തലപ്പാടിയിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി: ആറുമരണം
text_fieldsമംഗളൂരു: കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിലുണ്ടായ വാഹനാപകടത്തിൽ ആറു പേർ മരിച്ചു. അമിത വേഗതയിൽ എത്തിയ കർണാടക ആർ.ടി.സി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്കും തുടർന്ന് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. മരിച്ചവരെല്ലാം കർണാടക സ്വദേശികളാണ്.
വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. കാസർകോട് നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന കർണാടക ആർ.ടി.സി ബസ് ആണ് കെ.സി. റോഡിലെ തലപ്പാടി ടോൾ ഗേറ്റിന് സമീപം ഓട്ടോറിക്ഷയിൽ ഇടിച്ചത്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരിൽ നാല് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നതായി പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു. ഗുരുതരമായി പരിക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസിന്റെ ബ്രേക്ക് പോയതായാണ് അപകട കാരണം.

