കോൺഗ്രസ് എം.എൽ.എയുടെ വീട്ടിൽ ലോകായുക്ത റെയ്ഡ്
text_fieldsമംഗളൂരു: കഴിഞ്ഞയാഴ്ച കോൺഗ്രസിലെ ശൃംഗേരി എം.എൽ.എ ടി.ഡി. രാജഗൗഡക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ലോകായുക്ത പൊലീസ് ചൊവ്വാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ പരിശോധന ആരംഭിച്ചു. വസതി, ഫാം ഹൗസ് എന്നിവയുൾപ്പെടെ നാല് സ്ഥലങ്ങളിൽ ലോകായുക്ത ഉദ്യോഗസ്ഥർ രാത്രിയും റെയ്ഡ് തുടർന്നു.
കൊപ്പ സ്വദേശിയായ എച്ച്.കെ. ദിനേശ് സമർപ്പിച്ച സ്വകാര്യ പരാതിയെത്തുടർന്നാണ് അന്വേഷണം നടക്കുന്നത്. ജന പ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.രാജഗൗഡ, ഭാര്യ ഡി.കെ. പുഷ്പ, മകൻ ടി.ആർ. രാജ്ദേവ് എന്നിവർക്കെതിരെയാണ് ലോകായുക്ത പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഖണ്ഡ്യ ഹോബ്ലിയിലെ ബസപുര ഗ്രാമത്തിലുള്ള രാജഗൗഡയുടെ വസതിയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്താനും പ്രസക്തമായ രേഖകൾ ശേഖരിക്കാനും എത്തി.
ടി.ഡി. രാജഗൗഡ തന്റെ അധികാര ദുർവിനിയോഗം നടത്തി സർക്കാറിനെയും ആദായനികുതി വകുപ്പിനെയും വഞ്ചിച്ചു.അദ്ദേഹത്തിനെതിരെ സമഗ്രമായ അന്വേഷണം നടത്തണം എന്നാണ് ദിനേശ് തന്റെ പരാതിയിൽ ആരോപിച്ചത്. രാജെഗൗഡയുടെ കുടുംബാംഗങ്ങൾ അവരുടെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകൾക്കപ്പുറം സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് പരാതിയിൽ പറഞ്ഞു. അവരുടെ പങ്കാളിത്ത സ്ഥാപനമായ മെസ്സേഴ്സ് ഷബാന റംസാന്റെ ഇടപാടുകൾ തെളിവായി വർത്തിക്കുന്നു.
സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന് 55.75 കോടി രൂപയും ബാങ്ക് ഓഫ് ബറോഡക്ക് 66 കോടി രൂപയും കർണാടക ബാങ്കിന് 81.95 ലക്ഷം രൂപയും തിരിച്ചടച്ചതായും ആരോപിക്കപ്പെട്ടു.എന്നാൽ, ലോകായുക്തക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ രാജെഗൗഡ വാർഷിക വരുമാനം 40 ലക്ഷം രൂപ മാത്രമാണെന്ന് പ്രഖ്യാപിച്ചു. രാജെഗൗഡയുടെ കുടുംബത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് തിരച്ചിൽ നടത്തുന്നതെന്ന് ലോകായുക്ത എസ്.പി സ്നേഹ പറഞ്ഞു.

