പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ സംശയം; കേസ്
text_fieldsകോഴിക്കോട്: കുറ്റിക്കാട്ടൂരിൽ നാലു മാസമായ പെൺകുഞ്ഞിന്റെ മരണത്തിൽ സംശയം ഉയർന്നതിനെത്തുടർന്ന് പൊലീസ് കേസെടുത്തു. കുറ്റിക്കാട്ടൂർ വയലങ്കര ഷിഖിന്റെയും അഞ്ജനയുടെയും മകൾ ആയുക്തയാണ് മരിച്ചത്.
കഴിഞ്ഞ 30ന് രാത്രി എട്ടോടെ കുഞ്ഞ് ബോധരഹിതയായി കണ്ടതിനെ തുടർന്ന് പൂവാട്ട്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡി. കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
എന്നാൽ, 10.30ഓടെ കുഞ്ഞ് മരിച്ചു. പരിശോധനയിൽ കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തണമെന്ന് അറിയിച്ചെങ്കിലും ഒപ്പമുള്ളവർ സമ്മതിച്ചില്ല. തുടർന്ന് ഡോക്ടർമാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കളുമായി പൊലീസ് സംസാരിക്കുകയും ഷിഖിന്റെ പിതാവിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.
മെഡി. കോളജ് പൊലീസ് നടത്തിയ ഇൻക്വസ്റ്റിൽ കുഞ്ഞിന്റെ കാലിലും മറ്റും മർദനമേറ്റതു പോലുള്ള പാടുകൾ കണ്ടെത്തി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

