിപ്പിച്ചേക്കാം.
മുതലെടുപ്പിന് ചൈന
അറബ് രാജ്യങ്ങളിലേക്ക്, വിശിഷ്യാ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ചൈനീസ് വ്യാളിയുടെ കടന്നുകയറ്റമായിരിക്കും ഇതിന്റെ മറ്റൊരു അനന്തരഫലം. സൗദി എണ്ണ വിപണിയിലേക്ക് ചൈന ഈയിടെ കടന്നുവന്നത് ഓർക്കുക. പരമ്പരാഗത സഖ്യരാജ്യം എന്ന മിഥ്യയുടെ തടവിൽ കഴിയാൻ ഗൾഫിലെ രണ്ടാംതലമുറ ഭരണാധികാരികളുടെ കമ്പോളയുക്തി ഇനിയും ഏറെക്കാലം അവരെ അനുവദിച്ചുകൊള്ളണമെന്നില്ല. അമേരിക്ക സൃഷ്ടിക്കുന്ന ഈ ശൂന്യത നികത്താൻ നയതന്ത്രവിട്ടുവീഴ്ചക്ക് തയാറാവുന്ന ചൈനയെയാണ് സമീപകാലത്ത് കാണാൻ സാധിക്കുന്നത്.
പാകിസ്താനെയും അതിർത്തിയിലെ പുകപടലങ്ങൾ വകഞ്ഞുമാറ്റി ഇന്ത്യയെയും ഇടംവലം നിർത്താൻ മാത്രം ചൈന ഇപ്പോൾ ഉദാരമനസ്കരായിട്ടുണ്ട്. സുഡാനിൽ സൈനിക അരാജകത്വത്തിനു മുമ്പ് ബശീറിന്റെ കാലത്ത് ചൈന ധാരാളമായി നിക്ഷേപമിറക്കിയത് ഓർക്കുക. തുർക്കിയയും അനുഭവിക്കുന്നുണ്ട് ഈ ചൈനീസ് തലോടൽ. കേട്ടെഴുത്ത് പറഞ്ഞുകൊടുക്കുന്നതിന് പകരം പരസ്പര താൽപര്യങ്ങളിലധിഷ്ഠിതമായ മുതൽമുടക്ക് നടത്തിയും രാജ്യങ്ങളുടെ പരമാധികാരം മാനിച്ചും കൊണ്ടുള്ള പുതിയൊരു ലോകശക്തിയായി മാറാനാണ് ഇപ്പോൾ ചൈന ശ്രമിക്കുന്നത്. വാഷിങ്ടണിന്റെ പരമ്പരാഗത സഖ്യരാഷ്ട്രങ്ങളെ ആകർഷിക്കുന്നതിൽ അവർ വിജയിക്കുന്നുമുണ്ട്. യു.എസിന്റെ തണലിലല്ല, ബെയ്ജിങ് വരക്കുന്ന ബദൽ നയതന്ത്ര ഭൂപടത്തിലാണ് ഭാവിയെന്ന് വിശ്വസിക്കാൻ ചെറുകിട രാഷ്ട്രങ്ങളെ നിർബന്ധിക്കുന്നതാണ് രാഷ്ട്രാന്തരീയ കാലാവസ്ഥ.
അമേരിക്കയെ ഏറ്റവും വിശ്വസ്ത സുഹൃത്തായി പരിഗണിച്ച ഗൾഫ് രാഷ്ട്രങ്ങൾക്ക് ലഭിച്ച ഒരു ഷോക് ചികിത്സയാണ് നെതന്യാഹുവിന്റെ വിഫലമായ ദോഹ ആക്രമണം. ഇതിനു മുമ്പ് ഇറാന്റെ ആക്രമണം തടയാനും ഖത്തറിലെ അമേരിക്കൻ താവളങ്ങൾക്ക് സാധിച്ചിട്ടില്ല. അമേരിക്ക വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വത്തിന് ഒരു ഗാരന്റിയുമില്ലെന്ന് തുടരെത്തുടരെ തെളിയിക്കപ്പെടുമ്പോൾ ആ രാജ്യവുമായുള്ള പരമ്പരാഗത സഖ്യത്തെക്കുറിച്ച് ഗൗരവപൂർവം വിചിന്തനം ചെയ്യാൻ ഈ രാജ്യങ്ങൾ സന്നദ്ധരാവേണ്ടി വരും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് വലിയ പല മാറ്റങ്ങൾക്കും നിമിത്തമാവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

