കുമ്പളയിൽ ടോൾ പ്ലാസ സ്ഥാപിക്കും -ദേശീയപാത അതോറിറ്റി
text_fieldsപ്രതീകാത്മക ചിത്രം
കാസർകോട്: ടോൾ പ്ലാസ നിർമിക്കാൻ ദേശീയപാത അതോറിറ്റിക്ക് അവകാശമുണ്ടെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി ദേശീയപാത അതോറിറ്റിയോട് കുമ്പള ടോൾ വിഷയത്തിലെ അവ്യക്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചോദിച്ച മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്. ദേശീയപാത 66ൽ ജില്ലയിൽ 81 കിലോമീറ്ററിൽ 70 കിലോമീറ്ററിൽ ആറുവരി വികസനം പൂർത്തിയായി. ആദ്യ റീച്ചായ തലപ്പാടി ചെങ്കള റീച്ചിൽ 39 കിലോമീറ്ററിൽ 99.2 ശതമാനം പ്രവൃത്തിയും പൂർത്തിയായി. കുമ്പള ടോൾ വിഷയത്തിൽ സബ്മിഷൻ ഉന്നയിച്ച എ.കെ.എം. അഷ്റഫ് എം.എൽ.എക്ക് നൽകിയ മറുപടിയിലാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇക്കാര്യമറിയിച്ചത്.
കുമ്പളക്ക് സമീപത്തായി താൽക്കാലിക ടോൾപ്ലാസ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് വിഷയം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. 'വികസന പ്രവർത്തനം നടത്തുന്നതിന് യൂസർ ഫീസ് മുഖേന വരുമാനം വീണ്ടെടുക്കുകയെന്നത് രാജ്യമെമ്പാടും ദേശീയപാത പദ്ധതി പോലെ പിന്തുടരുന്ന നടപടിയാണെന്നാണ് ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി നൽകിയ മറുപടിയിൽ പറയുന്നത്. നാഷനൽ ഹൈവേ ആക്ട് സെക്ഷൻ ഒമ്പത് പ്രകാരം രൂപപ്പെടുത്തിയ നാഷനൽ ഹൈവേസ് ഫീസ് (ഡിറ്റർമിനേഷൻ ഓഫ് റേറ്റ്സ് ആൻഡ് കലക്ഷൻ) റൂൾസ്, 2008ലെ ചട്ടം 8(2) പ്രകാരം ഒരേഭാഗത്തേക്കും ഒരേ ദിശയിലുമായി രണ്ടു ടോൾ പ്ലാസകൾ സാധാരണയായി 60 കിലോമീറ്റർ ദൂരത്തിനുള്ളിൽ സ്ഥാപിക്കാൻ പാടില്ലെന്നുണ്ട്.
എന്നാൽ, വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ സവിശേഷ സാഹചര്യങ്ങളിൽ 60 കിലോമീറ്റർ ദൂരത്തിനുള്ളിൽ ടോൾ പ്ലാസ സ്ഥാപിക്കാൻ ഏജൻസിക്ക് അധികാരമുണ്ട്. ചട്ടം 8(2) പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ച്, ദേശീയപാത അതോറിറ്റി ചെയർമാന്റെ അംഗീകാരത്തോടെയാണ് താൽക്കാലിക ടോൾ പ്ലാസ സ്ഥാപിച്ചത്. ക്രമീകരണം താൽക്കാലിക സ്വഭാവമുള്ളതാണെന്നും ടോൾ പ്ലാസ മുഖേന പൂർത്തിയായ 39 കിലോമീറ്റർ ദൂരത്തിന് മാത്രമാണ് യൂസർ ഫീസ് പിരിക്കുന്നതെന്നും പൂർത്തിയായ ഭാഗത്തിന് ചെലവായ തുക വീണ്ടെടുക്കുകയെന്ന ലക്ഷ്യമെന്നും അതോറിറ്റി പറയുന്നു. ചെങ്കള-നീലേശ്വരം സ്ട്രെച്ച് പൂർത്തിയായാൽ താൽക്കാലിക ടോൾ പ്ലാസ പിൻവലിക്കുകയും നിയമപ്രകാരം സ്ഥലം കണ്ടെത്തി സ്ഥിരം പ്ലാസ സ്ഥാപിക്കുകയും ചെയ്യും.
നിയമസഭയിലുന്നയിച്ച് എം.എൽ.എ
കാസർകോട്: ദേശീയപാത 66 കുമ്പളയിൽ ടോൾ ഗേറ്റ് സ്ഥാപിക്കാനുള്ള നീക്കം തടയാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടണമെന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു. ദേശീയപാത 66ൽ നിലവിൽ തലപ്പാടിയിൽ ടോൾ പിരിവുണ്ട്. ഇവിടെനിന്ന് 20 കി.മീറ്റർ വ്യത്യാസത്തിൽ രണ്ടാമത് ഒരുടോൾ പിരിവ് നടത്തുന്നത് നിയമവിരുദ്ധമാണ്. 60 കി.മീറ്ററിനുള്ളിൽ ടോൾ പിരിക്കില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി പാർലമെന്റിൽ പ്രഖ്യാപിച്ചതാണ്.
ഇതിന് വിരുദ്ധമായാണ് അതോറിറ്റി ടോൾ പിരിക്കാനിറങ്ങുന്നത്. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ ജനങ്ങൾ പ്രധാനമായും വ്യാപാരം, തൊഴിൽ, വിദ്യാഭ്യാസം, ആതുരസേവനം എന്നിവക്കായി ഏറെയും മംഗളൂരുവിനെയാണ് ആശ്രയിക്കുന്നത്. ഇവിടെനിന്ന് മംഗളൂരുവിലെത്താൻ രണ്ടിടത്ത് ടോൾ നൽകേണ്ടിവരും. രണ്ട് ടോൾ ഗേറ്റുകൾ തമ്മിൽ 60 കി.മീ ദൂരവ്യത്യാസം വേണമെന്നിരിക്കെ കുമ്പളയിൽ ടോൾ ഈടാക്കുന്നത് അന്യായമാണെന്ന് എം.എൽ.എ സബ്മിഷനിൽ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

