അന്തർസംസ്ഥാന തൊഴിലാളി രജിസ്ട്രേഷൻ ഇഴഞ്ഞുനീങ്ങുന്നു
text_fieldsതൊടുപുഴ: അന്തർസംസ്ഥാന തൊഴിലാളികളെ രേഖയിലാക്കാൻ തൊഴിൽ വകുപ്പ് ആരംഭിച്ച രജിസ്ട്രേഷൻ നടപടികൾ ജില്ലയിൽ ഇഴയുന്നു. ക്രിമിനൽ പ്രവൃത്തികൾ ചെയ്യുന്നവരെ തിരിച്ചറിയുന്നതടക്കമുള്ള കാര്യങ്ങൾ ലക്ഷ്യമിട്ടാണ് സംസ്ഥാന വ്യാപകമായി രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചത്.
സർക്കാർ കണക്കിൽ ജില്ലയിൽ 57,126 അന്തർസംസ്ഥാനക്കാർ
എന്നാൽ, സംസ്ഥാന തൊഴിൽ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തൊഴിലെടുക്കുന്നത് 57,126 അന്തർ സംസ്ഥാനക്കാരാണ്. അന്തർസംസ്ഥാന തൊഴിലാളികൾക്കായി വകുപ്പ് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളിലൂടെ രജിസ്റ്റർ ചെയ്തവരാണിവർ. ആവാസ്, കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി, അതിഥി പോർട്ടൽ എന്നിവ വഴിയാണ് ഇത്രയും അന്തർസംസ്ഥന തൊഴിലാളികൾ രേഖയിലിടം പിടിച്ചത്.
രജിസ്ട്രേഷൻ നാമമാത്രം
അന്തർസംസ്ഥാന തൊഴിലാളികളെ രേഖയിലാക്കാൻ സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അതൊന്നും കാര്യമായി ഫലം ചെയ്തില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തൊഴിൽ വകുപ്പ് വിവിധ വകുപ്പുകളും തൊഴിലുടമകളുമായി ചേർന്ന് ഇതിനായി വിവിധ കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു. പദ്ധതികളോട് അന്തർസംസ്ഥാന തൊഴിലാളികളും തൊഴിലുടമകളും മുഖംതിരിക്കുകയായിരുന്നു. സർക്കാർ കണക്ക് അനുസരിച്ച് ആവാസ് പദ്ധതിയിൽ 19,587 പേരും കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയിൽ 10,192 പേരും അതിഥി പോർട്ടൽ വഴി 27,347 പേരുമാണ് ജില്ലയിൽ രജിസ്റ്റർ ചെയ്ത അന്തർസംസ്ഥാന തൊഴിലാളികൾ.
അനൗദ്യോഗികമായി അന്തർസംസ്ഥാനക്കാർ ഏറെ
ഔദ്യോഗികമായി തൊഴിലെടുക്കുന്ന അന്തർസംസ്ഥാന തൊഴിലാളികൾ കുറവാണെങ്കിലും അനൗദ്യോഗികമായി ഇതിന്റെ മൂന്നിരട്ടിയോളം പേർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തൊഴിലെടുക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നത്. സാധാരണ ബംഗാൾ, ഝാർഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് മറ്റ് ജില്ലകളിൽ കൂടുതൽ തൊഴിലെടുക്കുന്നവരെങ്കിൽ ജില്ലയിൽ അവരെ കൂടാതെ മറ്റ് സംസ്ഥാനക്കാരുമേറെയുണ്ടെന്നാണ് പ്രത്യേകത. തേയിലത്തോട്ടങ്ങളിലും മറ്റും പണിയെടുക്കുന്ന തമിഴ്നാട് സ്വദേശികളുടെയും മറ്റ് അയൽ സംസ്ഥാന തൊഴിലാളികളുടെയും കണക്ക് ഒരു വകുപ്പിനുമില്ല.
ഇവരിൽ ഒരുവിഭാഗം വാഹനങ്ങളിൽ രാവിലെ വന്ന് വൈകീട്ട് മടങ്ങുകയാണെങ്കിൽ മറ്റൊരു വിഭാഗം ഇവിടെ തമ്പടിച്ചും ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിലും റിസോർട്ടുകളിലും ഹോട്ടലുകളിലുമെല്ലാം അന്തർസംസ്ഥാനക്കാർ തൊഴിലെടുക്കുന്നുണ്ട്.
ക്ഷേമ പദ്ധതികളേറെ; മുഖംതിരിച്ച്തൊ ഴിലാളികൾ
ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് സർക്കാർ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രതികരണം തണുപ്പനാണ്. ആവാസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ തൊഴിലാളിക്കും 25,000 രൂപ വരെ സൗജന്യ ചികിത്സ ധനസഹായം അടക്കം നൽകുന്നുണ്ട്. ഇതോടൊപ്പം 2010ലെ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് പദ്ധതി വിഭാവനം ചെയ്തിട്ടുള്ള ചികിത്സ സഹായം, മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള സഹായം, മരണാനന്തര സഹായം അടക്കം വിവിധ ക്ഷേമപദ്ധതികളും സർക്കാർ നടപ്പാക്കുന്നുണ്ട്. എന്നാൽ, രജിസ്ട്രേഷനിൽ കാര്യമായ പുരോഗതിയില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.
ജില്ലയിൽ രജിസ്റ്റർ ചെയ്ത അന്തർസംസ്ഥാന തൊഴിലാളികൾ
ആവാസ് പദ്ധതി 19,587
കുടിയേറ്റ തൊഴിലാളി ക്ഷേമനിധി 10,192
അതിഥി പോർട്ടൽ 27,347

