ജി.എസ്.ടി; സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരമില്ല
text_fieldsന്യൂഡൽഹി: ചരക്കു സേവനനികുതി (ജി.എസ്.ടി) രണ്ട് സ്ലാബുകളിലേക്കാക്കി പരിഷ്കരിക്കുന്നതുമൂലം തങ്ങൾക്കുണ്ടാകുന്ന വൻതോതിലുള്ള വരുമാനക്കുറവിന് നഷ്ടപരിഹാരം അനുവദിക്കണമെന്ന കേരളം അടക്കമുള്ള എട്ട് സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി.
നികുതി കുറക്കുന്നതുമൂലം ഉപഭോഗം കൂടുമെന്നും അതോടെ വരുമാനനഷ്ടമൊന്നും സംസ്ഥാനങ്ങൾക്കുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നഷ്ടപരിഹാര ആവശ്യം തള്ളിയത്. നിയമവിധേയമായ ചൂതാട്ടത്തിന്റെ ഗണത്തിൽപെടുത്തി പേപ്പർ ലോട്ടറിയുടെ നികുതി 28 ശതമാനത്തിൽനിന്ന് 40 ശതമാനമാക്കി വർധിപ്പിക്കുന്നതിനെതിരെ കേരളവും പശ്ചിമ ബംഗാളും ഉന്നയിച്ച എതിർപ്പും കേന്ദ്രം തള്ളി.
ജി.എസ്.ടി പരിഷ്കരണത്തെതുടർന്ന് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനനഷ്ടം വകവെച്ചുകിട്ടണമെന്നും അതിനായി നഷ്ടപരിഹാര സെസ് ഏർപ്പെടുത്തിയാൽ മതിയെന്നുമുള്ള നിർദേശം ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിന് പുറമെ, കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ഡി.എം.കെ ഭരിക്കുന്ന തമിഴ്നാടും തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളും ആം ആദ്മി പാർട്ടിയുടെ സർക്കാറുള്ള പഞ്ചാബുമാണ് ശക്തമായി ഉന്നയിച്ചതെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ന്യൂഡൽഹിയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇത് വഴിയുണ്ടാകുന്ന വരുമാനനഷ്ടം നികത്താൻ മുമ്പ് ജി.എസ്.ടി നടപ്പാക്കിയപ്പോൾ ചെയ്തതുപോലെ നഷ്ടപരിഹാര സെസ് ഏർപ്പെടുത്തി സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ധനമന്ത്രിമാർ ആവശ്യപ്പെട്ടത്. ഇതേ ചൊല്ലിയുള്ള തർക്കമാണ് ജി.എസ്.ടി യോഗത്തിന്റെ കൂടുതൽ സമയവും അപഹരിച്ചതെന്ന് ബാലഗോപാൽ പറഞ്ഞു.
എന്നാൽ, രണ്ട് ദിവസം നടക്കുമെന്ന് പറഞ്ഞിരുന്ന യോഗം ഒറ്റദിവസമായി വെട്ടിച്ചുരുക്കി രാത്രി പൊടുന്നനെയായിരുന്നു പ്രഖ്യാപനം. ധനമന്ത്രി നിർമല സീതാരാമൻ ഏകപക്ഷീയമായി പ്രഖ്യാപനം നടത്തിയപ്പോൾ തലക്കടിയേറ്റ അവസ്ഥയിലായി സംസ്ഥാനങ്ങളെന്ന് ബാലഗോപാൽ പറഞ്ഞു. നികുതി കുറക്കുന്നതോടെ ഉപഭോഗം കൂടുമെന്ന ന്യായത്തിൽ ഉറച്ചുനിൽക്കുകയാണ് നിർമല സീതാരാമൻ ചെയ്തത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ പരസ്യമായി ഈ ആവശ്യമുന്നയിച്ചിട്ടില്ലെങ്കിലും നഷ്ടപരിഹാരം വേണമെന്ന അഭിപ്രായത്തിലായിരുന്നുവെന്നും ബാലഗോപാൽ പറഞ്ഞു.
നിലവിൽ നഷ്ടപരിഹാര സെസ് വാങ്ങിയുണ്ടാക്കുന്ന 1,80,000 കോടിയിൽനിന്നാണ് സംസ്ഥാനങ്ങൾക്ക് പഴയ ജി.എസ്.ടി നഷ്ടപരിഹാരം നൽകിക്കൊണ്ടിരുന്നത്. സെസല്ലാതെ ആ തുക മറ്റൊരു നിലക്ക് കേന്ദ്രം ഇനി സ്വന്തമാക്കുമെന്നും ബാലഗോപാൽ പറഞ്ഞു. പശ്ചിമ ബംഗാളിലും പേപ്പർ ലോട്ടറി ഉണ്ടെങ്കിലും സർക്കാർ ലോട്ടറി നടത്തുന്നത് കേരളത്തിൽ മാത്രമാണെന്നും അത് രണ്ടുലക്ഷം പേരുടെ തൊഴിൽ മേഖലയാണെന്നും അതിനാൽ അത്യാഢംബര, അനഭിലഷണീയ ഇനങ്ങൾക്കെന്നപോലെ 40 ശതമാനം നികുതി ഏർപ്പെടുത്തരുതെന്നായിരുന്നു ആവശ്യപ്പെട്ടതെന്ന് ബാലഗോപാൽ പറഞ്ഞു.
ഏകപക്ഷീയമായ രീതിയോട് വിയോജിപ്പുണ്ടെങ്കിലും പരിഷ്കരണത്തിലൂടെ നികുതി ഇളവ് നൽകുന്നതിനോട് കേരളത്തിനും യോജിപ്പാണെന്ന് ബാലഗോപാൽ വ്യക്തമാക്കി. എന്നാൽ, നികുതി കുറക്കുന്നതിന്റെ നേട്ടം സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തണം. ഇതാണ് കേരളത്തിന്റെ ആവശ്യം. അതല്ലാതെ വില കൂട്ടി ഉൽപന്നം വിറ്റ് നികുതിയിളവിന്റെ സാമ്പത്തിക നേട്ടമെല്ലാം കോർപറേറ്റുകളും കമ്പനികളും കൊണ്ടുപോകുന്ന സാഹചര്യമുണ്ടാകരുതെന്നും ബാലഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

