വിദ്യാർഥി പ്രശ്നം; കേളി ബംഗളൂരു കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി
text_fieldsബംഗളൂരു: കർണാടകയിലെ മലയാളി വിദ്യാർഥികളുടെ പ്രശ്നങ്ങൾ, നോർക്ക ഇൻഷുറൻസ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കേളി ബംഗളൂരുവിന്റെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. മലയാളി വിദ്യാർഥികളിൽ വ്യാപകമാകുന്ന ലഹരി ഉപയോഗവും അനുബന്ധ കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടിയ നിവേദനത്തിൽ വിദ്യാഭ്യാസ റിക്രൂട്ടിങ് ഏജന്റ് മാഫിയക്കും ലഹരി മാഫിയക്കും എതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ നോർക്ക വഴിയുള്ള രജിസ്ട്രേഷൻ സാധ്യതകൾ പരിഗണിക്കണമെന്നും നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ വാർഷിക തുക ഗഡുക്കളായി അടക്കാൻ സൗകര്യം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.
മലയാളി ചെറുകിട വ്യാപാരികളുടെയും ബസ് തൊഴിലാളികളുടെയും പ്രശ്നങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. കേളി സെക്രട്ടറി ജാഷിർ പൊന്ന്യം, പ്രസിഡന്റ് ഷിബു, ട്രഷറർ നൂഹ, ജോ. സെക്രട്ടറി റഷീദ്, വൈസ് പ്രസിഡന്റ് റഹീസ് എന്നിവർ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു

