എട്ടുവർഷം മുമ്പ് പരികർമി; ഇപ്പോൾ ശബരിമല ‘സ്പോൺസർ'
text_fieldsതിരുവനന്തപുരം : ശബരിമല സ്വർണപാളി വിവാദവുമായി ബന്ധപ്പെട്ട് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ശനിയാഴ്ച ദേവസ്വം വിജിലൻസ് ചോദ്യം ചെയ്യും. അതിന് തിരുവനന്തപുരത്തെത്താൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം വ്യാഴാഴ്ച ഉച്ചയോടെ തലസ്ഥാനത്തെത്തി. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും മാധ്യമങ്ങൾ ക്രൂശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. കോടതി ആവശ്യപ്പെടുന്ന മുറക്ക് രേഖകൾ നൽകും. തന്റെ ഭാഗം ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ- അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമലയിൽ ഇയാൾക്കുള്ള ബന്ധങ്ങളെപ്പറ്റിയും പോറ്റിയുടെ സാമ്പത്തിക ചുറ്റുപാടുകളെ സംബന്ധിച്ചും ദേവസ്വം വിജിലൻസ് വിവരങ്ങൾ ശേഖരിക്കുകയാണ്. എട്ടു വർഷത്തിനിടെ ഇയാൾക്കുണ്ടായ സാമ്പത്തിക വളർച്ച ഉദ്യോഗസ്ഥരെ ഞെട്ടിച്ചു.
ബംഗളൂരു കോറമംഗലക്കടുത്ത് ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായിട്ടാണ് തിരുവനന്തപുരം പുളിമാത്ത് സ്വദേശിയായ ഉണ്ണികൃഷ്ണന് പോറ്റി കര്‍ണാടകയിലെത്തിയത്. എട്ടു വര്‍ഷം മുമ്പ് മണ്ഡലകാലത്ത് കീഴ്ശാന്തിയുടെ സഹായികളായ പരികര്‍മികളില്‍ ഒരാളായാണ് സന്നിധാനത്തെത്തുന്നത്. ഈ കാലയളവിലാണ് കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ധനികരായ അയ്യപ്പന്മാരെ വിശ്വാസത്തിലെടുത്ത് അവരുടെ ഇടനിലക്കാരനായി പോറ്റി മാറിയത്. ശബരിമലയില്‍ വിലകൂടിയ സമര്‍പ്പണങ്ങള്‍ നടത്താനുള്ള ഇടനിലക്കാരനായതോടെ ഉണ്ണികൃഷ്ണന് പോറ്റി 'സ്പോണ്സര് പോറ്റി' എന്നപേരില്‍ ഇതര സംസ്ഥാനത്തുള്ളവര്ക്കിടയില് അറിയപ്പെട്ടു. ഇത്തരത്തില്‍ ധനികരില്‍നിന്ന് പണം സമാഹരിച്ചുള്ള ഒരു സ്പോണ്‍സര്‍ഷിപ്പായിരുന്നു ദ്വാരപാലക ശിൽപങ്ങളിലെ സ്വര്‍ണം പൂശലെന്നും വിവരമുണ്ട്.
സന്നിധാനത്ത് ഒരു ദിവസത്തെ അന്നദാനത്തിന് ദേവസ്വത്തില്‍ അടക്കേണ്ട തുക ആറുലക്ഷമാണ്. ഇതിന്റെ പേരിൽ രണ്ടിരട്ടി തുക ഇയാള്‍ വിശ്വാസികളിൽ നിന്ന് സമാഹരിച്ചിരുന്നതായാണ് വിവരം. ഇതരസംസ്ഥാനങ്ങളിലെ അയ്യപ്പന്മാരെ വിശ്വസിപ്പിക്കാൻ ഉണ്ണികൃഷ്ണൻ ഉപയോഗിച്ചത് സന്നിധാനത്തെയും ദേവസ്വം ബോർഡിലെയും ബന്ധങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും മുൻ ദേവസ്വം മന്ത്രിമാർക്കുമൊപ്പമുള്ള ഫോട്ടോകളുമായിരുന്നു.
ബംഗളൂരുവില്‍ ബ്ലേഡ് പലിശക്ക് പണം കൊടുക്കുന്നത് ഇയാളുടെ മറ്റൊരു വരുമാന മാർഗമാണ്. സാധുക്കളായവര്‍ക്ക് അയ്യപ്പഭക്തരുടെ സഹായത്താല്‍ വീടുവെച്ചു കൊടുക്കുന്ന പദ്ധതിയും ഉണ്ണികൃഷ്ണന് പോറ്റി ഏറ്റെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കായംകുളം കണ്ണമ്പള്ളിയിലാണ് രണ്ട് പേര്‍ക്ക് വീടുവെച്ചു കൊടുത്തത്. ബംഗളൂരുവിലെ പേര് വെളിപ്പെടുത്താത്ത രണ്ട് അയ്യപ്പ ഭക്തരായിരുന്നു സാമ്പത്തികസഹായം നല്‍കിയത്.
യു. പ്രതിഭ എം.എൽ.എ , ദേവസ്വം ബോര്‍ഡംഗം എ. അജികുമാര്‍ എന്നിവരാണ് താക്കോല്‍ദാനം നടത്തിയത്. 2019 ജൂലൈ 20ന് സന്നിധാനത്തുനിന്ന് കൊണ്ടുപോയ പാളികള്‍ ആഗസ്റ്റ് 29നാണ് സ്വര്‍ണം പൂശല്‍ നടത്തേണ്ട ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചത്. ഒരു മാസവും ഒമ്പത് ദിവസവും ഇവ എവിടെയായിരുന്നുവെന്നതിന് ഒരു രേഖയുമില്ല.

