ജി.എസ്.ടി മാറ്റങ്ങൾ അവസരമോ ഭീഷണിയോ?
text_fieldsഓരോ ഭീഷണിയിലും ഒരു അവസരം ഒളിഞ്ഞുകിടക്കുന്നു എന്ന് മാനേജ്മെന്റ് ശാസ്ത്രം. ജി.എസ്.ടി മാറ്റങ്ങളിലെ അവസരവും ഭീഷണിയും ചെറുതായൊന്ന് പരിശോധിക്കാം.
അവസരമായി കാണുമ്പോൾ
ഒട്ടേറെ ഉപഭോഗ വസ്തുക്കളുടെയും കാർഷിക-നിർമാണ മേഖലകളിലെ വസ്തുക്കളുടെയും നിരക്ക് 28 ശതമാനത്തിൽനിന്ന് 18 ശതമാനമായും 18 ശതമാനത്തിൽനിന്നും 12 ശതമാനത്തിൽനിന്നും അഞ്ച് ശതമാനമായും കുറയുകയാണല്ലോ. ഇതുമൂലം ഉണ്ടായേക്കാവുന്ന വിലക്കുറവിന്റെ പ്രയോജനം മുഖ്യമായും മധ്യവർഗ-സമ്പന്ന ഉപഭോക്താക്കൾക്കാണ്. വ്യക്തി ശുചിത്വവും സൗന്ദര്യവുമായി ബന്ധപ്പെട്ട വസ്തുക്കളുടെയും ഗൃഹോപകരണങ്ങളുടെയും ഉപഭോഗം വർധിക്കും. അതേസമയം പാവപ്പെട്ടവർക്കും താഴ്ന്ന വരുമാനക്കാർക്കും ഇതുവരെ ഏറക്കുറെ അപ്രാപ്യമായിരുന്ന ഇവ അവർക്കും താങ്ങാവുന്നതായി മാറും.
കോവിഡ് മഹാമാരിക്കുശേഷം കേരളത്തിലെ ചെറുകിട വ്യാപാരമേഖല വലിയ പ്രതിസന്ധിയിലാണ്. ഏകദേശം 10 ലക്ഷത്തിനടുത്ത് ചെറുകിട കടകളും ഹോട്ടലുകളും ഉണ്ടായിരുന്നു. കേരളത്തിൽ എവിടെ നോക്കിയാലും അടഞ്ഞുകിടക്കുന്ന കടമുറികൾ കാണാം. താഴ്ന്ന വരുമാനക്കാരുടെ ഉപഭോഗത്തിലുണ്ടായ കുറവുമൂലം ഒട്ടേറെ ചെറുകിട കടകൾ പൂട്ടിപ്പോയിട്ടുണ്ട്. അവയിൽ പലതും തുറന്നു പ്രവർത്തിക്കാൻ ജി.എസ്.ടി മാറ്റം കാരണമായേക്കും. ചുരുക്കത്തിൽ ഉൽപാദനത്തേക്കാൾ ഉപഭോഗത്താൽ നയിക്കപ്പെടുന്ന കേരള സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരവസരമാണ്.
ഉൽപാദന മേഖലയിലേക്ക് വരുകയാണെങ്കിൽ ട്രാക്ടർ, സ്പ്രിംഗ്ളർ തുടങ്ങിയവയുടെ വില കുറയുന്നതുമൂലം കേരളത്തിലെ കാർഷിക മേഖലക്ക് വലിയ നേട്ടമുണ്ടാവില്ല. കാരണം ഇവയുടെയൊക്കെ ഉപയോഗം നമ്മുടെ കാർഷികരംഗത്ത് അധികമില്ല. നേരെ മറിച്ച് സിമന്റിന്റെ നിരക്ക് 28 ശതമാനത്തിൽനിന്ന് 18 ശതമാനം ആകുന്നത് നിർമാണ മേഖലക്ക് ഉത്തേജനം പകരും.
പണ്ടേ വിട്ടുപോയ വ്യവസായവത്കരണത്തിന്റെ ബസ് തിരികെ പിടിക്കാൻ നാം ഭഗീരഥയത്നം നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. എല്ലാ ഉപഭോഗവസ്തുക്കളും ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്ന നമുക്ക് കുറേയൊക്കെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കാൻ ജി.എസ്.ടി നിരക്കുകളിലെ കുറവ് സഹായിക്കും.
വിലക്കുറവിലെ വരുംവരായ്കകൾ
നികുതിനിരക്ക് കുറഞ്ഞാലും വില കുറയാത്ത അനുഭവമാണ് മിക്കപ്പോഴും. വിലയുടെയും ഗുണനിലവാരത്തിന്റെയും അടിസ്ഥാനത്തിൽ ശക്തമായ മത്സരം നിലനിൽക്കുന്ന സാധനങ്ങളുടെ കാര്യത്തിൽ നികുതി കുറയുന്നതിന്റെ നേട്ടം ഏറിയും കുറഞ്ഞും ഉപഭോക്താക്കളിലേക്ക് കൈമാറ്റപ്പെടുകതന്നെ ചെയ്യും. നേരെ മറിച്ച് രണ്ടോ മൂന്നോ ഭീമന്മാർ വിപണിയുടെ സിംഹഭാഗവും കൈയടക്കിവെച്ചിരിക്കുന്ന സാധനങ്ങളുടെ കാര്യത്തിൽ ഇത് സംഭവിക്കണമെന്നില്ല. വില കുറക്കാതെയോ ഭാഗികമായി മാത്രം കുറച്ചോ തങ്ങളുടെ ലാഭം വർധിപ്പിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണിത്.
ഊതിവീർപ്പിച്ച ഭീഷണി
ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ്വ്യവസ്ഥക്ക് ഉണ്ടാകാൻ പോകുന്ന നേട്ടത്തെ കാണാതെ ഊതിവീർപ്പിച്ച വരുമാനനഷ്ട കണക്കുമായി ഇറങ്ങിയിരിക്കുകയാണ് നമ്മുടെ ധനകാര്യ വകുപ്പ്. താൽക്കാലികമായി 5000 കോടിക്കും 7000 കോടിക്കും ഇടയിൽ വരുമാനക്കുറവ് അനുഭവപ്പെട്ടേക്കാം. ഉപഭോഗത്തിൽ ക്രമാനുഗതമായി ഉണ്ടാകുന്ന വർധന ഈ നഷ്ടം പരിഹരിക്കും. പുതിയ നിരക്കുകളിൽ നികുതിവെട്ടിപ്പ് പരമാവധി തടഞ്ഞ് ഊർജിതമായി നികുതി പിരിക്കുകയാണ് ഇവിടെ വേണ്ട തന്ത്രം. 2017 മുതൽ അഞ്ചുവർഷക്കാലം നഷ്ടപരിഹാരത്തിന്റെ തണലിൽ വിശ്രമിച്ച നികുതിവകുപ്പ് ഇനിയെങ്കിലും സടകുടഞ്ഞ് എഴുന്നേൽക്കണം. നിർമിത ബുദ്ധിയിലും വൻതോതിലുള്ള വിവര വിശകലനത്തിലും (Big data analysis) പരിശീലനം സിദ്ധിച്ചവരെ നികുതി വകുപ്പിലെ വിവിധ തലങ്ങളിൽ വിന്യസിക്കാതെ ഇനി മുന്നോട്ടുപോകാനാവില്ല.
തേടണം, പുതിയ സ്രോതസ്സുകൾ
വരുമാനനഷ്ട ഭീഷണിയെ മറ്റ് വരുമാന സ്രോതസ്സുകൾ പ്രയോജനപ്പെടുത്താനുള്ള അവസരമായും കാണാം. മധ്യവർഗത്തിൽനിന്നും സമ്പന്നരിൽനിന്നും അധിക വരുമാനമുണ്ടാക്കാനുള്ള മൂന്ന് സ്രോതസ്സുകളാണ് കെട്ടിടനികുതിയും വൈദ്യുതി തീരുവയും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ഫീസുകളും. പ്രാദേശിക സർക്കാറുകൾക്ക് ഉണ്ടാകുന്ന നികുതിനഷ്ടം നികത്തിക്കൊടുക്കാം എന്ന കരാറിന്മേൽ കെട്ടിടനികുതി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പിരിച്ചെടുത്താൽ ഇന്നുള്ളതിന്റെ പകുതി കൂടി അധിക വരുമാനമായി സമാഹരിക്കാം.
2022-23ലെ പൂർത്തിയായ കണക്കുകൾ പ്രകാരം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ റവന്യൂ ചെലവ് 50275.91 കോടിയാണ്. ഫീസുകളായി ലഭിക്കുന്ന വരുമാനം വെറും 676.85 കോടി-അതായത് റവന്യൂ ചെലവിന്റെ 1.35 ശതമാനം ആണ് റവന്യൂ വരുമാനം. തമിഴ്നാട്ടിൽ ഇത് 6.84 ശതമാനമാണ്. ഗുജറാത്തിൽ 6.36 ശതമാനവും ഹരിയാനയിൽ ആറു ശതമാനവും ആണ്. ഇത് അഞ്ച് ശതമാനമായി വർധിപ്പിച്ചാൽ 2513.80 കോടി സമാഹരിക്കാം. ചുരുക്കത്തിൽ ജി.എസ്.ടി മാറ്റം ഭീഷണിയേക്കാൾ അവസരമാണ്. അങ്ങനെ നോക്കിക്കാണാമെങ്കിൽ.
(ലേഖകൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റിയംഗമാണ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

