പെരുവയലിൽ വൻ തീപിടിത്തം; പെയിന്റ് കട കത്തിനശിച്ചു
text_fieldsമാവൂർ: പെരുവയൽ അങ്ങാടിയിലെ കെട്ടിടത്തിൽ വൻ തീപിടിത്തം. രാജധാനി ബിൽഡിങ്ങിൽ പ്രവർത്തിച്ച കളർ മാർട്ട് പെയിന്റ് കടക്കാണ് തീപിടിച്ചത്.
രണ്ട് മുറികളിലായി പ്രവർത്തിച്ച പെയിൻറ് കട പൂർണമായി കത്തിനശിച്ചു. സമീപത്തെ രണ്ട് കടകൾക്കും മുകൾനിലയിലെ സ്ഥാപനങ്ങൾക്കും കേടുപാടുണ്ടായി. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. പെയിൻറ് സൂക്ഷിച്ച മുറിയിലാണ് തീപിടിച്ചത്. പെട്ടെന്ന് തീ ആളിക്കത്തിയതോടെ, പെയിന്റ് വാങ്ങാനെത്തിയവരും ജീവനക്കാരും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും നിമിഷ നേരംകൊണ്ട് തീ ആളിപ്പടർന്നു. വെള്ളിമാടുകുന്ന്, മുക്കം, മീഞ്ചന്ത, നരിക്കുനി എന്നീ അഗ്നിരക്ഷ നിലയങ്ങളിൽനിന്നുള്ള അഞ്ച് ഫയർ യൂനിറ്റുകളെത്തി രണ്ട് മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്.
ഈ കെട്ടിടത്തിലെ സ്വലാഹ് കൂൾബാറിനും തീപിടിക്കുകയും വൻ നാശനഷ്ടമുണ്ടാകുകയും ചെയ്ത. സമീപത്തെ ഹോട്ട് ആൻഡ് കൂൾ കൂൾബാർ, മുകൾനിലയിലെ മെന്റേഴ്സ് കോച്ചിങ് സെന്റർ എന്നിവക്കും കേടുപാടുപറ്റി. പെട്ടെന്ന് തീ നിയന്ത്രണവിധേയമാക്കിയതിനാൽ മറ്റ് കടകളിലേക്ക് പടരുന്നത് ഒഴിവായി. പുത്തൂർ മഠം സ്വദേശി റംഷീറിന്റെ ഉടമസ്ഥതയിലുള്ളതാണ് പെയിന്റ് കട.
പെയിന്റ് കടയിൽ മാത്രം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. മാവൂർ, മെഡിക്കൽ കോളജ്, കുന്ദമംഗലം സ്റ്റേഷനുകളിൽനിന്നുള്ള പൊലീസും സ്ഥലത്തെത്തി. അപകടത്തെത്തുടർന്ന് മാവൂർ-കോഴിക്കോട് റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.

