അയ്യപ്പ സംഗമം; സർക്കാറും സി.പി.എമ്മും വിജയം അവകാശപ്പെടുന്നു,വിവാദത്തിന് അറുതിയില്ല
text_fieldsതിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയവിജയമെന്ന് സർക്കാറും സി.പി.എമ്മും വിലയിരുത്തുമ്പോൾതന്നെ, ആളില്ലാക്കസേരകൾ ചൂണ്ടിക്കാട്ടി തുടങ്ങിയ വിവാദം മറ്റു വിഷയങ്ങളിലേക്കും പടരുന്നു. പ്രതീക്ഷിച്ചത്ര ഭക്തരെത്തിയില്ല എന്നതിനപ്പുറം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസാസന്ദേശം മന്ത്രി വി.എൻ. വാസവൻ വായിച്ചതും ന്യൂനപക്ഷവിരുദ്ധ പ്രസ്താവനയിലൂടെ വിമർശനം നേരിടുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അമിത പരിഗണന നൽകിയതുമാണ് ചോദ്യംചെയ്യപ്പെടുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ വെള്ളാപ്പള്ളി സംഗമവേദിയിലെത്തിയതും വിമർശനത്തിനിടയാക്കി. സംഗമത്തിനെതിരെ എതിർപ്പുയർത്തിയ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ലക്ഷ്യമിട്ടാണ് യോഗിയുടെ ആശംസ വായിച്ചതെങ്കിലും ഇതിനെതിരെ സി.പി.എമ്മിൽനിന്നാണ് മുറുമുറുപ്പേറെയും. ‘ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുക’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു സംഗമമെങ്കിലും പാർട്ടിയിൽനിന്ന് അകന്ന ഈഴവരടക്കം വിശ്വാസിസമൂഹത്തെ തിരിച്ചെത്തിക്കുക, ഭൂരിപക്ഷത്തെ അവഗണിച്ച് ന്യൂനപക്ഷ അവകാശങ്ങൾക്കായാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്ന സംഘപരിവാർ പ്രചാരണത്തിന്റെ മുനയൊടിക്കുക, ശബരിമല യുവതീപ്രവേശനത്തിലെ സർക്കാറിന്റെ ‘തിരുത്ത്’ ഭക്തരെ ബോധ്യപ്പെടുത്തുക എന്നിവയടക്കമാണ് സി.പി.എം ലക്ഷ്യമിട്ടത്. ഇക്കാര്യങ്ങളിൽ അയ്യപ്പ സംഗമം പാർട്ടിക്കും സർക്കാറിനും എത്രമാത്രം ഗുണം ചെയ്തെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം.
പ്രതിപക്ഷവും ബി.ജെ.പിയും എതിർത്ത സംഗമത്തിൽ എസ്.എൻ.ഡി.പി, എൻ.എസ്.എസ്, കെ.പി.എം.എസ് പ്രാതിനിധ്യം ഉറപ്പാക്കാനായത് നേട്ടമാണ്. വിശ്വാസിസമൂഹത്തെ ചേർത്തുപിടിച്ചാകും മുന്നോട്ടുപോവുകയെന്ന സന്ദേശം നൽകാനുമായി. പ്രതീക്ഷിച്ച ആളെത്താത്തതോടെ ഭക്തർതന്നെ സംഗമത്തെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയനീക്കമായി വിലയിരുത്തിയോ എന്ന ചോദ്യം ഉയരുന്നുണ്ട്. സംഗമത്തിലെ ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ പരാജയം ജനങ്ങളെ ബോധ്യപ്പെടുത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ദേവസ്വം ജീവനക്കാരും സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മാത്രമേ എത്തിയുള്ളൂവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും കുറ്റപ്പെടുത്തി. അതേസമയം സംഗമം ലോകപ്രശസ്ത വിജയമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

