ധർമസ്ഥലയിൽനിന്ന് കിട്ടിയതെല്ലാം പുരുഷന്മാരുടെ അസ്ഥികൾ
text_fieldsമംഗളൂരു: ധർമസ്ഥലയിൽ കൂട്ട സംസ്കാരവുമായി ബന്ധപ്പെട്ട് ചിന്നയ്യ ഉന്നയിച്ച ആരോപണങ്ങളിൽ പ്രത്യേക സംഘം (എസ്.ഐ.ടി) നടത്തിയ അന്വേഷണത്തിൽ കണ്ടെടുത്തതെല്ലാം പുരുഷന്മാരുടെ മൃതദേഹാവശിഷ്ടങ്ങളെന്ന് ഫോറൻസിക് പരിശോധനഫലം.
റിപ്പോർട്ടിൽ പറയുന്നത്: ചിന്നയ്യ നൽകിയ തലയോട്ടി ഏകദേശം 40 വയസ്സുള്ള പുരുഷന്റേതായിരുന്നു. കണ്ടെടുത്ത രണ്ടാമത്തെ തലയോട്ടിയും അസ്ഥികളും 25 നും 30 നും ഇടയിൽ പ്രായമുള്ള മറ്റൊരു പുരുഷന്റേതാണ്. മരത്തിന്റെ വേരുകൾക്ക് സമീപം കണ്ടെത്തിയ മൂന്നാമത്തെ സെറ്റ് അവശിഷ്ടങ്ങൾ 35നും 39നും ഇടയിൽ പ്രായമുള്ള പുരുഷന്റേതാണ്. മൂന്നുപേരുടെയും മരണകാരണം കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അസ്ഥികളിൽ ഒടിവുകളുടെയോ ആക്രമണവുമായി ബന്ധപ്പെട്ട പരിക്കുകളുടെയോ ലക്ഷണം കണ്ടെത്തിയിട്ടില്ല. വിഷബാധയുണ്ടോ എന്ന് മനസ്സിലാക്കാൻ കൂടുതൽ പരിശോധന നടത്തിവരുകയാണ്. സാമ്പിളുകൾ അഹ്മദാബാദിലെ ലാബിലേക്ക് അയച്ചു. അതേസമയം, ബംഗ്ലഗുഡയിൽ പിന്നീട് നടത്തിയ ഖനനത്തിൽ ഏഴ് തലയോട്ടികളും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. ഈ സാമ്പിളുകൾ ഇതുവരെ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടില്ല.

