നവരാത്രി: മാർക്കറ്റുകളിൽ വൻ തിരക്ക്
text_fieldsബംഗളൂരു: ആയുധ പൂജ, വിജയദശമി ദിനത്തോടനുബന്ധിച്ച് മാർക്കറ്റുകളിൽ വൻ തിരക്ക്. പൂജക്കുള്ള പൂക്കളും പഴങ്ങളും മറ്റ് അവശ്യ സാധനങ്ങളും വാങ്ങാൻ ആളുകൾ കൂട്ടത്തോടെയാണ് മാർക്കറ്റിലേക്ക് വരുന്നത്. മഴയും പൂജ സീസണും വന്നതോടെ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. കനകാംബരം, മല്ലിക എന്നിവയുടെ വില മൂന്നിരട്ടിയായി വർധിച്ചു. ചെണ്ടുമല്ലി കിലോ 60, കനകാംബരം 500, മുല്ല 700, ബട്ടൺ റോസ് 300, കുമ്പളങ്ങ 50-60 എന്നിങ്ങനെയാണ് വില നിലവാരം.
കച്ചവടക്കാർ സാധനങ്ങളുടെ വില കുറക്കുകയാണെങ്കിൽ എല്ലാവർക്കും നല്ല രീതിയിൽ ആഘോഷിക്കാമായിരുന്നെന്ന് ഉപഭോക്താക്കൾ പറയുന്നു. നാരങ്ങ, മത്തൻ തുടങ്ങി അവശ്യ സാധനങ്ങളുടെ വില വർധിച്ചുവെന്നും അവർ പറഞ്ഞു.

