കുട്ടനാടന്‍ കായല്‍ സഫാരി നവംബറോടെ
text_fieldsകുട്ടനാട് സഫാരിക്കായുള്ള ജലഗതാഗതവകുപ്പിന്റെ സൗരോര്‍ജ യാത്രാബോട്ട്
ആലപ്പുഴ: കുട്ടനാടിന്റെ കായല്‍സൗന്ദര്യവും രുചിവൈവിധ്യവും സാംസ്കാരികത്തനിമയും വിനോദസഞ്ചാരികൾക്ക് മറക്കാനാകാത്ത അനുഭവമാക്കി മാറ്റാന്‍ ജലഗതാഗതവകുപ്പ് വി ഭാവനം ചെയ്ത ‘കുട്ടനാട് സഫാരി’ പാക്കേജ് ടൂറിസം പദ്ധതി നവംബറിൽ യാഥാർഥ്യമാകും. പദ്ധതിയുടെ ഭാഗമായി പാതിരാമണല്‍ ദ്വീപില്‍ നിര്‍മിക്കുന്ന ആംഫി തിയറ്ററിന്റെ നിര്‍മാണം അടുത്തദിവസം ആരംഭിക്കും. പ്രകൃതിസൗഹൃദ, ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുല്ലും മുളയും ഉപയോഗിച്ചാണ് തിയറ്റര്‍ നിര്‍മാണം.
കുട്ടനാടിന്റെ മുഴുവൻ മനോഹാരിതയും ഒറ്റബോട്ട് യാത്രയിൽ ആസ്വദിക്കാവുന്നവിധം ഗൾഫ് രാജ്യങ്ങളിലെ ഡെസേർട്ട് സഫാരിക്ക് തത്തുല്യമായ ഒന്നായി മാറ്റുകയാണ് ലക്ഷ്യം. മുഹമ്മ ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് നടപ്പാക്കുന്ന വ്യത്യസ്തമായ ഈ പദ്ധതി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് സ്പോണ്സര് ചെയ്യുന്നത്.
മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ ആശയമാണ് ‘കുട്ടനാട് സഫാരി’ എന്ന പേരില്‍ ബജറ്റ് ടൂറിസം യാത്രയായി പരിണമിച്ചത്. ജലഗതാഗതവകുപ്പിന്റെ പുതിയ സൗര-1 സൗരോര്‍ജ യാത്രാബോട്ടാണ് പദ്ധതിക്കായി ഉപയോഗിക്കുക. രാവിലെ 10ന് ആലപ്പുഴ ബോട്ട്ജെട്ടിയില്‍നിന്ന് തുടങ്ങുന്ന യാത്ര വൈകീട്ട് ആറിന് അവസാനിക്കും.
നാടിന്റെ സ്പന്ദനം തൊട്ടറിയുന്ന യാത്ര ഇങ്ങനെ...
ആലപ്പുഴ ബോട്ട്ജെട്ടിയിൽനിന്ന് ആദ്യം എത്തുന്നത് പുന്നമടയിലെ നെഹ്റുട്രോഫി ഫിനിഷിങ് പോയന്റിലാണ്. തുടര്‍ന്ന് അഴീക്കല്‍ കനാലിലൂടെയുള്ള യാത്രയില്‍ നാടന്‍ രുചികളടങ്ങിയ പ്രഭാതഭക്ഷണം സഞ്ചാരികള്‍ക്കായി നല്‍കും. കൂടാതെ, പായനെയ്ത്ത് കാണാനും പായ സ്വയംനെയ്യാനും അവസരമൊരുക്കും.
ഓല കൊണ്ടുള്ള കരകൗശല ഉല്പന്നങ്ങളായ കുട, മുറം, പായ എന്നിവ വാങ്ങാനും അവസരമുണ്ട്. തുടര്‍ന്ന് കളിവള്ളങ്ങളും കുട്ടനാടിന്റെ പ്രകൃതിഭംഗിയും കണ്ട് സഞ്ചരിക്കാം. സി ബ്ലോക്ക്, ആര് ബ്ലോക്ക് എന്നിവയുടെ പിറവിയെപ്പറ്റിയും അടുത്തറിയാം. ആര് ബ്ലോക്കില്‍ എത്തുമ്പോള്‍ കുട്ടനാടന്‍ ശൈലിയില്‍ ഷാപ്പ് വിഭവങ്ങളും കായല്‍വിഭവങ്ങളും അടങ്ങിയ ഉച്ചയൂണ്. കായല്‍യാത്രയില്‍ പഞ്ചവാദ്യവും ശിങ്കാരിമേളവും വേലകളിയും കുത്തിയോട്ടവും അടങ്ങുന്ന ദൃശ്യങ്ങളും ബോട്ടില്‍ സഞ്ചരികള്‍ക്കായി പ്രദര്‍ശിപ്പിക്കും.
ശേഷം യാത്ര പാതിരാമണല്‍ ദ്വീപിലേക്കാണ്. അവിടെ ആംഫി തിയറ്ററില്‍ നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറും. ഇപ്റ്റയുമായി സഹകരിച്ചാണ് തിയറ്ററില്‍ കലാപരിപാടികള്‍ ഒരുക്കുക. തിരികെ ആലപ്പുഴയിലേക്കുള്ള യാത്രയില്‍ കായലില്‍നിന്ന് കക്ക വാരുന്നതും നീറ്റുന്നതും അവ ഉല്പന്നമാക്കി മാറ്റുന്നതും കണ്ട് മനസ്സിലാക്കാൻ കഴിയും. കൂടാതെ ഫ്ലോട്ടിങ് ഷോപ്പുകളില്‍നിന്ന് ആലപ്പുഴയുടെ തനത് ഉൽപന്നങ്ങള് വാങ്ങാനും സഞ്ചാരികള്‍ക്ക് സാധിക്കും. കുട്ടനാടിന്റെ സൗന്ദര്യവും ജീവിതത്തുടിപ്പുകളും തൊട്ടറിഞ്ഞാണ് ബോട്ട് സഫാരി അവസാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

