രോഗിയുമായെത്തിയ ആംബുലൻസിനുനേരേ നായ്ക്കൂട്ടം; ഭീതിയോടെ ചികിത്സക്കെത്തുന്നവർ
text_fieldsമട്ടാഞ്ചേരി: കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ രോഗിയുമായെത്തിയ ആംബുലൻസിനുനേരേ നായക്കൂട്ടം കരുച്ചെത്തിയത് ഭീതി വിതച്ചു. പത്തോളം നായ്ക്കളാണ് ആംബുലൻസിന് നേരേ കുരച്ചെത്തിയത്. ചികിത്സ തേടിയെത്തിയവരും സെക്യൂരിറ്റിയും ചേർന്ന് ഇവയെ ഓടിച്ചശേഷമാണ് രോഗിയെ ആംബുലൻസിൽനിന്ന് ഇറക്കിയത്. ആശുപത്രിയിൽ അടുത്തിടെയായി തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
വാർഡിനകത്ത് പോലും നായ്ക്കൾ കയറിയിറങ്ങുന്നതായി രോഗികളും കുട്ടിരിപ്പുകാരും പറയുന്നു. ആശുപത്രിയുടെ ചുറ്റുവളപ്പ് കാടുപിടിച്ചു കിടക്കുകയാണ്.
ഇവിടെ നായ്ക്കൾ തങ്ങളുടെ വിഹാരകേന്ദ്രമാക്കി മാറി. ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. രോഗികളും ചികിത്സ തേടിയെത്തുന്നവരും ഭീതിയോടെയാണ് കഴിയുന്നത്. ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരെ കൊച്ചി തക്യാവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കും ആരോഗ്യവിഭാഗം അധികൃതർക്കും നിരവധി തവണ പരാതികൾ നൽകിയിട്ടും കാട് വെട്ടിത്തെളിക്കാൻ നടപടി ഉണ്ടായില്ലെന്ന് കൂട്ടായ്മ ഭാരവാഹി ഇസ്മയിൽ പറഞ്ഞു.

