ആവർത്തിച്ചുള്ള മോഷണങ്ങൾ; ആശങ്കയിൽ ആലങ്ങാട്ടുകാർ
text_fieldsകൊച്ചി: മോഷണവും കവർച്ചാശ്രമങ്ങളും ആവർത്തിക്കുമ്പോൾ ആലങ്ങാട് നിവാസികൾ ആശങ്കയിൽ. ചൊവ്വാഴ്ച നീറിക്കോടുള്ള വീട്ടിൽനിന്ന് പട്ടാപ്പകൽ എട്ടുപവൻ സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. കൂടാതെ മറ്റൊരു വീട്ടിൽ കയറാനുള്ള മോഷ്ടാക്കളുടെ ശ്രമം അയൽവാസിയുടെ സമയോചിത ഇടപെടൽ മൂലം പൊളിയുകയായിരുന്നു.
ഒറ്റദിവസം നടന്ന രണ്ടു സംഭവങ്ങളുടെ നടുക്കത്തിലാണ് പ്രദേശവാസികൾ. കരുമാല്ലൂർ മേഖലയിൽ ഒരുമാസത്തിനുള്ളിൽ വിവിധ സംഭവങ്ങളാണ് ആലങ്ങാട് പൊലീസിന്റെ പരിധിയിൽ അരങ്ങേറിയത്. തിരുവോണ ദിവസം കരുമാല്ലൂർ പുറപ്പിള്ളി ഭാഗത്ത് വീട് കുത്തിത്തുറന്ന് 8000 രൂപയും രണ്ട് ഗ്രാം സ്വർണാഭരണവും കവർന്നിരുന്നു.
ഇതിന് തൊട്ടുമുമ്പുള്ള ദിവസം കരുമാല്ലൂർ തട്ടാംപടി ഭാഗത്തെ വീട് കുത്തിത്തുറക്കാൻ ശ്രമം നടന്നിരുന്നു. മോഷ്ടാവ് വാതിൽ കുത്തിപ്പൊളിക്കാൻ ശ്രമിക്കുന്നത് സി.സി ടി.വി വഴി വീട്ടുകാർ കണ്ട് ബഹളംവെച്ചതോടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു. കൂടാതെ രണ്ടാഴ്ച മുമ്പ് കോട്ടപ്പുറം ഭാഗത്തെ ഗോഡൗൺ കുത്തിത്തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കവരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഞായറാഴ്ച പുലർച്ച മറിയപ്പടി പാലയ്ക്കൽ ഭാഗത്തുള്ള കെട്ടിടത്തിലാണ് ഒടുവിൽ കവർച്ചശ്രമം അരങ്ങേറിയത്. കെട്ടിടത്തിലെ സ്റ്റോർ റൂമിൽ കയറി ചെമ്പ് കമ്പികളും മറ്റും മോഷ്ടിക്കുകയായിരുന്നു. വിദേശത്തുള്ള കെട്ടിട ഉടമ അബ്ദുൽ ഹുസൈൻ ഗഫാർ സി.സി ടി.വി ദൃശ്യത്തിലൂടെ മോഷ്ടാവ് അകത്ത് കയറുന്നത് കണ്ടതാണ് മോഷ്ടാവിന് വിനയായത്. ഉടൻ കെട്ടിട ഉടമ കള്ളൻ കയറിയ വിവരം ജീവനക്കാരനെ അറിയിച്ചു.
ഇവർ വരുന്നത് കണ്ട മോഷ്ടാവ് മതിൽ ചാടി കടന്നുകളഞ്ഞു. സംഭവം ഉടൻ ആലങ്ങാട് പൊലീസിനെ അറിയിക്കുകയും പൊലീസെത്തി പരിശോധന നടത്തുകയും ചെയ്തു. ആലങ്ങാട്, കരുമാല്ലൂർ മേഖലയിൽ അപരിചിതരായ പലരും ചുറ്റിത്തിരിയുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു. യുവാക്കളുടെ സംഘമാണ് മോഷണം നടത്തുന്നതിൽ ഏറെയും.

