അപകടമൊഴിയാതെ സംസ്ഥാന പാത; രണ്ടു ദിവസത്തിനിടെ രണ്ട് അപകടങ്ങൾ
text_fieldsമുക്കം: അപകടങ്ങൾ തുടർക്കഥയായ എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ വീണ്ടും അപകടം. രണ്ടു ദിവസത്തിനിടെ നടന്ന രണ്ട് അപകടങ്ങളിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് ഗോതമ്പ് റോഡിൽ കാറും ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ മുക്കം ഭാഗത്തേക്ക് വന്ന കാർ ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. രണ്ടു സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിലെ യാത്രക്കാർക്കും പരിക്കുണ്ട്.
മുക്കം പെരുമ്പടപ്പിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചത് ചൊവ്വാഴ്ച രാത്രി 10.15ഓടെയാണ്. താമരശ്ശേരി അടിവാരത്തുനിന്ന് രോഗിയുമായി മുക്കത്തെ ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസാണ് മുക്കം ഭാഗത്തുനിന്ന് വന്ന സ്വിഫ്റ്റ് കാറുമായി കൂട്ടി ഇടിച്ചത്. രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആംബുലൻസിന്റെ മുൻഭാഗവും കാർ പൂർണമായും തകർന്ന നിലയിലാണ്.

