നവരാത്രി ആഘോഷങ്ങള്‍ക്കായി ബൊമ്മക്കൊലു ഒരുങ്ങി
text_fieldsകാലടി: നവരാത്രി ആഘോഷങ്ങള്‍ക്കായി ആദിശങ്കര കീര്‍ത്തി സ്തംഭത്തിൽ ബൊമ്മക്കൊലു ഒരുങ്ങി. ഒമ്പത് ദിവസങ്ങളിലായുള്ള ദേവിയുടെ ഓരോ ഭാവത്തെയും പൂജിക്കാനാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.
മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നിങ്ങനെ ഒറ്റസംഖ്യ വരുന്ന പടികൾ കെട്ടി അതിൽ ദേവീദേവന്മാരുടെ ബൊമ്മകൾ (കളിമൺ പ്രതിമകൾ) നിരത്തിവെക്കും. ഏറ്റവും മുകളിലായി ശിവ-പാര്‍വതി, ബ്രഹ്മാവ്, വിഷ്ണു, അഷ്ടലക്ഷ്മി എന്നിവരും തുടര്‍ന്ന് നവദുര്‍ഗയും സംഗീത മൂര്‍ത്തികളും ഇതിനെ താഴെ ദശാവതാരത്തിലെ വിവിധ രൂപങ്ങളും പിന്നീട് രാമായണം, ശിവപാര്‍വതി കല്യാണം, സുബ്രഹ്മണ്യന്, ഏറ്റവും താഴെ കല്യാണ കോലങ്ങൾ എന്നിങ്ങനെയാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.
ഇതിനു പുറമെ, വിവിധ തരത്തിലുള്ള ബൊമ്മകളും അലങ്കാരത്തിനായി വെക്കും. പ്രതിമകള്‍ക്കിടയിൽ വെക്കുന്ന കുംഭത്തിനാണു ഏറ്റവും പ്രധാനം. ദുര്‍ഗാഷ്ഠമി, മഹാനവമി, വിജയദശമി ദിവസങ്ങള്‍ക്ക് ശേഷം ആഘോഷങ്ങൾ സമാപിക്കും.

