പുലിയെ ഉൾവനത്തിൽ തുറന്നു വിട്ടു
text_fieldsസുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചീരാൽ മേഖലയിൽ ഒരു മാസത്തിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുലി ഒടുവിൽ കൂട്ടിൽ കുടുങ്ങി. ബുധനാഴ്ച വെളുപ്പിന് കൂട്ടിലായ പുലിയെ വയനാട് വന്യജീവി സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നുവിട്ടു. ആറു വയസ്സുള്ള ആൺ പുലിയാണ് കൂട്ടിൽ കുടുങ്ങിയത്. പുലിക്ക് ആരോഗ്യപ്രശ്നങ്ങില്ലെന്ന് ബോധ്യപ്പെട്ടിരുന്നു.
തുടർന്ന് വ്യാഴാഴ്ച വെളുപ്പിന് തുറന്നു വിട്ടു. ചൊവ്വാഴ്ച പുളിഞ്ചാലിൽ ഒൻപത് മാസം പ്രായമുള്ള പശുക്കിടാവിനെ പുലി കൊന്നു തിന്നിരുന്നു. കാടംതൊടി സെയ്താലിയുടെ പശുക്കിടാവാണ് നഷ്ടപ്പെട്ടത്. ഇത് നാട്ടുകാരുടെ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്നാണ് കൂട് സ്ഥാപിക്കാൻ വനംവകുപ്പ് തയാറായത്.
അതേസമയം, ചീരാലിൽ വേറെയും പുലികളുണ്ടെന്നാണ് നാട്ടുകാർ പരാതി ഉന്നയിക്കുന്നത്. വനം പോലെ കിടക്കുന്ന നിരവധി സ്വകാര്യ കൃഷിയിടങ്ങൾ ഇവിടെയുണ്ട്. ഈ കൃഷിയിടങ്ങളിലാണ് പുലി തമ്പടിക്കുന്നത്.

