വന്യജീവി സംരക്ഷണം നിയമത്തിൽ ഒതുങ്ങരുത് -മന്ത്രി
text_fieldsബംഗളൂരു: വന്യജീവി സംരക്ഷണ നിയമം ശക്തമാക്കുമെന്ന് പറയുമ്പോഴും കർണാടകയിൽ കടുവകൾ, മയിലുകൾ, കുരങ്ങുകൾ എന്നിവ സമീപകാലത്ത് ചത്തത് അതിദുഃഖകരമാണെന്ന് വനം മന്ത്രി ഈശ്വർ ഖൺഡ്രെ പറഞ്ഞു. വിധാൻ സൗധ പരിസരത്ത് 71ാമത് വന്യജീവി വാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മലെ മഹാദേശ്വര കുന്നുകളിൽ അഞ്ച് കടുവകളും മധുഗിരിയിലെ മിഡിഗേഷിയിൽ 20 മയിലുകളും ബന്ദിപ്പൂരിൽ 19 കുരങ്ങുകളും ചത്തത് വളരെയധികം വേദനയുണ്ടാക്കി.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വന്യജീവികൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്ത് കൂടുതൽ കടുവകളുള്ള സംസ്ഥാനങ്ങളിൽ കർണാടക രണ്ടാം സ്ഥാനത്താണ്. എന്നാൽ, മാലെ മഹാദേശ്വര കുന്നുകളിൽ ഒറ്റ ദിവസംകൊണ്ട് ഒരു ശതമാനം കടുവകൾ വിഷബാധയേറ്റ് മരിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. വന്യജീവി സംരക്ഷണം വനം ജീവനക്കാരുടെ മാത്രമല്ല പൗരന്മാരുടെയും കടമയാണ്.
പല വന്യജീവികളും വംശനാശത്തിന്റെ വക്കിലാണ്. ചിലത് ഇതിനകം അപ്രത്യക്ഷമായി. വനങ്ങളെയും വന്യജീവികളെയും കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത മുമ്പെന്നത്തേക്കാളും കൂടുതലാണിന്ന്. ബംഗളൂരു നഗരത്തിൽ മാത്രം ഏകദേശം 10,000 കോടി രൂപ വിലമതിക്കുന്ന 250 ഏക്കറിലധികം വനഭൂമി കൈയേറ്റം ഒഴിപ്പിച്ച് അവിടെ തൈകൾ നട്ടുപിടിപ്പിച്ചു.
ബെംഗളൂരു നഗരത്തിലെ പച്ചപ്പ് വർധിപ്പിക്കുകയാണ്. ഇതോടൊപ്പം, മാടപ്പനഹള്ളിയിൽ 153 ഏക്കറിൽ ലാൽബാഗ് മാതൃകയിൽ വിശാലമായ സസ്യോദ്യാനം സ്ഥാപിക്കുന്നുണ്ട്. ഹെസർഘട്ടയിൽ 5,678 ഏക്കർ ഭൂമി സംരക്ഷിത പുൽമേടായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നും ഖൺഡ്രെ പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ചടങ്ങിൽ പങ്കെടുത്തു.

