അടിസ്ഥാന സൗകര്യങ്ങളില്ലാതെ അച്ചൂർ ഉന്നതി
text_fieldsഅച്ചൂർ: പൊഴുതന പഞ്ചായത്തിലെ ഉന്നതികളിലെ നൂറോളം കുടുംബങ്ങൾ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതം പേറുന്നു. 11ാം വാർഡ് അച്ചൂരാനം വില്ലേജിലുൾപ്പെട്ട അച്ചൂർ നാല്, അഞ്ച് സെന്റ് ലക്ഷംവീട് ഉന്നതിവാസികൾക്കാണ് വർഷങ്ങളായി അടിസ്ഥാന സൗകര്യങ്ങളില്ലാത്തത്. അടച്ചുറപ്പുള്ള വീട്, റോഡ്, കുടിവെള്ളം, പട്ടയം എന്നിവ ഇന്നുമിവർക്ക് അന്യമാണ്.
മറ്റൊരു തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകൂടി അടുത്തിരിക്കേ ഇവരുടെ രോദനം ആരും ചെവിക്കൊള്ളുന്നില്ല. കഴിഞ്ഞ അര നൂറ്റാണ്ടായി ആവശ്യമായ ഭൂരേഖയില്ലാത്തതിനാൽ സർക്കാറിന്റെ ആനുകൂല്യങ്ങള1ൊന്നും ഇവർക്ക് ലഭിക്കുന്നില്ല.
ലൈഫ് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചിട്ടും വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് വീടുകളനുവദിച്ചത്. പലരും ഇടിഞ്ഞു വീഴാറായ വീടുകളിലാണ് അന്തിയുറക്കം. സർക്കാർ പദ്ധതിയിൽ 1990കളിലാണ് നാലു സെന്റ് ഭൂമി ഇവർക്ക് പതിച്ച് നൽകിയത്. ലക്ഷംവീട് അനുവദിച്ചപ്പോൾ പഞ്ചായത്തധികൃതർ നൽകിയ അനുവാദപത്രമാണ് കൈവശമുള്ള ഏക രേഖ.
ബാങ്ക് വായ്പയുൾപ്പെടെയുള്ളവ പട്ടയമില്ലാത്തതിനാൽ ലഭിക്കുന്നില്ല. പലപ്പോഴും റവന്യു വകുപ്പിന്റെ പ്രത്യേക നിർദേശത്തിൽ പട്ടയ വിതരണം നടക്കുമ്പോഴും ഉന്നതിയിലെ ഭൂരിപക്ഷം പേർക്കും ലഭിച്ചിട്ടില്ല. സാങ്കേതിക പ്രശ്നങ്ങളാണ് തടസ്സം പറയുന്നത്. മാസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് അംഗങ്ങൾ ഇടപെട്ട് പട്ടയം ലഭിക്കാനുള്ള നീക്കം നടത്തിയിരുന്നു. കുടിവെള്ള പ്രശ്നമാണ് കോളനിക്കാർ അനുഭവിക്കുന്ന മറ്റൊരു വലിയ ബുദ്ധിമുട്ട്.
ആഴ്ചയിൽ ഓരോ ദിവസവുമിടവിട്ട് കനകമല കുടിവെള്ള പദ്ധതി പ്രകാരം ലഭിക്കുന്ന വെള്ളമായിരുന്നു കുടുംബങ്ങളുടെ ഏക ആശ്രയം. വരൾച്ചയുള്ളപ്പോൾ പലപ്പോഴും കുടിവെള്ളം മുടങ്ങുന്നു. ആവശ്യാനുസരണം കുടിവെള്ളം ലഭിക്കാതായതോടെ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ സ്വകാര്യ എസ്റ്റേറ്റിനുള്ളിൽ കുടിവെള്ള ടാങ്ക് അടക്കമുള്ളവ നിർമിച്ചങ്കിലും പദ്ധതി പ്രകാരമുള്ള വെള്ളം ഇനിയും ലഭ്യമായിട്ടില്ല.
നിലവിൽ നോർത്ത് അച്ചൂരിൽനിന്നും നാലുസെന്റ് കോളനിയിലേക്ക് എത്താനുള്ള റോഡ് തകർന്നു തരിപ്പണമായിരിക്കുകയാണ്. കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ ഓട്ടോ അടക്കമുള്ള വാഹനങ്ങൾ കടന്നുപോവാനും പ്രയാസമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ രാഷ്ട്രീയപാർട്ടികൾ അടിയന്തരമായി ഇടപെടണമെന്നാണ് കോളനിക്കാർ പറയുന്നത്.

