ഉംറക്കെത്തിയ എറണാകുളം പെരുമ്പാവൂർ സ്വദേശി റിയാദിൽ മരിച്ചു
text_fieldsബീരാസ് ഈരേത്ത് അലിയാർ
റിയാദ്: ഉംറ നിർവഹിച്ച ശേഷം മടങ്ങുന്നതിനിടെ ഹൃദയാഘാതമുണ്ടായി റിയാദിൽ ചികിത്സയിലായിരുന്ന എറണാകുളം പെരുമ്പാവൂർ പള്ളിക്കവല മൗലൂദ് പുര സ്വദേശി ബീരാസ് ഈരേത്ത് അലിയാർ (55) മരിച്ചു. ആഴ്ചകൾക്ക് മുമ്പാണ് സ്വകാര്യ ഗ്രൂപ്പിൽ ഇദ്ദേഹം ഉംറ നിർവഹിക്കാനെത്തിയത്. കർമങ്ങളെല്ലാം നിർവഹിച്ച ശേഷം ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ വിമാനത്തിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് വിമാനം അടിയന്തിരമായി റിയാദിൽ ലാൻഡ് ചെയ്ത് ഇദ്ദേഹത്തെ റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെ സ്ഥിതി വഷളാവുകയും മരണപ്പെടുകയുമായിരുന്നു. സഹയാത്രികർ വിസ കാലാവധി കഴിഞ്ഞതിനാൽ നാട്ടിലേക്ക് തിരിച്ചു പോയി.
പിതാവ്: അലിയാർ വീരാവു, മാതാവ്: സുലൈഖ, ഭാര്യ: ആരിഫ മീതിയൻ, മക്കൾ: സൂഫിയ, മുഹമ്മദ് യാസീൻ, മുഹമ്മദ് ഹദ്ദാദ്, ഇസ്മത്ത് ചിസ്‌തി, ഗരീബ് നവാസ്. പെരുമ്പാവൂർ ചെമ്പാരത്ത് കുന്ന് മഹല്ലിൽ മദ്രസ്സ അധ്യാപകനായിരുന്നു മരിച്ച ബീരാസ് ഈരേത്ത് അലിയാർ. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാരെയും വിദ്യാർത്ഥികളെയും കണ്ണീരിലാഴ്ത്തി.
റിയാദിലെ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം റിയാദിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കെ.എം.സി.സി എറണാകുളം ജില്ലാ പ്രവർത്തകരുടെയും പെരുമ്പാവൂർ പ്രവാസി അസോസിയേഷന്റെയും നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

