വെട്ടം സ്വദേശിക്ക് അമീബിക് മസ്തിഷ്കജ്വരം; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി അധികൃതർ
text_fieldsആശാവർക്കർമാരുടെ നേതൃത്വത്തിൽ വെട്ടം പഞ്ചായത്തിൽ ക്ലോറിനേഷൻ നടത്തുന്നു
തിരൂർ: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരൂർ വെട്ടം സ്വദേശിയായ 78കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി അധികൃതർ.
കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് രോഗ ലക്ഷണങ്ങളോടെ 78കാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ, രോഗ ഉറവിടം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. കഴിഞ്ഞദിവസം ജലസ്രോതസ്സുകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധനക്കായി തിരുവനന്തപുരം പബ്ലിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ശേഖരിച്ച വെള്ളത്തിന്റെ പരിശോധന ഫലം ലഭ്യമായശേഷം കൂടുതൽ സുരക്ഷ നടപടികളിലേക്ക് കടക്കും.
മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. പ്രസന്നകുമാർ വളവത്ത് പറഞ്ഞു. മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിൽ വെട്ടം കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ അടിയന്തരമായി ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ച് ചേർക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന് പഞ്ചായത്തിലെ മിക്ക വാർഡുകളിലും ആരോഗ്യ, ശുചിത്വ സമിതി ചേർന്ന് കിണറുകൾ ഉൾപ്പെടെയുള്ള ജല സ്രോതസ്സുകളിൽ മാസ് ക്ലോറിനേഷൻ ചെയ്ത് തുടങ്ങിയത്. കൂടാതെ ഗൃഹസന്ദർശനവും ജല ശുദ്ധീകരണവും ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങളും പനി സർവേയും ആരംഭിക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ വാർഡ് മെംബർ രഞ്ജുഷ, ഹെൽത്ത് സൂപ്പർവൈസർ, ജെ. എച്ച്.ഐമാർ, ജെ.പി.എച്ച്.എൽമാർ, നഴ്സുമാർ, ആശാപ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

