മുഖ്യമന്ത്രി പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കും; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സിദ്ധരാമയ്യ
text_fieldsബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ. കർണാടക മുഖ്യമന്ത്രിുടെ കാലാവധിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നവംബറിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകൊടുക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കുറച്ച് നാളായി നിലനിൽക്കുന്നുണ്ട്.
കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിയിലെ ചില നേതാക്കൾ നവംബറിൽ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞിരുന്നു. മുൻ കോൺഗ്രസ് എം.പി എൽ.ആർ. ശിവരാമ ഗൗഡയുടെ പരസ്യമായ പരാമർശം ഇടക്കാല നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ ഇപ്പോൾ വിഷയത്തിൽ നേരിട്ട് വ്യക്തത വരുത്തിയിരിക്കുകയാണ് സിദ്ധരാമയ്യ.
പ്രശസ്തമായ ദസറ ആഘോഷത്തിൽ പങ്കെടുക്കാൻ മൈസൂരുവുലെത്തിയപ്പോഴാണ് പ്രതികരണം. 'അഞ്ച് വർഷം മുഴുവൻ ഞാൻ മുഖ്യമന്ത്രിയായിരിക്കും. എന്നാലും പാർട്ടി നേതൃത്വത്തിന്റെ ഏത് തീരുമാനവും താൻ തുറന്ന മനസ്സോടെ അംഗീകരിക്കും'- അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും അത് അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞാന്‍ രണ്ടാം തവണ മുഖ്യമന്ത്രിയാകില്ലെന്ന് ആളുകള്‍ പ്രവചിച്ചിരുന്നു. പക്ഷെ ഞാന്‍ മുഖ്യമന്ത്രിയായി. എന്റെ കാറില്‍ കാക്ക ഇരുന്നത് ദുശ്ശകുനമാണെന്നും ഞാന്‍ മുഖ്യമന്ത്രിയായി തുടരില്ലെന്നും പലരും പറഞ്ഞു. ഞാന്‍ ബജറ്റ് അവതരിപ്പിക്കില്ലെന്നും പറഞ്ഞു. പക്ഷെ ഞാന്‍ അതും ചെയ്തു. രണ്ടരവര്‍ഷം പൂര്‍ത്തിയാക്കി. ഇനി രണ്ടര വര്‍ഷം കൂടിയുണ്ട്. ഇനിയും രണ്ടരവര്‍ഷം കൂടി അധികാരത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.കെ. ശിവകുമാറിന്റെ നേതൃത്വ സാധ്യതകളെ പരസ്യമായി പിന്തുണച്ച് കോണ്‍ഗ്രസ് എം.എല്‍.എ ഡോ. രംഗനാഥും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് സിദ്ധരാമയ്യയുടെ പരാമര്‍ശം. ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാവണമെന്ന ആവശ്യം നിരവധി എം.എൽ.എമാര്‍ ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്.
2023ൽ കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൽ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും മുഖ്യമന്ത്രി പദവിക്കായി ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്ന് രണ്ടര വർഷത്തിന് ശേഷം നേതൃമാറ്റം നടത്താം എന്ന വ്യവസ്ഥയിലാണ് സിദ്ധരാമയ്യ നേതൃസ്ഥാനത്ത് എത്തിയത്.

