സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനെ വീട്ടിൽനിന്ന് ഇറക്കിവിട്ടതായി പരാതി
text_fieldsഅമ്പലപ്പുഴ: സ്ത്രീധനം നൽകാത്തതിന്റെ പേരിൽ നവവധുവിനെ ഭർത്താവും സഹോദരിയും സഹോദരീഭർത്താവും ചേർന്ന് മാനസികമായി പീഡിപ്പിക്കുകയും വീട്ടിൽനിന്ന് ഇറക്കിവിടുകയും ചെയ്തെന്ന് പരാതി.
ആലപ്പുഴ സ്വദേശിനി അമ്പലപ്പുഴ പൊലീസിന് നൽകിയ പരാതിയെ തുടർന്ന് ഭർത്താവ് പുറക്കാട് കരൂർ മഠത്തിൽപറമ്പിൽ മിഥുൻ, സഹോദരി മൃദുല, സഹോദരീഭർത്താവ് അജി എന്നിവർക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ആഗസ്റ്റ് 31 നാണ് മിഥുൻ യുവതിയെ വിവാഹം കഴിച്ചത്. നിർധനകുടുംബമായതിനാൽ സ്ത്രീധനമോ മറ്റ് പാരിതോഷികങ്ങളോ നൽകാനാകില്ലെന്ന് വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് മിഥുനോടും ബന്ധുക്കളോടും വീട്ടുകാർ പറഞ്ഞിരുന്നതായി യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി. അതിന്റെ ഉറപ്പിലാണ് വിവാഹം നിശ്ചയിക്കുന്നത്.
നിയമപരമായി അടുത്ത ആറിന് രജിസ്റ്റര്‍ ചെയ്യാനിരിക്കുകയായിരുന്നു. ഇതിന് ഭർത്താവിന്റെ വീട്ടുകാർ തയാറാകുന്നില്ല. ഭർത്താവും സഹോദരിയും സഹോദരീഭർത്താവും സ്ത്രീധനമായി 25 ലക്ഷം രൂപയും സ്വർണവും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.
ഇതിന് നിർവാഹമില്ലെന്ന് പറഞ്ഞതോടെ കഴിഞ്ഞമാസം 21 ന് തന്നെ വീട്ടിൽനിന്ന് ഇറക്കിവിടുകയായിരുന്നെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. സമുദായ പ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും പലതവണ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും മിഥുനും ബന്ധുക്കളും തയാറായില്ല. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. മിഥുന് അടുത്ത പത്തിന് അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

