വയനാട് ചീരാലിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ച പുലി കൂട്ടിലായി; കുടുങ്ങിയത് രണ്ട് വയസുള്ള ആൺപുലി
text_fieldsവയനാട് ചീരാലിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച പുലി വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയപ്പോൾ
സുൽത്താൻ ബത്തേരി: വയനാട് ചീരാൽ പുളിഞ്ചാലിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ച പുലി കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ രാത്രി പുലി കുടുങ്ങിയത്. രണ്ട് വയസുള്ള ആൺപുലിയാണ് കൂട്ടിൽ കുടുങ്ങിയതെന്ന് പ്രാഥമിക നിഗമനം.
തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ചീരാലിൽ പുലിയും കരടിയും ഇറങ്ങുന്ന സ്ഥലമാണ്. വന്യമൃഗങ്ങൾ ചീരാലിലും സമീപ പ്രദേശങ്ങളിലും വളർത്തു മൃഗങ്ങളെ പിടികൂടുന്നത് സർവസാധാരണമാണ്. ഇത് വനം വകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധിക്കുന്നതിന് വഴിവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുളിഞ്ചാലിൽ ഒൻപത് മാസം പ്രായമുള്ള പശുക്കിടാവിനെ പുലി കൊന്നിരുന്നു. കാടംതൊടി സെയ്താലിയുടെ വീട്ടുവളപ്പിലെ തൊഴുത്തിന് സമീപത്താണ് ചൊവ്വാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്. രാവിലെ പശുവിനെ കറന്ന ശേഷം പുല്ല് നൽകാനായി തൊഴുത്തിലെത്തിയപ്പോഴാണ് സെയ്താലിയും കുടുംബവും പശുക്കിടാവിനെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് പുലി പിടികൂടാനായി പശുക്കിടാവിനെ കൊന്നുതിന്ന പുളിഞ്ചാലിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചത്. കരിങ്കാളികുന്നിൽ പുലി ശല്യത്തെ തുത്തുടർന്ന് മുമ്പ് സ്ഥാപിച്ച കൂട് പുളിഞ്ചാലിലേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടാത്. വന്യമൃഗശല്യം തുടരുന്ന ചീരാൽ മേഖലയിൽ നിലവിൽ ആകെ മൂന്ന് കൂടുകളാണുള്ളത്.
കഴിഞ്ഞ കുറേ മാസങ്ങളായി ചീരാലിലും പരിസരപ്രദേശങ്ങളിലും വന്യജീവി ആക്രമണം തുടർക്കഥയാവുകയാണ്. ചൊവ്വാഴ്ച ചീരാൽ ടൗണിന് സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച കൊഴുവണയിലും സമാനമായ രീതിയിൽ പുലിയുടെ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനിടെ ഈസ്റ്റ് ചീരാൽ ഭാഗത്ത് കരടി ശല്യവും രൂക്ഷമാണ്. തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

