ഭൂമി തരംമാറ്റൽ; നിരന്തര ഉത്തരവുകളിൽ കുരുങ്ങി നെൽവയൽ സംരക്ഷണ നിയമം
text_fieldsപാലക്കാട്: തുടർച്ചയായുള്ള സർക്കാർ ഉത്തരവുകളിലും കോടതിവിധികളിലും കുരുങ്ങി 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ദുർബലമാകുന്നു. ഭൂമി തരംമാറ്റൽ നടപടി ലഘൂകരിക്കുന്നതിന്റെ പേരിൽ, റവന്യൂ ഉദ്യോഗസ്ഥർക്കുപോലും മനസ്സിലാകാത്ത രീതിയിൽ ഇറങ്ങുന്ന ഉത്തരവുകൾ നെൽവയൽ നീർത്തട-സംരക്ഷണ നിയമത്തിന്റെ സത്തപോലും ചോർത്തുന്നതാണെന്നാണ് ആക്ഷേപം.
കഴിഞ്ഞ 17ന് ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാൻ റവന്യൂമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, വില്ലേജ് ഓഫിസർമാർ സമർപ്പിക്കേണ്ട അന്വേഷണ റിപ്പോർട്ടുകളിൽ വരുത്തിയ മാറ്റമാണ് ഏറ്റവും ഒടുവിലത്തേത്. ഭൂമി ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടതാണോ, ഫോറം അഞ്ചിൽ അപേക്ഷ നൽകി ഒഴിവാക്കിയിട്ടുണ്ടോ, ഭൂമി സ്വഭാവവ്യതിയാനം വരുത്തിയാൽ സമീപ ഭൂമിയിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുമോ, സൗജന്യ പരിവർത്തനത്തിന് യോഗ്യമാണോ തുടങ്ങിയവ മാത്രം റിപ്പോർട്ട് ചെയ്താൽ മതിയെന്ന പ്രത്യേക ഉത്തരവാണ് മന്ത്രിസഭായോഗ തീരുമാനത്തെത്തുടർന്ന് കഴിഞ്ഞമാസം 25ന് ഇറങ്ങിയത്.
2008 ആഗസ്റ്റ് 12ന് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നടപ്പായശേഷം, നിരവധി ഉത്തരവുകളും നിർദേശങ്ങളുമാണ് വന്നത്. പലതും കോടതി വ്യവഹാരങ്ങൾക്കും കാരണമായി. തണ്ണീർത്തടങ്ങളുടെ പരിപൂർണ സംരക്ഷണമാണ് നിയമത്തിന്റെ ലക്ഷ്യമെന്നതിനാൽ, ആദ്യം അത്തരം ഭൂമികളുടെ ഉപയോഗത്തിൽ കർശന നിയന്ത്രണം വന്നു. പിന്നീട് സർക്കാറിലേക്ക് കനത്ത ഫീസ് ഈടാക്കി അത്തരം ഭൂമികൾ പരിവർത്തനം ചെയ്യാൻ അനുമതി നൽകി. തുടർന്ന് 25 സെന്റ് വരെ നികത്താൻ ഫീസ് അടക്കേണ്ടതില്ലെന്ന പ്രഖ്യാപനവുമുണ്ടായി. പക്ഷേ, നികത്താൻ ഉപഗ്രഹചിത്രം അനിവാര്യമെന്നും അക്ഷാംശം, രേഖാംശം എന്നിവ വ്യക്തമായി രേഖപ്പെടുത്തണമെന്നും നിബന്ധന വെച്ചു.
കൂടാതെ, അപേക്ഷഭൂമിക്ക് പ്രത്യേക സബ് ഡിവിഷൻ വേണമെന്ന നിബന്ധന കർശനമാക്കി. പിന്നീട് വേണ്ടെന്ന് കാണിച്ച് മാറ്റം വരുത്തി. നിരന്തര ഉത്തരവുകൾ അപേക്ഷകരിൽ ആശങ്ക പരത്തിയതോടെ രാഷ്ട്രീയസ്വാധീനം കൈമുതലാക്കി ഇടനിലക്കാർ ലാഭം കൊയ്യാനെത്തി. കോടതിയെ സമീപിച്ച് ചിലർക്ക് അനുകൂല ഉത്തരവ് നേടാനായെങ്കിലും പലരുടെയും പണം പോയി. വിഷയത്തിൽ നിരന്തരം വന്ന മാറ്റങ്ങൾ അറിയാതെ അപേക്ഷകർ പാതിവഴിയിൽ സ്തംഭിച്ചുനിന്നു. അനുമതി നൽകുന്ന ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ച് അധികാര വികേന്ദ്രീകരണം നടത്തിയിട്ടും ഭൂരിഭാഗം അപേക്ഷകളിലും തീരുമാനമായില്ല.

