സുബിൻ ഗാർഗിന്‍റെ മരണം; ബാന്‍റംഗവും സഹ ഗായികയും അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം ഇതോടെ 4 ആയി
text_fieldsഗായകൻ സുബിൻ ഗാർഗിന്‍റെ മരണത്തിൽ ബാന്‍റംഗം ശേഖർ ജ്യോതി ഗ്വാസാമിയും സഹ ഗായിക അമൃത്പർവ മഹന്തയും അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 4 ആയി.
സെപ്റ്റംബർ 19ന് സിങ്കപ്പൂരിൽ നടന്ന പാർട്ടിയിൽ ഗ്വാസ്വാമിയും മഹന്തയും ഗാർഗിന്‍റെ ഒപ്പമുണ്ടായിരുന്നു. അന്വേഷണത്തിൽ ഗ്വാസ്വാമി സുബിൻ ഗാർഗിനു സമീപത്ത് നീന്തുന്നതും മഹന്ത മുങ്ങിത്താഴുന്നതടക്കം തന്‍റെ ഫോണിൽ റെക്കോഡ് ചെയ്യുന്നതുമായ ദൃശ്യങ്ങൾ എസ്.ഐ.ടിക്ക് ലഭിച്ചു. കഴിഞ്ഞ 6 ദിവസമായി ഇരുവരെയും ചോദ്യം ചെയ്തു വരികയായിരുന്നു.
സുബിന്‍റെ മാനേജർ സിദ്ധാർഥ് ശർമയും നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മാനേജർ ശ്യാംകനു മഹന്തയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവർക്കെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, മനപൂർവമല്ലാത്ത നരഹത്യ എന്നിവ ചുമത്തി.
കൂടുതൽ വിവരങ്ങള്‍ ഇപ്പോൾ പറയാനാകില്ലെന്നും ഭാരതീയ നീതി ന്യായ സംഹിതയിലെ സെക്ഷൻ 103 പ്രകാരമാണ് നിലവിൽ കേസെടുത്തിട്ടുള്ളതെന്നും അന്വേഷണോദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണത്തിൽ പൂർണ വിശ്വാസം ഉണ്ടെന്നും അന്ന് എന്താണ് സംഭവിച്ചതെന്നും ആരാണ് കുറ്റക്കാരെന്നും ഉടൻ അറിയാൻ കഴിയുമെന്നും ഗായകന്‍റെ ഭാര്യ ഗരിമ ഗാർഗ് മാധ്യമങ്ങളോട് പറഞ്ഞു. സിങ്കപ്പൂരിലെത്തി തെളിവുകൾ ശേഖരിക്കുന്നതിനായി അനുമതിക്കായി കാത്തിരിക്കുകയാണ് നിലവിൽ എസ്.ഐ.ടി.

