‘ശക്തി’ പദ്ധതി ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോഡ്സിൽ
text_fieldsബംഗളൂരു: കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാർ സ്ത്രീകൾക്കായി ആരംഭിച്ച ശക്തി സൗജന്യ യാത്ര പദ്ധതി ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോഡ്സിൽ (വേൾഡ് റെക്കോഡ് ഓഫ് എക്സലൻസ്) ഇടം നേടിയതായി കർണാടക ആർ.ടി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.
‘‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന കർണാടക സർക്കാറിന്റെ വനിത ശാക്തീകരണ സംരംഭമായ ശക്തി മറ്റൊരു ആഗോള നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. സ്ത്രീകൾക്ക് 500 കോടിയിലധികം സൗജന്യ ടിക്കറ്റുകൾ നൽകിയതോടെ, പദ്ധതി ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോഡ്സിൽ (വേൾഡ് റെക്കോഡ് ഓഫ് എക്സലൻസ്) അംഗീകരിക്കപ്പെട്ടു’’-വാർത്താക്കുറിപ്പിൽ പറഞ്ഞു.
ശക്തി ഇതിനകം ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു. ഈ നേട്ടത്തിന് സംഭാവന നൽകിയ നാല് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും തൊഴിലാളി യൂനിയൻ നേതാക്കൾക്കും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി നന്ദി അറിയിച്ചു. ‘ഈ പദ്ധതി സംസ്ഥാനത്തെ സ്ത്രീകളെ സാമ്പത്തികമായും സാമൂഹികമായും തൊഴിൽപരമായും ശാക്തീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കിയത് അതിന്റെ വിജയത്തിന്റെ സാക്ഷ്യമാണ്’- മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി, ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി), നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻ.ഡബ്ല്യു.ആർ.ടി.സി), കല്യാൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.കെ.ആർ.ടി.സി), ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, കർണാടക സർക്കാർ എന്നിവ റെക്കോഡ് നേട്ടത്തിന് അർഹരാണെന്നും ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോഡ്സ്, വേൾഡ് റെക്കോഡ്സ് ഓഫ് എക്സലൻസ് സർട്ടിഫിക്കറ്റ് പറയുന്നു.

