സി.പി.ഐ: പുറത്ത് സമവായം; അകത്ത് കൈപ്പിടിയിലൊതുക്കൽ
text_fieldsതിരുവനന്തപുരം: പുറത്ത് സമവായം പറയുമ്പോഴും അകത്ത് എല്ലാം കൈപ്പിടിയിലൊതുക്കി ഔദ്യോഗിക പക്ഷത്തിന് സമ്പൂർണ്ണാധിപത്യവുമായി സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവും സെക്രട്ടേറിയറ്റും. ആലപ്പുഴ സംസ്ഥാന സമ്മേളന ശേഷം നടന്ന ആദ്യ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമത പക്ഷത്തെ (പഴയ കെ.ഇ. ഇസ്മയിൽ ചേരി) ഒരാൾ പോലുമില്ലാത്ത പാനലാണ് എക്സിക്യൂട്ടീവിനായി ഔദ്യോഗിക പക്ഷം (പഴയ കാനം രാജേന്ദ്രൻ ചേരി) തായറാക്കിയത്.
എക്സിക്യൂട്ടീവ് അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ മത്സരമുണ്ടാകുമെന്ന സാഹചര്യം വന്നതോടെ വിമത പക്ഷത്തെ സി.എൻ. ചന്ദ്രൻ, ആർ. ലതാദേവി, വി.എസ്. സുനിൽകുമാർ എന്നിവരെ ഉൾപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് അംഗങ്ങളുടെ എണ്ണം 21ൽ നിന്ന് 25 ആയി വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായത്.
എക്സിക്യൂട്ടീവ് യോഗങ്ങളിൽ നേതൃത്വം വിമർശിക്കപ്പെടുമെന്നത് മുന്നിൽ കണ്ടാണ്, പാർട്ടിയിൽ ത്രീ ടയർ സംവിധാനം വേണ്ടെന്ന് പറഞ്ഞ് നേരത്തെ ഒഴിവാക്കിയ സംസ്ഥാന സെക്രട്ടേറിയറ്റ് പൊടുന്നനെ പുനഃസ്ഥാപിച്ചത്. ഔദ്യോഗിക പക്ഷ നേതാക്കളെ മാത്രം ഉൾപ്പെടുത്തി സെക്രട്ടേറിയറ്റ് രൂപവത്കരിച്ചതിലും പാർട്ടിയിൽ മുറുമുറുപ്പ് തുടങ്ങി.
സംസ്ഥാന സമ്മേളനത്തിലെ പ്രധാന സംഘടന വിമർശനത്തിലൊന്ന് സംസ്ഥാന കൗൺസിലിനെ നോക്കുകുത്തിയാക്കി എക്സിക്യൂട്ടീവ് മാത്രം ചേർന്ന് തീരുമാനങ്ങളെടുക്കുന്നു എന്നതായിരുന്നു. പാർട്ടി എക്സിക്യൂട്ടീവ് അധികാരകേന്ദ്രമാകുന്നു എന്നും പലരും ചൂണ്ടിക്കാട്ടി. ഈ സാഹചര്യം ഇനിയുണ്ടാവില്ലെന്നാണ് സമ്മേളനത്തിൽ സെക്രട്ടറി ബിനോയ് വിശ്വം മറുപടി പറഞ്ഞത്.
എന്നാൽ, പുതിയൊരു അധികാര കേന്ദ്രമെന്നോണമാണ് സെക്രട്ടേറിയറ്റ് രൂപവത്കരിച്ചതെന്നാണ് ഒരുവിഭാഗം പറയുന്നത്. മാത്രമല്ല 11 അംഗം സെക്രട്ടേറിയറ്റിൽ പാർട്ടിയുടെ നാലുമന്ത്രിമാരെയും ഉൾപ്പെടുത്തിയതിലും രൂക്ഷ വിമർശനമുണ്ട്. ഇവർക്ക് സംഘടനാകാര്യത്തിൽ ശ്രദ്ധിക്കാൻ എത്രമാത്രം സമയം ലഭിക്കുമെന്നതാണ് ചോദ്യം. മന്ത്രിമാരും എം.പിമാരുമടക്കടം ജനപ്രതിനിധികൾക്ക് പാർട്ടിയിലെ ഉന്നത പദവികൾ സംവരണം ചെയ്യുന്ന നിലപാടും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
എക്സിക്യൂട്ടീവിൽ മലയോര ജില്ലകൾക്ക് പ്രതിനിധ്യമില്ലെന്നതും വേണ്ടത്ര ജില്ല സെക്രട്ടറിമാരെ ഉൾപ്പെടുത്താത്തതും ചർച്ചയാണ്. അസിസ്റ്റന്റ് സെക്രട്ടറി പദത്തിലേക്ക് മലബാറിൽ നിന്നുള്ള പി.പി. സുനീറിനെയും സത്യൻ മൊകേരിയെയും പരിഗണിച്ചതോടെ പാർട്ടിക്ക് കൂടുതൽ ശക്തിയുള്ള തെക്കൻ ജില്ലകൾ അവഗണിക്കപ്പെട്ടെന്നും വിമർശനമുണ്ട്.

