കണ്ണപുരം സ്ഫോടനം; പ്രതി അനൂപ് മാലിക്കിന് ജാമ്യമില്ല
text_fieldsതലശ്ശേരി: കണ്ണപുരം കീഴറയിൽ അനധികൃത സ്ഫോടക വസ്തു ശേഖരം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച കേസിൽ മുഖ്യപ്രതി അനൂപ് മാലിക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജില്ല സെഷൻസ് കോടതി ജാമ്യം നിരസിച്ചത്. അനൂപ് മാലിക്കിന്റെ ബോംബ് നിർമാണ കേന്ദ്രമാണ് സ്ഫോടനത്തിൽ തകർന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത് കുമാർ കോടതിയിൽ ബോധിപ്പിച്ചു. സ്ഫോടനത്തിൽ പ്രതിയുടെ ഭാര്യാ സഹോദരൻ കൊല്ലപ്പെടുകയും ചുറ്റുമുള്ള നിരവധി വീടുകൾക്ക് കേടുപറ്റുകയും ചെയ്തിരുന്നു.
എടക്കാടിനടുത്ത് കല്യാണ പാർട്ടിക്ക് നേരെ എറിഞ്ഞ സ്ഫോടക വസ്തു എത്തിച്ചത് ഇയാളാണ്. സ്ഫോടക വസ്തുവുമായി ബന്ധപ്പെട്ട് നാല് പൊലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ അഞ്ച് കേസുകൾ നിലവിലുണ്ട്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച കേസിലും ഇയാൾ പ്രതിയാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂട്ടർ വാദിച്ചു.
ആഗസ്റ്റ് 30ന് പുലർച്ചെ രണ്ടിനാണ് അനൂപ് മാലിക്ക് വാടകക്ക് എടുത്ത കണ്ണപുരം കീഴറ കൂലോത്തിനടുത്ത റിട്ട. അധ്യാപകൻ ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയിൽ ചാലാട് സ്വദേശി മുഹമ്മദ് അഷാം കൊല്ലപ്പെട്ടു. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

