സൂപ്പർ ലീഗ് കേരള; ആവേശം വിതറി പന്തും പാട്ടും
text_fieldsകോഴിക്കോട്: കാഴ്ചക്കാരുടെ ഹൃദയങ്ങളിൽ ആവേശവും മിഴിവും നിറഞ്ഞ നിമിഷങ്ങളുടെ ചിത്രം വരച്ച സൂപ്പർ ലീഗ് കേരള രണ്ടാം സീസണ് നഗരത്തിൽ ആവേശത്തുടക്കം. കളിക്കു മുമ്പേതന്നെ കാണികളെയും താരങ്ങളെയും മാജിക്കുപോലെ മയക്കിക്കൊണ്ടുപോയ ഉദ്ഘാടന ചടങ്ങിൽ കേരളീയ പൊലിമതന്നെ നിഴലിട്ടുനിന്നതും വേറിട്ടതായി.
ചെണ്ടമേളത്തിന്റെയും പാൽക്കാവടിയുടെയും നാടോടി കലാരൂപങ്ങളുടെയും അകമ്പടിയിൽ പൂരപ്രതീതി ഉണർത്തിയ ഉദ്ഘാടന ചടങ്ങും കളിയുടെ ആദ്യ പാതിയിലെ ഇടവേളയിൽ പുതുതലമുറയുടെ ആവേശമായ വേടന്റെ സംഗീത വിരുന്നും ലൈറ്റ്ഷോയും കാണികൾക്ക് കണ്ണിനും കാതിനും കൂടുതൽ കുളിരേകി.
ജഴ്സിയണിഞ്ഞ് കളി കാണാനും കൈയടിക്കാനും കാത്തിരുന്ന ആയിരങ്ങളെ ഗായകരായ ഹനാൻ ഷായും അനാർക്കലി മരക്കാറും ആവേശം കൊള്ളിച്ചപ്പോൾ കാൽപന്തുകളി കോഴിക്കോടിന്റെ സിരകളിൽ പടരുന്ന സംഗീതം കൂടിയാണെന്ന് തെളിയിച്ചു. ചടങ്ങ് ആവോളം ആസ്വദിച്ച ആരാധകർ കളിക്കാർക്കുള്ള പ്രോത്സാഹനത്തിനുള്ള തളരാത്ത കുരുത്തുകൂടിയാക്കി ഉദ്ഘാടന ചടങ്ങിനെ മാറ്റി.
സൂപ്പർ ലീഗ് കേരള ഫുട്ബാൾ ഉദ്ഘാടന മത്സരത്തോടനുബന്ധിച്ച് വേടനും സംഘവും ഒരുക്കിയ സംഗീതവിരുന്ന്
കഴിഞ്ഞ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി കാണികൾക്കെല്ലാം കാണുംവിധം ഉദ്ഘാടന ചടങ്ങിന്റെ സ്റ്റേജ് മാറ്റവും സംവിധാനവും ചടങ്ങിനെ കൂടുതൽ ഹൃദ്യവും ആകർഷകവുമാക്കി. നഗരത്തിന്റെ ഹൃദയസ്ഥാനമായ കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി എട്ടിന് ആരംഭിച്ച ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് എഫ്.സിയും ഫോഴ്സ് കൊച്ചിയും തമ്മിൽ നടന്ന തീപാറിയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ സ്റ്റേഡിയത്തിലെത്തിയത് 22000ത്തോളം കാണികളാണ്.
അവസാന വിസിൽ മുഴങ്ങിയിട്ടും ആരാധക മനസ്സിൽ നിലക്കാത്ത കളിയും കളിച്ചടങ്ങും പകർന്നതോടെ സൂപ്പർ ലീഗ് കേരള രണ്ടാം പതിപ്പ് കോഴിക്കോടൻ മണ്ണിലെ ഫുട്ബാൾ കരുത്ത് ഒരിക്കൽകൂടി അടയാളപ്പെടുത്തി. അവധി ദിവസമായിരുന്നിട്ടുകൂടി വലിയ ഗതാഗത സ്തംഭനമാണ് മാനാഞ്ചിറയിലും പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുമുണ്ടായത്.
അഹമ്മദ് ദേവർകോവിൽ എം.എൽ.എ, കാലിക്കറ്റ് എഫ്.സിയുടെ അംബാസഡറും സിനിമ താരവുമായ ബേസിൽ ജോസഫ്, കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, കാലിക്കറ്റ് എഫ്.സി ഉടമ വി.കെ. മാത്യൂസ്, നവാസ് ബീരാൻ, സൂപ്പർ ലീഗ് കേരള സി.ഇ.ഒ മാത്യു ജോസഫ്, ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു.

