കോടതിയിൽ സർക്കാറിനെതിരെ ഏറ്റുമുട്ടൽ കടുപ്പിച്ച് പി.കെ. ശശി
text_fieldsകൊച്ചി: ഏറെ നാളായി ഒളിഞ്ഞും തെളിഞ്ഞും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി.കെ. ശശി കോടതി വ്യവഹാരങ്ങളിലും സർക്കാറുമായി ഏറ്റുമുട്ടലിലേക്ക്. താൻ ചെയർമാനായ മണ്ണാർക്കാട് കോ-ഓപറേറ്റീവ് എജുക്കേഷനൽ സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ സഹകരണ സ്പെഷൽ ഗവ. പ്ലീഡർ പി.പി. താജുദ്ദീനെതിരെ ആരോപണമുന്നയിച്ചാണ് കോടതിയിലും ശക്തമായ ഏറ്റുമുട്ടലിന് ശശി കളമൊരുക്കിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് നടപടികളിൽ കോടതി ഇടപെട്ടില്ലെങ്കിലും വ്യക്തിപരമായ ആരോപണത്തെ തുടർന്ന് സ്പെഷൽ ജി.പി കോടതി നടപടികളിൽനിന്ന് വിട്ടുനിൽക്കുന്നതടക്കം സർക്കാർ ശക്തമായ എതിർപ്പ് അറിയിച്ചിരിക്കുകയാണ്. കോടതി നിർദേശ പ്രകാരം നൽകിയ സത്യവാങ്മൂലത്തിൽ ആരോപണം മയപ്പെടുത്തിയെങ്കിലും ശശി നിലപാട് മാറ്റിയിട്ടില്ല.
കെ.ടി.ഡി.സി ചെയർമാൻ കൂടിയായ ശശിയുമായി ബന്ധപ്പെട്ട് നിലവിലുള്ള ഹരജികളിലെല്ലാം എതിർകക്ഷി സ്ഥാനത്ത് സർക്കാറുണ്ട്. രമേശ് ചെന്നിത്തലയടക്കം മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി ഹരജി നൽകാറുള്ള മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം, കോഴിക്കോട് എം.പിയും കോൺഗ്രസ് നേതാവുമായ എം.കെ. രാഘവന്‍റെ മകൻ അർജുൻ രാഘവൻ തുടങ്ങിയവരാണ് ശശിക്ക് വേണ്ടി വാദിക്കാനെത്തുന്ന അഭിഭാഷകർ.
സൊസൈറ്റി ഭരണസമിതി യോഗങ്ങൾ കൃത്യമായി കൂടുന്നില്ലെന്നും ചെയർമാനെതിരെ സെക്രട്ടറി നൽകിയ പരാതിയിൽ നടപടികളുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി സൊസൈറ്റിക്ക് കീഴിലെ സ്ഥാപനത്തിലെ ചില ജീവനക്കാർ ഒന്നേകാൽ വർഷം മുമ്പ് നൽകിയ ഹരജിയിലൂടെയാണ് നിയമനടപടികളുടെ തുടക്കം. സർക്കാറും സി.പി.എം നേതാവ് കൂടിയായ സെക്രട്ടറി മനോജും പി.കെ. ശശിയും ഇതിലെ കക്ഷികളായിരുന്നു. പിന്നീട് സെക്രട്ടറി ഓഫിസിൽ പ്രവേശിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളുമായി ശശി കോടതിയെ സമീപിച്ചു. ഇതിലെല്ലാം അദ്ദേഹത്തിന്‍റെ വാദങ്ങൾക്ക് വിരുദ്ധമായിരുന്നു സർക്കാർ നിലപാട്.
സൊസൈറ്റി ഭരണസമിതിയുടെ കാലാവധി തീരുന്ന സാഹചര്യത്തിൽ തന്നെയടക്കം ഉൾപ്പെടുത്തി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപവത്കരിക്കണമെന്ന ആവശ്യവുമായും ശശി കോടതിയെ സമീപിച്ചു. എന്നാൽ, മറ്റ് ചിലരെ ഉൾപ്പെടുത്തിയാണ് സഹകരണ രജിസ്ട്രാർ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുണ്ടാക്കിയത്. ശശിയുടെ ഹരജിയിൽ, കമ്മിറ്റി രൂപീകരണം കോടതി സ്റ്റേ ചെയ്ത് സഹകരണ ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്ററാക്കി.
മറ്റ് തടസ്സങ്ങളില്ലെങ്കിൽ തെരഞ്ഞെടുപ്പ് നടത്താനും ഉത്തരവിട്ടു. എന്നാൽ, വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് നടപടികൾ നീണ്ടു. പിന്നീട് അഡ്മിനിസ്ട്രേറ്റർ തയാറാക്കിയ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചപ്പോഴാണ് ഗവ. പ്ലീഡർക്കെതിരായ ആരോപണങ്ങളുമായി ശശി വീണ്ടും കോടതിയിലെത്തിയത്. ഗവ. പ്ലീഡർ ദുരുദ്ദേശ്യപരമായി ഇടപെട്ടെന്നും അഡ്മിനിസ്ട്രേറ്ററെ നിർബന്ധിച്ച് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചുവെന്നുമായിരുന്നു ആരോപണം.
താജുദ്ദീൻ നിർബന്ധിച്ചതുകൊണ്ടാണ് തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് അഡ്മിനിസ്ട്രേറ്റർ തന്നോട് പറഞ്ഞുവെന്നാണ് ശശിയുടെ സത്യവാങ്മൂലത്തിലുള്ളത്. തെരഞ്ഞെടുപ്പ് തടഞ്ഞിട്ടില്ലെങ്കിലും ഹരജിയിൽ അന്തിമ തീർപ്പാകാത്ത സാഹചര്യത്തിൽ പി.കെ. ശശിയും സർക്കാറും കോടതിയിൽ തുടരുന്ന കടുത്ത നിലപാട് കോടതിക്ക് പുറത്തും വരും ദിവസങ്ങളിൽ ചർച്ചയാകും.

