മുന്നറിയിപ്പില്ലാതെ സർവിസ് റോഡ് അടക്കുന്നു യാത്രക്കാർക്ക് ദുരിതം
text_fieldsകളമശ്ശേരി: ഇടപ്പള്ളി ബൈപാസ് കവലയിലെ മേൽപാലത്തിനടിയിലൂടെയുള്ള സർവിസ് റോഡ് മുന്നറിയിപ്പില്ലാതെ രാത്രിയിൽ അടച്ചിടുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ദേശീയപാത ഇടപ്പള്ളി ടോൾ ഭാഗത്തുനിന്നുള്ളവർക്ക് ആലുവ ഭാഗത്തേക്ക് പോകാൻ ബൈപാസ് കവലയിലെ മേൽപാലത്തിനടിയിലൂടെ സംവിധാനം ഒരുക്കിയിരുന്നു. പുക്കാട്ടുപടി ഭാഗത്തുനിന്ന് വരുന്ന കാർ ഉൾപ്പെടെ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഈ വഴി തിരിഞ്ഞാണ് ആലുവ ഭാഗത്തേക്ക് പ്രവേശിക്കുന്നത്.
വാഹനങ്ങൾ കടന്നുപോകുന്നതിന് ഒരു തടസ്സവും ഉണ്ടാകാറില്ല. എന്നാൽ, അടുത്തിടെ മുന്നറിയിപ്പില്ലാതെ രാത്രിയിൽ സർവിസ് റോഡ് അടക്കുന്നത് യാത്രക്കാർക്ക് വിനയാവുകയാണ്. ഈ റോഡിലൂടെ കടന്നുപോകാൻ നീണ്ടനിര തന്നെ രാത്രിയിൽ കാണാൻ കഴിയും. എന്നാൽ, റോഡ് അടക്കുന്നതോടെ ബൈപാസിലൂടെ ചുറ്റി കിലോമീറ്റർ തിരിഞ്ഞുവേണം ഇടപ്പള്ളി വഴി ആലുവ റോഡിലേക്കെത്താൻ. അറിയാതെ എത്തുന്ന വാഹന യാത്രക്കാർക്ക് ദുരിതവും ഇന്ധന നഷ്ടവും സമയ നഷ്ടവും ഒരുപോലെ വരുത്തുകയാണ്.

