ഓളപ്പരപ്പിൽ ഒരുപിടി നേട്ടങ്ങൾ കൂടുതൽ ജലപാതകളിലേക്ക് വാട്ടർ മെട്രോ
text_fieldsകൊച്ചി: രാജ്യത്തെ പ്രഥമ വാട്ടർ മെട്രോ പദ്ധതിയുടെ ഖ്യാതിയും അതിലൂടെയുണ്ടായ നേട്ടവും കേരളത്തിന് അഭിമാനകരമാണ്. ദൈനംദിന യാത്രക്കാർ മുതൽ വിനോദസഞ്ചാരികൾ വരെ ഏറെ ഇഷ്ടപ്പെടുന്ന നിലയിലേക്ക് വാട്ടർ മെട്രോ വളർന്നത് അതിവേഗത്തിലാണ്. കൂടുതൽ പ്രദേശങ്ങളിലേക്ക് കണക്ടിവിറ്റി എത്തുന്നുവെന്നതും സമാനമായ പദ്ധതി വ്യാപകമായി നടപ്പാക്കാൻ ആസൂത്രണം ചെയ്യപ്പെടുന്നുവെന്നതും മികച്ച നേട്ടമായി വിലയിരുത്തപ്പെടുന്നു.
പദ്ധതി ഹിറ്റായതോടെ രാജ്യത്തെ 21 സ്ഥലങ്ങളില്‍കൂടി ഇത് നടപ്പാക്കാന്‍ ആലോചനകളെത്തിയിരിക്കുന്നു. വിദേശ രാജ്യങ്ങളില്‍നിന്നുവരെ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണം വന്നുകഴിഞ്ഞു. ലോക ബാങ്കും വാട്ടർ മെട്രോ സേവനവുമായി കൈകോര്‍ക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തന മികവിന് നിരവധി പുരസ്കാരങ്ങളും ചുരുങ്ങിയ കാലയളവിനുള്ളിൽ കൊച്ചി വാട്ടര്‍ മെട്രോ സ്വന്തമാക്കി.
29 മാസം, അരക്കോടി യാത്രക്കാർ
ചുരുങ്ങിയ കാലംകൊണ്ട് ഏറെ യാത്രക്കാരെ ആകർഷിച്ച നേട്ടമാണ് കൊച്ചി വാട്ടർ മെട്രോക്ക് പങ്കുവെക്കാനുള്ളത്. 29 മാസംകൊണ്ട് 50 ലക്ഷം യാത്രക്കാർ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. കേരള സര്‍ക്കാര്‍ നടപ്പാക്കിയ കൊച്ചി വാട്ടര്‍ മെട്രോ 2023 ഏപ്രില്‍ 25നാണ് സര്‍വിസ് ആരംഭിച്ചത്. കൊച്ചിയിലെ വിവിധ ദ്വീപ് നിവാസികൾ, വിനോദസഞ്ചാരികൾ, വി.വി.ഐ.പികൾ എന്നിങ്ങനെ നിരവധിയാളുകൾ ദിനംപ്രതി വാട്ടർ മെട്രോയിൽ നഗരക്കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യുന്നു. 24 കിലോമീറ്ററോളം നീണ്ട അഞ്ച് റൂട്ടുകളിലായി രാവിലെ 7.30 മുതല്‍ രാത്രി ഒമ്പതുവരെ 125 ട്രിപ്പാണ് പ്രതിദിനം നടത്തുന്നത്. സര്‍വിസ് തുടങ്ങി ആദ്യത്തെ 107 ദിവസംകൊണ്ട് 10 ലക്ഷം യാത്രക്കാർ വാട്ടർ മെട്രോയിൽ യാത്ര ചെയ്തിരുന്നു. അടുത്ത 95 ദിവസം കൊണ്ട് യാത്രക്കാരുടെ എണ്ണം 20 ലക്ഷമാക്കി. പിന്നീടുള്ള 185 ദിവസംകൊണ്ട് യാത്രക്കാരുടെ എണ്ണം 30 ലക്ഷവും 160 ദിവസംകൊണ്ട് 40 ലക്ഷവുമായി ഉയർന്നു. തുടര്‍ന്നുള്ള 161 ദിവസംകൊണ്ട് 50 ലക്ഷവും പിന്നിട്ടു.
വില്ലിങ്ടൺ ഐലൻഡ്, മട്ടാഞ്ചേരി റൂട്ടിലേക്ക് ഉടൻ
ഹൈകോർട്ടിൽനിന്ന് വില്ലിങ്ടൺ ഐലൻഡ്, മട്ടാഞ്ചേരി റൂട്ടുകളിലേക്ക് ഉടൻ വാട്ടർ മെട്രോ സർവിസ് ആരംഭിക്കും. ഹൈകോർട്ട്-ഫോർട്ട്കൊച്ചി, ഹൈകോർട്ട്-വൈപ്പിൻ, ഹൈകോർട്ട്-ചിറ്റൂർ-ചേരാനെല്ലൂർ, വൈറ്റില-കാക്കനാട് റൂട്ടുകളിലാണ് നിലവിൽ വാട്ടർ മെട്രോ സർവിസ് നടത്തുന്നത്. ഹൈകോര്‍ട്ട്, ഫോര്‍ട്ട്കൊച്ചി, വൈപ്പിന്‍, ബോള്‍ഗാട്ടി, മുളവുകാട് സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍, വൈറ്റില, കാക്കനാട് എന്നീ ടെര്‍മിനലുകളാണ് യാഥാർഥ്യമായിട്ടുള്ളത്. 20 ബോട്ടുകളാണ് നിലവിൽ സർവിസിനുള്ളത്. ഇനി രണ്ട് ബോട്ടുകൾകൂടി ഉടൻ ലഭിക്കും. മട്ടാഞ്ചേരി, വില്ലിങ്ടൺ ഐലൻഡ്, കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിങ്ങനെ അഞ്ചിടത്ത് ടെര്‍മിനലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തീകരിക്കും.
ടൂറിസത്തിന് ഉണർവ്
കൊച്ചി കായലിലൂടെ സഞ്ചരിക്കാനും നഗരക്കാഴ്ചകൾ ആസ്വദിക്കാനുമായി വാട്ടർ മെട്രോയിൽ കയറുന്നവരാണ് കൂടുതലും. ദൈനംദിന യാത്രക്കാരും കുറവല്ല. വാട്ടർ മെട്രോ യാഥാർഥ്യമായതോടെ കൊച്ചിയുടെ ടൂറിസം മേഖലയിൽ പുതിയൊരു ഡെസ്റ്റിനേഷൻ കൂടിയാണെത്തിയത്. ഇപ്പോൾ കൊച്ചി കാണാനെത്തുന്ന വിദേശ, ആഭ്യന്തര സഞ്ചാരികളിൽ ഭൂരിഭാഗവും ഇവിടെയെത്തി യാത്ര ആസ്വദിക്കുന്നുണ്ട്. വാട്ടർ മെട്രോയുടെ അത്യാധുനിക പ്രത്യേകതകൾ അറിഞ്ഞ് സുരക്ഷിതമായ യാത്ര ആസ്വദിച്ച് കൊച്ചിയുടെ കാഴ്ചകൾ കണ്ട് മടങ്ങാമെന്നതാണ് ആകർഷണം. മനോഹരമായ ഗ്രാമഭംഗി നിറയുന്ന കടമക്കുടിയിലേക്കുകൂടി വാട്ടർ മെട്രോ എത്തും.
നാടാകെ പടരുന്ന ഖ്യാതി
കേരളത്തിന്റെ സ്വന്തം വാട്ടർ മെട്രോ ഇഷ്ടപ്പെട്ടവർ രാജ്യത്തിന്റെ വിവിധ കോണുകളിൽ അത് യാഥാർഥ്യമാക്കാനുള്ള ഒരുക്കത്തിലാണ്. കൊച്ചി മാതൃകയിൽ മുബൈയിൽ വാട്ടര്‍ മെട്രോ സർവിസ് ആരംഭിക്കാനുള്ള വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാനുള്ള ടെൻഡർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് ലഭിച്ചിട്ടുണ്ട്. ടെൻഡറിങ് നടപടികളിലൂടെ 4.4 കോടി രൂപയുടെ കരാർ മഹാരാഷ്ട്ര സർക്കാറിൽനിന്ന് ലഭിച്ചു.
മുംബെ മെട്രോപൊളിറ്റൻ പ്രദേശം മുഴുവൻ ഉൾപ്പെടുത്തി വയ്തർണ, വസായ്, മനോരി, താനെ, പനവേൽ, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടർ മെട്രോ സർവിസ് തുടങ്ങാനുള്ള സാധ്യതപഠന റിപ്പോർട്ട് റെക്കോഡ് വേഗത്തിലാണ് കെ.എം.ആർ.എല്ലിന്റെ കൺസൽട്ടൻസി വിഭാഗം തയാറാക്കി സമർപ്പിച്ചത്. കൊച്ചി മെട്രോക്ക് അധിക ടിക്കറ്റിതര വരുമാനത്തിനും ഇതിലൂടെ വഴി തുറന്നു. കേന്ദ്ര ഉള്‍നാടൻ ജലഗതാഗത അതോറിറ്റിയുടെ നിര്‍ദേശപ്രകാരം 11 സംസ്ഥാനങ്ങളിലെയും കേന്ദ്രപ്രദേശങ്ങളിലെയും 18 വ്യത്യസ്ത നഗരങ്ങളിൽ വാട്ടർ മെട്രോ ആരംഭിക്കാനുള്ള സാധ്യത പഠനവും കെ.എം.ആർ.എൽ നടത്തുകയാണ്. പട്ന, ശ്രീനഗർ എന്നിവിടങ്ങളിലെ സാധ്യതപഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
അഹ്മദാബാദ്, ഗുഹാത്തി എന്നിവിടങ്ങളിലെ റിപ്പോര്‍ട്ടും ഉടനുണ്ടാകും. വാട്ടർ മെട്രോ ആലുവയിൽനിന്ന് സിയാൽ വിമാനത്താവളത്തിലേക്ക് സര്‍വിസ് ആരംഭിക്കുന്നത് സംബന്ധിച്ച സാധ്യതപഠനം നടത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആരംഭിച്ചിട്ടുണ്ട്. പ്രാരംഭ പഠനത്തിനായി രൂപവത്കരിച്ച ആഭ്യന്തര ഉന്നതതല കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി. ഉടൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കൊച്ചി മെട്രോക്കും സിയാലിനും കൂടുതൽ യാത്രക്കാരെ ആകര്‍ഷിക്കാനും ഗതാഗത തടസ്സംമൂലം യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ട് കുറക്കാനും വാട്ടർ മെട്രോക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ഏകദേശം എട്ട് കിലോമീറ്ററാണ് ആലുവയിൽനിന്ന് പെരിയാറിലൂടെ വിമാനത്താവളത്തിലേക്കുള്ള ദൂരം.
(അവസാനിച്ചു)

