51 കിലോമീറ്റർ ദൂരം, 48 തുരങ്ക പാതകൾ, ഖുത്തബ് മിനാറിനെക്കാൾ 42 മീറ്റർ ഉയരം കൂടിയ പാലം; മിസോറാമിനെ ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ ആദ്യ രാജധാനി ഓടി
text_fieldsഐസ്വാൾ: 8071 കോടി രൂപ ചെലവിൽ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിനെ രാജ്യ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ റെയിൽവേ മേൽപാലമുൾപ്പെടുന്ന റെയിൽവേ ലൈനും മിസോറാമിൽ നിന്നുള്ള അദ്യത്തെ രാജധാനി എക്സ്പ്രസും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
51 കിലോമീറ്റർ നീളമുള്ള സായിരംഗ്-ബൈറാബി റെയിൽപാതയാണ് ഉദ്ഘാടനം ചെയ്തത്. ഖുത്തബ് മിനാറിനെക്കാൾ 42 മീറ്റർ ഉയരം കുടുതലുള്ള രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ഉയരം കുടിയ വലിയ പാലമാണ് വൻ മലനിരകളാൽ ഒറ്റപ്പെടു കിടന്ന മിസോറാമിന്റെ മേഖലകളെ രാജ്യത്തെ മറ്റ് റെയിൽവെ പാതകളുമായി കൂട്ടിയിണക്കുന്നത്.
48 തുരങ്കങ്ങൾ താണ്ടിയാണ് 51 കിലോമീറ്റർ ദൂരം ട്രെയിൻ പായുന്നത്. നേരത്തേ ഐസ്വാളിൽ നിന്ന് പുറത്തേക്ക് പോകണമെങ്കിൽ ഒന്നുകിൽ വിമാനത്തിൽ പോകണം, അല്ലെങ്കിൽ അസ്സമിലെ സിൽച്ചർ വഴി ദീർഘയാത്ര ചെയ്യണം.
റെയിൽവേ വന്നതോടെ ഗുവാഹത്തിയിലേക്കുള്ള യാത്ര 18 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറഞ്ഞു. സിൽച്ചാറിലേക്ക് ഏഴ് മണിക്കൂറിൽ നിന്ന് മൂന്നായി കുറയും.
ഇവിടെ നിന്ന് മ്യാൻമറിന്റെ അതിർത്തി വരെ പോകുന്ന മാംഗ്ബുച്ചു വരെ പുതിയ റെയിൽപാത നിർമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒപ്പം സായിരംഗ്-ഗുവാഹത്തി ടെയിനും സായിരംഗ്-കൊൽക്കത്ത ട്രെയിൻ സർവിസും ഉദ്ഘാടനം ചെയ്തു.
മിസോറാമിലെ കർഷകർക്കും വ്യവസായികൾക്കും രാജ്യതലസ്ഥാനവുമായുള്ള വ്യാപാര ബന്ധം വർധിപ്പിക്കാൻ കഴിയുന്നതാണ് റെയിൽവേ ലൈൻ. കൂടാതെ ആരോഗ്യം, തൊഴിൽ, ടൂറിസം മേഖലയ്ക്കും ഇത് ഗുണകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

