യാഥാർഥ്യമായത് സമഗ്രമാറ്റം; ഇനിയും മുന്നോട്ട് ഓടണം മെട്രോ
text_fieldsകൊച്ചി: പൊതുഗതാഗത രംഗത്ത് മാറ്റങ്ങളുമായി എത്തിയ കൊച്ചി മെട്രോയെയും അനുബന്ധ സംവിധാനങ്ങളെയും പദ്ധതികളെയും കുറിച്ച് ആഴത്തിൽ ചർച്ച ചെയ്ത ‘മാധ്യമം’ വാർത്ത പരമ്പര ‘എട്ടാണ്ടിന്റെ ട്രാക്കിൽ മെട്രോ’യോട് പ്രമുഖർ പ്രതികരിക്കുന്നു.
യാത്ര ദീർഘിപ്പിക്കേണ്ട ഘട്ടം -ടി.ജെ. വിനോദ് എം.എൽ.എ
പൊതുഗതാഗത രംഗത്ത് വലിയ മാറ്റം കൊച്ചി മെട്രോയിലൂടെയുണ്ടായിട്ടുണ്ട്. പലയിടത്തും മെട്രോ സംവിധാനം നഷ്ടം നേരിടുമ്പോൾ കൊച്ചിയിൽ അതെല്ലാം മറികടന്ന് മുന്നേറുകയാണ്. കുറേക്കൂടി യാത്ര ദീർഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കേണ്ട ഘട്ടമാണിത്. അങ്കമാലി, ചേർത്തല തുടങ്ങിയ പ്രദേശങ്ങളിലേക്ക് മെട്രോ സർവിസുകൾ നീട്ടുന്നതിന് മുന്നൊരുക്കം നടത്തേണ്ട സമയമായാണ് ഇതിനെ വിലയിരുത്തുന്നത്.
നഗരവികസനത്തിൽ സമഗ്ര മുന്നേറ്റം-ലോക്നാഥ് ബെഹ്റ
(മാനേജിങ് ഡയറക്ടർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കൊച്ചി വാട്ടർമെട്രോ ലിമിറ്റഡ്)
എട്ടുവർഷത്തിനിടെ മാറ്റംകൊണ്ടുവരാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് സാധിച്ചു. കാര്യക്ഷമമായ നഗരഗതാഗതം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി പുരോഗതിയുടെയും വ്യത്യസ്തമേഖലകളുടെ കൂടിച്ചേരലിന്റെയും സുസ്ഥിര വികസനത്തിന്റെയും പ്രതീകമായി മാറി. മെട്രോ ശൃംഖല വികസിപ്പിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും നഗര പരിവർത്തനത്തിന് മാതൃകയായി പ്രവർത്തിക്കുന്ന ഒരു മെട്രോ സംവിധാനം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സമഗ്രമായ നഗരഗതാഗതം ഒരുക്കുന്നതിനപ്പുറം വാട്ടർമെട്രോ, കനാൽ നവീകരണം, ഇ-ഫീഡർ ബസുകൾ, ഇ-ഓട്ടോറിക്ഷകൾ, പബ്ലിക് സൈക്കിൾ ഷെയറിങ് പദ്ധതി തുടങ്ങിയവക്കും കെ.എം.ആർ.എൽ നേതൃത്വം നൽകി.
മെട്രോ വിമാനത്താവളവുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യം -അൻവർ സാദത്ത് എം.എൽ.എ
യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ശ്രദ്ധേയമായ പദ്ധതിയാണ് കൊച്ചിമെട്രോ. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാൻ മെട്രോയിലൂടെ സാധിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്കുണ്ടെന്ന വിവരം കിട്ടിയാൽ മെട്രോയിൽ ആലുവയിൽനിന്ന് കയറി യാത്ര ചെയ്ത് തിരികെ ഇവിടേക്ക് സുഗമമായി എത്താറുണ്ട്. എല്ലാ പ്രധാന കേന്ദ്രങ്ങളിലേക്കും മെട്രോ സർവിസ് എത്തണമെന്നതാണ് ആവശ്യം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്രയും വേഗം കൊച്ചി മെട്രോയെ എത്തിക്കേണ്ടത് അനിവാര്യമായ ഘട്ടമാണിത്. ചാലക്കുടിവരെ നീട്ടിയാൽ ഏറ്റവും ശ്രദ്ധേയമാകും.
കാക്കനാട് മെട്രോ പാത: വിഷയം ഇന്ന് നിയമസഭയിൽ ഉന്നയിക്കും -ഉമ തോമസ് എം.എൽ.എ
മെട്രോ കാക്കനാടേക്ക് എത്തുന്നതിൽ ഏറ്റവുമധികം സന്തോഷിക്കുന്നയാളാണ് ഞാൻ. കൊച്ചി മെട്രോക്ക് ഏറ്റവുമധികം ലാഭമുണ്ടാകാൻ പോകുന്നത് ഇൻഫോപാർക്കിലേക്കുള്ള ഈ രണ്ടാം ഘട്ടം യാഥാർഥ്യമാകുമ്പോഴായിരിക്കും. എന്നിട്ടും നിർമാണം നടക്കുമ്പോൾ ആവശ്യമായ മുന്നൊരുക്കം നടത്താൻ അധികൃതർ തയാറായിട്ടില്ലെന്നതാണ് വസ്തുത. കാക്കനാടേക്കുള്ള മെട്രോ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ തിങ്കളാഴ്ച നിയമസഭയിൽ ഉന്നയിക്കും.

