സ്വകാര്യ ബസ് സർവിസ് മേഖല പ്രതിസന്ധിയിലെന്ന് ഉടമകൾ
text_fieldsബംഗളൂരു: വർധിച്ചുവരുന്ന സാമ്പത്തിക നഷ്ടത്തിൽ ആശങ്ക പ്രകടിപ്പിച്ച് കർണാടകയിലെ സ്വകാര്യ ബസ് ഓപറേറ്റർമാർ ഗതാഗത മന്ത്രിരാമലിംഗ റെഡ്ഡിക്ക് നിവേദനം നൽകി. സംസ്ഥാന സർക്കാറിന്റെ ‘ശക്തി’ പദ്ധതി, ബി.എം.ടി.സി ശൃംഖലയുടെ വിപുലീകരണം, നിയമവിരുദ്ധ ഓപറേറ്റർമാരുടെ സാന്നിധ്യം എന്നിവയാണ് ഈ സാഹചര്യത്തിന് കാരണമെന്ന് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ നിവേദനത്തിൽ പറയുന്നു.
10 ദിവസത്തിനകം പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം ആരംഭിക്കാൻ നിർബന്ധിതരാകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് എസ്. നടരാജ് പറഞ്ഞു. സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ശക്തി പദ്ധതി സ്വകാര്യ ബസ് യാത്രക്കാരുടെ എണ്ണം കുറച്ചു.
അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സംവിധാനത്തിലെ അസമത്വം മത്സരത്തിനിടയാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലെ സ്വകാര്യ ബസ് ഓപറേറ്റർമാരെ അപേക്ഷിച്ച് കർണാടകയിലെ സ്വകാര്യ ബസ് ഓപറേറ്റർമാർ ഉയർന്ന നികുതിയാണ് നൽകുന്നത്.
നാഗാലാൻഡ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ബസുകളിൽ ചിലത് ശരിയായ പരിശോധനയില്ലാതെയും ബോഡി കോഡുകൾ ലംഘിച്ചുമാണ് സർവിസ് നടത്തുന്നത്. ഇവയിൽ ചിലത് 60,000 രൂപ വാർഷിക ഫീസ് നൽകിയാണ് കർണാടകയിലേക്ക് പ്രവേശിക്കുന്നത്.
82,000 മുതൽ 1.58 ലക്ഷം രൂപ വരെയാണ് പ്രാദേശിക ഓപറേറ്റർമാരിൽ നിന്ന് ഈടാക്കുന്നത്. സബ്സിഡിയുള്ള ഇലക്ട്രിക് ബസുകളിൽ നിന്നുള്ള മത്സരം, നഗരപരിധിക്കപ്പുറം ബി.എം.ടി.സിയുടെ അധികാരപരിധി 25 കിലോമീറ്ററിൽ നിന്ന് 40 കിലോമീറ്ററായി അടുത്തിടെ വികസിപ്പിച്ചത് എന്നിവയെക്കുറിച്ചും ഓപറേറ്റർമാർ ആശങ്ക പ്രകടിപ്പിച്ചു. ബി.എം.ടി.സിയുടെ വികസനം ബംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിലെ സ്വകാര്യ ഓപറേറ്റർമാരുടെ ഉപജീവനമാർഗം ഇല്ലാതാക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

