എൻ.എസ്.എസ് നിലപാട് ‘ശരിദൂര’ത്തിലെത്തിക്കാൻ കോൺഗ്രസ് അനുനയം
text_fieldsതിരുവനന്തപുരം: അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിന്റെ ചാഞ്ചാട്ടം സൃഷ്ടിച്ച അസ്വസ്ഥകൾ മറികടക്കാൻ അനുനയനീക്കവുമായി യു.ഡി.എഫ്. സമദൂരമെന്ന് ആവർത്തിക്കുമ്പോഴും കാലാകാലങ്ങളിൽ യു.ഡി.എഫ് അനുകൂലമെന്നതായിരുന്നു എൻ.എസ്.എസിന്റെ രാഷ്ട്രീയമായ ശരിദൂരം.
എൻ.എസ്.എസിന് രാഷ്ട്രീമില്ലെന്നും അംഗങ്ങൾക്ക് ആകാമെന്നും 1964ൽ പ്രമേയം പാസാക്കിയതുമുതൽ രാഷ്ട്രീയ ഇടപെടലുകളിൽ കോൺഗ്രസിനും മുന്നണിക്കും അതിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ സൗഹാദപരമായിരിക്കെയാണ് തെരഞ്ഞെടുപ്പുകളുടെ പടിവാതിലിൽ നിൽക്കെയുള്ള അപ്രതീക്ഷിത ചുവടുമാറ്റം. ഈ സാഹചര്യത്തിലാണ് അനുനയത്തിനുള്ള ശ്രമം. ആവശ്യമെങ്കിൽ ദേശീയ നേതാക്കളെ രംഗത്തിറക്കാനും ആലോചനയുണ്ട്.
എൻ.എസ്.എസ് നേതൃത്വത്തിൽ 1973ലാണ് നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി) രൂപംകൊണ്ടത്. അച്യുതമേനോന് സര്‍ക്കാറിന്റെ കാലത്ത് വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ എന്‍.എസ്.എസിന് പരിഗണന കിട്ടുന്നില്ലെന്ന പരാതിയാണ് രാഷ്ട്രീയ പാർട്ടി രൂപവത്കരണത്തിലേക്കെത്തിച്ചത്. 1977ല്‍ കോൺഗ്രസും സി.പി.ഐയും ഉള്‍പ്പെട്ട മുന്നണിക്കൊപ്പം തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അഞ്ചിടത്ത് വിജയിച്ചു. മന്ത്രിസഭാ പങ്കാളിത്തത്തിൽ ആദ്യം വിട്ടുനിന്ന എൻ.ഡി.പി, ഭരണമുന്നണിയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ സി.എച്ച്. മുഹമ്മദ് കോയ കാവൽ മുഖ്യമന്ത്രിയായ ഘട്ടത്തിൽ മന്ത്രിസഭയിലെത്തി. രണ്ട് മാസമേ കാലാവധി കിട്ടിയുള്ളൂവെങ്കിലും എട്ട് വകുപ്പുകളാണ് അന്ന് എൻ.ഡി.പി മന്ത്രി എൻ. ഭാസ്കരന് ലഭിച്ചത്.
പിന്നീട് വന്ന യു.ഡി.എഫ് മന്ത്രിസഭകളില്‍ ആര്. സുന്ദരേശന് നായര്‍, കെ.ജി.ആര്. കര്‍ത്ത, കെ.പി. രാമചന്ദ്രന് നായര്‍, ആര്. രാമചന്ദ്രന് നായര്‍ എന്നിവര്‍ മന്ത്രിമാരായി. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് എന്‍.ഡി.പി യു.ഡി.എഫ് വിട്ടത്. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ചങ്ങനാശ്ശേരി സന്ദര്‍ശനത്തില്‍ മന്നം സമാധിയോട് അനാദരവ് കാട്ടിയെന്നതായിരുന്നു പെട്ടെന്നുള്ള കാരണം.
ആ നിയമസഭയില്‍ ഒരു മന്ത്രിയടക്കം രണ്ട് പ്രതിനിധികളാണ് ഉണ്ടായിരുന്നത്. അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ സ്വന്തം മന്ത്രി ആര്. രാമചന്ദ്രന് നായരെ പുറത്താക്കാന്‍ എന്‍.ഡി.പിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടേണ്ടിവന്നതും ഇതേ കാലത്താണ്. പിന്നീട് പാർട്ടി പിരിച്ചുവിടുന്നതിലേക്കും കാര്യങ്ങളെത്തി. ശേഷമാണ് സമദൂരമെന്ന രാഷ്ട്രീയ സമീപനത്തിലേക്ക് എൻ.എസ്.എസ് എത്തിയത്.

