കാളമുക്ക് സര്‍ക്കാര്‍ ഹാര്‍ബറിലേക്ക് വഴിയൊരുക്കൽ; ഗോശ്രീ കവലയിലെ അനധികൃത മത്സ്യവിൽപന സ്റ്റാളുകള്‍ ഒഴിപ്പിച്ചു
text_fieldsവൈപ്പിന്‍: വൈപ്പിന്‍ ഗോശ്രീ കവലയില്‍ ജിഡയുടെ സ്ഥലത്തും സര്‍വിസ് റോഡിലും അനധികൃതമായി സ്ഥാപിച്ചിരുന്ന മത്സ്യവിൽപന സ്റ്റാളുകള്‍ ഒഴിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ വന്‍ പൊലീസ് സന്നാഹത്തോടെ എത്തിയാണ് ജിഡയും എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തും ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗവും നടപടി ആരംഭിച്ചത്.
സ്ഥിരമായുള്ള ആറ് ചമയങ്ങളും ഏതാനും തട്ടുകളുമാണ് നീക്കം ചെയ്യേണ്ടിയിരുന്നത്. എന്നാൽ, നടപടികള്‍ തുടങ്ങിയതോടെ മത്സ്യവിൽപനക്കാരില്നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ മുന്നില്‍ കിടന്നും അവര്‍ പ്രതിഷേധിച്ചു. സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ പൊലീസ് കച്ചവടക്കാരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി. കുറച്ചുനേരം നീണ്ട വാക്തര്ക്കങ്ങള്ക്കൊടുവില് മുഴുവന്‍ ചമയങ്ങളും നീക്കം ചെയ്യുകയായിരുന്നു.
2010ല്‍ 1.10 കോടി രൂപ ചെലവഴിച്ച് കാളമുക്കില്‍ സ്ഥാപിച്ച ഫിഷ് ലാൻഡിങ് സെന്റര്‍ റോഡോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ഇതുവരെ പ്രവര്‍ത്തന സജ്ജമായിരുന്നില്ല.
സ്വകാര്യ ഹാര്‍ബറിനെ ആശ്രയിക്കേണ്ടി വന്നിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഫിഷ് ലാൻഡിങ് സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്ന ആവശ്യവുമായി നിരവധി സമരങ്ങള്‍ നടത്തിയിരുന്നു.

