നോർക്ക ഐ.ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി
text_fieldsബംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ അംഗത്വമെടുക്കുന്നതിനു മുന്നോടിയായി നോർക്ക രജിസ്ട്രേഡ് സംഘടനയായ ദൂരവാണി നഗർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ സമാജം ജനറൽ സെക്രട്ടറി ഡെന്നീസ് പോൾ, വൈസ് പ്രസിഡന്റ് എം.പി. വിജയൻ, ലൈബ്രേറിയൻ സി. രാജൻ എന്നിവർ നോർക്ക ഓഫിസിൽ എത്തി കൈമാറി.
പ്രവാസി കേരളീയര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്ന ‘നോര്‍ക്ക കെയര്‍’പദ്ധതിയിൽ അംഗമാകാൻ സാധിക്കും. ഇന്ത്യയിലുടനീളം 16,000ത്തിലധികം ആശുപത്രികളില്‍ കാഷ് ലെസ് ചികിത്സ ലഭ്യമാക്കുന്ന നോര്‍ക്ക കെയറില്‍ നിലവിലുള്ള രോഗങ്ങള്‍ക്കും പരിരക്ഷ ഉറപ്പാക്കാനാകും. 18 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ക്കാണ് ചേരാന്‍ സാധിക്കുക. നോര്‍ക്ക ഐ.ഡി കാര്‍ഡിന് ഒരാള്‍ക്ക് 408 രൂപയും നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് ഭര്‍ത്താവ്, ഭാര്യ, രണ്ടു കുട്ടികള്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തിന് 13,411 രൂപയും വ്യക്തിക്ക് 8,101 രൂപയുമാണ് ഫീസ്.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നിലവില്‍ വരുന്ന നോര്‍ക്ക കെയര്‍ പദ്ധതിയില്‍ ചേരുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 21 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 080 -25585090 എന്ന നമ്പറില്‍ ബന്ധപ്പെടാം. ടോൾ ഫ്രീ നമ്പർ 18002022501/ 502. വെബ്സൈറ്റ് www.norkaroots.kerala.gov.in
രണ്ടു വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയരായ പ്രവാസികള്‍ക്ക് എന്‍.ആര്.കെ ഐ.ഡി കാർഡിന് അപേക്ഷിക്കാം. 408 രൂപ പ്രീമിയത്തില്‍ മൂന്നു വര്‍ഷത്തേക്ക് അപകടം മൂലമുള്ള മരണത്തിന് അഞ്ചു ലക്ഷം രൂപയുടെയും അപകടം മൂലമുള്ള ഭാഗികമോ സ്ഥിരമോ ആയ അംഗവൈകല്യങ്ങള്‍ക്ക് പരമാവധി രണ്ടു ലക്ഷം രൂപയുടെയും ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ഉറപ്പാക്കുന്നതാണ് പദ്ധതി. നോർക്ക കെയറിലേക്ക് അംഗങ്ങളെ ചേർക്കുന്നതിന് അഞ്ചിന് വിജിനപുര ജൂബിലി സ്കൂളിൽ ക്യാമ്പ് നടക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

