പശുക്കളെ വെട്ടി അയൽവാസി: തടയാൻ ശ്രമിച്ച ക്ഷീരകർഷകക്കും വെട്ടേറ്റു
text_fieldsതൃപ്പൂണിത്തുറ: വീട്ടിൽ വളർത്തിയ പശുക്കളെ കോടാലികൊണ്ട് വെട്ടി അയൽവാസി. തടയാൻ ശ്രമിച്ച ക്ഷീരകർഷകക്കും വെട്ടേറ്റു. എടയ്ക്കാട്ടുവയലിൽ പള്ളിക്കനിരപ്പേൽ പി.കെ. മനോജിന്റെ പശുക്കളെയാണ് ചൊവ്വാഴ്ച രാവിലെ അയൽവാസി വെട്ടിയത്.
സംഭവത്തിൽ അയൽവാസി വെള്ളക്കാട്ടുതടത്തിൽ വി.പി. രാജുവിനെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. കോടാലി ഉപയോഗിച്ച് ഒരു പശുവിന്റെ മുതുകിനും ഒരെണ്ണത്തിന്റെ കഴുത്തിനുമാണ് വെട്ടിയത്. വെട്ടേറ്റ പശുക്കളിലൊന്ന് പിന്നീട് ചത്തു. ആക്രമണം തടയാൻ ശ്രമിച്ച മനോജിന്റെ ഭാര്യ സുനിതയുടെ കൈക്കും വെട്ടേറ്റു.
ടാപ്പിങ് തൊഴിലാളിയായ മനോജ് പശുക്കളെയും വളർത്തിയാണ് കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. സംഭവം നടക്കുമ്പോൾ മനോജ് വീട്ടിലുണ്ടായിരുന്നില്ല. ഒരു വർഷമായി മനോജിന്റെ പശുവളർത്തൽ സംരംഭം പൂട്ടിക്കാൻ രാജു ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.
മലിനീകരണ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള സംവിധാനമൊരുക്കാൻ മനോജിനോട് അധികൃതർ നിർദേശിച്ചിരുന്നു. ഇതേതുടർന്ന് ബയോഗ്യാസ് പ്ലാന്റിന്റെയും സെപ്റ്റിക് ടാങ്കിന്റെയും നിർമാണം പൂർത്തീകരിക്കുകയും പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഇൻ-ചാർജ് മനോജിന് അനുകൂലമായ റിപ്പോർട്ട് ആഗസ്റ്റ് 29ന് മെഡിക്കൽ ഓഫിസർക്ക് നൽകുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായാണ് രാജു ആക്രമണം നടത്തിയതെന്നാണ് വിവരം.

